പേര് 'ഡി വോട്ടര്‍' പട്ടികയില്‍; മകന് വോട്ടിടാന്‍ കഴിയാതെ 64കാരി
1997മുതലാണ് രാജ്യത്ത് ഡി വോട്ടര്‍ പട്ടിക നിലവിലുള്ളത്. പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ കൃത്യമായി നല്‍കാന്‍ സാധിക്കാത്തവരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പോള്‍ പാനലാണ്. എന്നാല്‍ തന്‍റെ അമ്മയുടെ പേര് ഡി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ആരാണ് എന്നത് സംബന്ധിച്ച് സര്‍ക്കാരിന് രേഖകളില്ലെന്നാണ് മകന്‍ വിശദമാക്കുന്നത്
മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു 64കാരിയായ അസം സ്വദേശിനിക്ക് ഈ തെരഞ്ഞെടുപ്പ്. അസമിലെ ജാനിയ നിയോജക മണ്ഡലത്തില്‍ നിന്ന് മകന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുവെന്ന പ്രത്യേകതയാണ് ഈ തെരഞ്ഞെടുപ്പിനുണ്ടായിരുന്നത്. ഏറെ പ്രതീക്ഷകളോടെയാണ് തഹാമിനാ ഖാട്ടൂന്‍ പോളിംഗ് ബൂത്തിലെത്തിയത്. എന്നാല്‍ വോട്ട് രേഖപ്പെടുത്താന്‍ തഹാമിനാ ഖാട്ടൂനിന് സാധിച്ചില്ല. സംശയകരമായ വോട്ടര്‍(ഡി-വോട്ടര്‍) എന്ന വിഭാഗത്തില്‍ തഹാമിനാ ഖാട്ടൂനിനെ ഉള്‍പ്പെടുത്തിയതാണ് വോട്ട് ചെയ്യുന്ന ചെയ്യുന്നതില്‍ വെല്ലുവിളിയായത്.
അസമിലെ ബാര്‍പേട്ട ജില്ലയിലെ ഭെരാഗോണ്‍ ഗ്രാമനിവാസിയാണ് ഇവര്‍. ഏപ്രില്‍ ആറിനാണ് മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായാണ് ഇവിടെ പോളിംഗ് നടന്നത്. അമ്മയ്ക്ക് തനിക്കായി വോട്ട് ചെയ്യാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ടെന്നാണ് മകനും മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ഫറൂഖ് ഖാന്‍ പറയുന്നത്. പൗരത്വം തെളിയിക്കാനുള്ള വ്യക്തമായ രേഖകള്‍ കയ്യിലില്ലാത്ത വ്യക്തികളെയാണ് ഡി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. 1997മുതലാണ് രാജ്യത്ത് ഡി വോട്ടര്‍ പട്ടിക നിലവിലുള്ളത്. പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ കൃത്യമായി നല്‍കാന്‍ സാധിക്കാത്തവരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പോള്‍ പാനലാണ്.
എന്നാല്‍ തന്‍റെ അമ്മയുടെ പേര് ഡി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ആരാണ് എന്നത് സംബന്ധിച്ച് സര്‍ക്കാരിന് രേഖകളില്ലെന്നാണ് ഫറൂഖ് ഖാന്‍ വാദിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും വ്യക്തമല്ല. വിവരാവകാശ നിയമപ്രകാരം ഈ പട്ടികയില്‍ ഉള്‍പ്പെട്ടതിന്‍റെ കാരണം തിരക്കിയപ്പോള്‍ കിട്ടിയ മറുപടിയാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും ഫറൂഖ് ഖാന്‍ വിശദമാക്കുന്നു. തങ്ങളുടെ ഗ്രാമത്തില്‍ 110 പേരെയാണ് ഇത്തരത്തില്‍ ഡി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 23 വര്‍ഷമായി ഇതേ അവസ്ഥയാണെന്നും ഫറൂഖ് ഖാന്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകള്‍ അനുസരിച്ച് അസമില്‍ 108596 ഡി വോട്ടര്‍മാരാണുള്ളത്.