റിങില്‍ യുഗാന്ത്യം; ഡബ്ല്യൂഡബ്ല്യൂഇയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജോണ്‍ സീന, അവസാന അങ്കം 2025ല്‍

ഡബ്ല്യൂഡബ്ല്യൂഇ ചരിത്രത്തിലെ ഏറ്റവും പ്രശസ്‌തനായ താരങ്ങളിലൊരാളായാണ് ജോണ്‍ സീന വിലയിരുത്തപ്പെടുന്നത്

WWE Legend John Cena Announces Retirement

ടോറോണ്ടോ: വേള്‍ഡ് റെസ്‌ലിംഗ് എന്‍റര്‍ടെയ്‌ന്‍മെന്‍റ് (ഡബ്ല്യൂഡബ്ല്യൂഇ) ഇതിഹാസം ജോണ്‍ സീന 2025ല്‍ വിരമിക്കും. പ്രൊഫഷണല്‍ റെസ്‌ലിംഗ് അടുത്ത വര്‍ഷത്തോടെ അവസാനിപ്പിക്കുമെന്ന് കാനഡയിലെ മണി ഇന്‍ ദി ബാങ്ക് പരിപാടിക്കിടെയാണ് ഹോളിവുഡ് നടന്‍ കൂടിയായ ജോണ്‍ സീന പ്രഖ്യാപിച്ചത്. നിലവില്‍ 47 വയസുണ്ട് ജോണ്‍ സീനയ്ക്ക്. 

ഡബ്ല്യൂഡബ്ല്യൂഇ ചരിത്രത്തിലെ ഏറ്റവും പ്രശസ്‌തനായ താരങ്ങളിലൊരാളായാണ് ജോണ്‍ സീന വിലയിരുത്തപ്പെടുന്നത്. 2001ലാണ് സീന ഡബ്ല്യൂഡബ്ല്യൂഇയുമായി കരാറിലെത്തിയത്. 2002 മുതല്‍ സ്‌മാക്ക്‌ഡൗണിന്‍റെ ഭാഗമാണ്. 2005ല്‍ ആദ്യമായി ഡബ്ല്യൂഡബ്ല്യൂഇ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 16 തവണ ലോക ചാമ്പ്യനായി. ഡബ്ല്യൂഡബ്ല്യൂഇ ചാമ്പ്യന്‍ഷിപ്പ് 13 വട്ടവും ഹെവി‌വെയ്റ്റ് കിരീടം മൂന്ന് തവണയും നേടി. അഞ്ച് തവണ ഡബ്ല്യൂഡബ്ല്യൂഇ യുണൈറ്റഡ് സ്റ്റേറ്റ്സ് ചാമ്പ്യനും രണ്ട് തവണ വീതം ഡബ്ല്യൂഡബ്ല്യൂഇ ടാഗ്‌ ടീം ചാമ്പ്യനും വേള്‍ഡ് ടാഗ് ടീം ചാമ്പ്യനുമായി. ഇതിന് പുറമെ രണ്ടുവട്ടം റോയല്‍ റമ്പിളും ഒരു തവണ മണി ഇന്‍ ദി ബാങ്കും ജോണ്‍ സീന സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സീനയ്ക്ക് അത്ര മികച്ചതായിരുന്നില്ല. 2017ലാണ് അവസാനമായി റെസല്‍മാനിയ ജേതാവായത്.

2006ലാണ് നടനായി ജോണ്‍ സീന അരങ്ങേറ്റം കുറിച്ചത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9 അടക്കം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. സിനിമാ- ടെലിവിഷന്‍ ഷോ തിരക്കുകളെ തുടര്‍ന്ന് ജോണ്‍ സീന 2018 മുതല്‍ ഭാഗികമായാണ് ഡബ്ല്യൂഡബ്ല്യൂഇയുടെ ഭാഗമായിരിക്കുന്നത്. 2025ലെ റോയല്‍ റമ്പിള്‍, എലിമിനേഷന്‍ ചേമ്പര്‍, ലാസ് വെഗാസ് വേദിയാവുന്ന റെസല്‍മാനിയ 41 എന്നിവയായിരിക്കും ആയിരിക്കും ഡബ്ല്യൂഡബ്ല്യൂഇയില്‍ ജോണ്‍ സീനയുടെ അവസാന മത്സരങ്ങള്‍. ദി റോക്ക്, ട്രിപ്പിള്‍ എച്ച്, റാണ്ടി ഓര്‍ട്ടന്‍ തുടങ്ങി നിരവധി താരങ്ങളുമായുള്ള സീനയുടെ റിങിലെ വൈരം ശ്രദ്ധേയമായിരുന്നു.  

Read more: എം എസ് ധോണിക്ക് ഇന്ന് നാല്‍പ്പത്തിമൂന്നാം പിറന്നാള്‍; ആഘോഷത്തിമിര്‍പ്പില്‍ 'തല' ഫാന്‍സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

Latest Videos
Follow Us:
Download App:
  • android
  • ios