'ഫെഡറേഷൻ അധ്യക്ഷനായ ബിജെപി എംപിയടക്കമുള്ളവർ വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തു'; പൊട്ടിത്തെറിച്ച് താരങ്ങൾ
ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണും പരിശീലകരുമടക്കമുള്ളവർ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് ആരോപണം. ബ്രിജ് ഭൂഷൺ ശരൺസിംഗ് ഉത്തർപ്രദേശിലെ കൈസർഗഞ്ച് നിന്നുള്ള ബി ജെ പി എംപിയാണ്
ദില്ലി: റസ്ളിങ്ങ് ഫെഡറേഷനെതിരെ ലൈംഗിക ചൂഷണമടക്കമുള്ള ഗുരുതരാരോപണങ്ങളുയർത്തി താരങ്ങൾ രംഗത്ത്. ബി ജെ പി എംപിയും ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷണും പരിശീലകരടക്കമുള്ളവരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നതടക്കമുള്ള ആരോപണങ്ങളുയർത്തി ഒളിമ്പിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്, വിനേഷ് ഫോഗത്, ബജരംഗ് പുനിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റസ്ലിംഗ് താരങ്ങൾ രംഗത്തെത്തിയത്. ഫെഡറേഷൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഫെഡറേഷന്‍റെ ഭാഗത്ത് നിന്നും അപായപ്പെടുത്തുമെന്ന് വരെ ഭീഷണി ഉണ്ടായെന്നും താരങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വനിതാ കായിക താരങ്ങൾ ചൂഷണം നേരിട്ടു എന്ന് പറഞ്ഞ വിനേഷ് ഫോഗത്, പരിശീലന ക്യാമ്പിൽ പെൺകുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു എന്നും വിവരിച്ചു. ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണും പരിശീലകരുമടക്കമുള്ളവർ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നും അവർ വിവരിച്ചു. ഫെഡറേഷൻ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺസിംഗ് ഉത്തർപ്രദേശിലെ കൈസർഗഞ്ച് നിന്നുള്ള ബി ജെ പി എംപിയാണ്.
കായികതാരങ്ങളുടെ സ്വകാര്യ ജീവിതത്തിൽ വരെ ഫെഡറേഷൻ ഇടപെടുന്നു എന്നും താരങ്ങൾ ആരോപിച്ചു. പരിശീലകർ മാനസികമായി പീഡിപ്പിച്ചുവെന്നും ഫെഡറേഷൻ അധ്യക്ഷനടക്കമുള്ളവർ ഇതിന് കുട്ടുനിൽക്കുകയാണെന്നും നീതി വേണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു. രാവിലെ ദില്ലിയിലെ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിച്ച ശേഷമാണ് താരങ്ങൾ വാർത്താ സമ്മേളനം നടത്തി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. പ്രശ്നങ്ങൾ പരിധി വിട്ടതോടെയാണ് പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നതെന്ന് ഒളിമ്പിക്സ് ജേതാവ് സാക്ഷി മാലിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറയുകയും ചെയ്തു. അതേസമയം ആരോപണങ്ങളോട് ബി ജെ പി എം പിയും ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺസിംഗ് വൈകുന്നേരം പ്രതികരിക്കുമെന്നാണ് വ്യക്തമാകുന്നത്.