ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പ്: എച്ച് എസ് പ്രണോയിയുടെ ജൈത്രയാത്രക്ക് അവസാനം
രണ്ടാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരം കെന്‍റോ മൊമോട്ടയെ അട്ടിമറിച്ച് കുതിച്ച എച്ച് എസ് പ്രണോയി പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ വീഴ്ത്തിയാണ് ക്വാര്‍ട്ടറിലെത്തിയത്
ടോക്കിയോ: ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ എച്ച് എസ് പ്രണോയിയുടെ ജൈത്രയാത്രക്ക് അന്ത്യം. ക്വാർട്ടറിൽ ചൈനയുടെ ജുൻപെങ്ങിനോട് മലയാളി താരം പൊരുതി തോറ്റു. 21-19, 6-21, 18-21 എന്ന സ്‌കോറിനാണ് പ്രണോയിയുടെ തോല്‍വി. എങ്കിലും പരിക്കിന് ശേഷമുള്ള വിസ്‌മയ തിരിച്ചുവരവില്‍ പ്രണോയിക്ക് അഭിമാനിക്കാം. അതേസമയം ഡബിൾസിൽ ജപ്പാൻ സഖ്യത്തെ തോൽപ്പിച്ച് ഇന്ത്യയുടെ സാത്വിക്-ചിരാഗ് ജോഡി സെമിയിലെത്തി.
രണ്ടാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരം കെന്‍റോ മൊമോട്ടയെ അട്ടിമറിച്ച് കുതിച്ച എച്ച് എസ് പ്രണോയി പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ വീഴ്ത്തിയാണ് ക്വാര്‍ട്ടറിലെത്തിയത്. ലക്ഷ്യക്കെതിരെ ആദ്യ ഗെയിം നഷ്ടമായ ശേഷമാണ് പ്രണോയി അവിശ്വസനീയ തീരിച്ചുവരവ് നടത്തിയത്. സ്കോര്‍ 17-21, 21-16, 21-17. കഴിഞ്ഞ വര്‍ഷത്തെ ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായിരുന്നു ലക്ഷ്യ സെന്‍.
പ്രണോയിക്ക് പ്രതീക്ഷയുടെ 2022
മലയാളി താരം എച്ച് എസ് പ്രണോയിക്ക് മോശമല്ലാത്ത വര്‍ഷമാണ് 2022. മാര്‍ച്ചില്‍ സ്വിസ് ഓപ്പണര്‍ സൂപ്പര്‍ 300 ഫൈനലിലെത്തിയ പ്രണോയി തോമസ് കപ്പില്‍ ആദ്യമായി ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ നിര്‍ണായകമായി. ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ 1000ലും സ്വപ്‌ന കുതിപ്പ് തുടര്‍ന്ന താരം സെമിയിലെത്തിയിരുന്നു. തോമസ് കപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ എച്ച് എസ് പ്രണോയിക്ക് പുറമെ മലയാളിയായി എം ആര്‍ അര്‍ജുനും ഉണ്ടായിരുന്നു.
വിഖ്യാതമായ തോമസ് കപ്പ് ബാഡ്‌മിന്‍റണില്‍ 14 വട്ടം ചാമ്പ്യന്‍മാരായ ഇന്തോനേഷ്യയെ തുരത്തി ടീം ഇന്ത്യ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കുകയായിരുന്നു. ഫൈനലില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ കിരീടം ഉറപ്പിച്ചത്. സിംഗിള്‍സില്‍ ലക്ഷ്യയും ശ്രീകാന്തും വിജയിച്ചപ്പോള്‍ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യം വിജയഭേരി മുഴക്കി. ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച് എസ് പ്രണോയി ആയിരുന്നു ഇന്ത്യയുടെ വിജയശില്‍പി. വിജയത്തിൽ പങ്കാളികളായതിൽ അഭിമാനമെന്ന് പ്രണോയിയും അര്‍ജുനും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.