ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: 8 മീറ്റർ കടന്നില്ല! എം ശ്രീശങ്കർ ഫൈനല്‍ കാണാതെ പുറത്ത്, ജെസ്‍വിന് യോഗ്യത

ഈ വർഷം മികച്ച ഫോമിലുള്ള മുരളി ശ്രീശങ്കർ 8 മീറ്റർ കടമ്പ കടക്കാതെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി

World Athletics Championships 2023 M Sreeshankar misses out long jump final Jeswin Aldrin qualified jje

ബുഡാപെസ്റ്റ്: 2023 ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ ലോംഗ്‍ ജംപില്‍ മലയാളിയായ എം ശ്രീശങ്കർ ഫൈനല്‍ കാണാതെ പുറത്ത്. 8 മീറ്റർ കടക്കാനാവാതെ പോയ താരം യോഗ്യതാ റൗണ്ടില്‍ 22-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 7.74m, 7.66m, 6.60m എന്നിങ്ങനെയായിരുന്നു ശ്രീശങ്കർ പിന്നിട്ട ദൂരം. കഴിഞ്ഞ ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ശ്രീശങ്കർ ഏഴാമത് ഫിനിഷ് ചെയ്തിരുന്നു. അതേസമയം ലോംഗ്‍ ജംപില്‍ ദേശീയ റെക്കോർഡിന് ഉടമയായ ജെസ്‍വിന്‍ അല്‍ഡ്രിന്‍ ആദ്യമായി ലോക കലാശപ്പോരിന് യോഗ്യത നേടി. തമിഴ്നാട് സ്വദേശിയാണ് ജെസ്‍വിന്‍. എന്നാല്‍ സീസണിലെ തന്‍റെ ഏറ്റവും മികച്ച പ്രകടനത്തിന് അടുത്തെത്താന്‍ ജെസ്‍വിനുമായില്ല. 

ലോക അത്‍ലറ്റിക്സ് മീറ്റില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ജെസ്‍വിന്‍ അല്‍ഡ്രിന്‍. പുരുഷന്‍മാരുടെ ലോംഗ് ജംപില്‍ 8 മീറ്റർ ദൂരം കണ്ടെത്തിയാണ് 21കാരനായ താരം ഫൈനലിന് യോഗ്യനായത്. അതേസമയം ഈ വർഷം മികച്ച ഫോമിലുള്ള മുരളി ശ്രീശങ്കർ 8 മീറ്റർ കടമ്പ കടക്കാതെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. മുപ്പത്തിയേഴ് താരങ്ങള്‍ മാറ്റുരച്ച യോഗ്യതാ റൗണ്ടില്‍ ജെസ്‍വിന്‍ അല്‍ഡ്രിന്‍ പന്ത്രണ്ടാമനായി ഫിനിഷ് ചെയ്തു. 12 താരങ്ങളാണ് ഫൈനലിന് ഇറങ്ങുക. 2023ല്‍ ബെല്ലാരിയില്‍ നടന്ന ഓപ്പണ്‍ കോംപറ്റീഷനില്‍ 8.42 മീറ്റർ ചാടി ദേശീയ റെക്കോർഡിട്ട ജെസ്‍വിനായിരുന്നു ഈ വർഷത്തെ ഏറ്റവും മികച്ച ദൂരവുമായി ലോക അത്‍ലറ്റിക്സില്‍ യോഗ്യതാ റൗണ്ടിന് ഇറങ്ങിയത്. ശ്രീശങ്കർ രണ്ടാമനും. എന്നാല്‍ വ്യക്തിഗത മികവിനോട് അടുക്കാന്‍ ജെസ്‍വിനുമായില്ല. 8 മീറ്ററുമായി ചാട്ടം തുടങ്ങിയ താരത്തിന്‍റെ പിന്നീടുള്ള മൂന്ന് ശ്രമവും ഫൗളായി. 8.54 മീറ്റർ ചാടി ജമൈക്കയുടെ വെയ്ന്‍ പിന്നോക്കാണ് യോഗ്യതാ റൗണ്ടില്‍ മുന്നിലെത്തിയത്. ഫൈനലില്‍ ജെസ്‍വിന് വലിയ ഭീഷണായാവും വെയ്ന്‍. 

ബാങ്കോക്കില്‍ നടന്ന ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നേടിയ വെള്ളിയടക്കമുള്ള പ്രകടനങ്ങളുടെ കരുത്തിലാണ് എം ശ്രീശങ്കർ ലോക അത്‍ലറ്റിക്സ് മീറ്റിനെത്തിയത്. ശ്രീശങ്കർ ബാങ്കോക്കില്‍ 8.37 മീറ്റർ ദൂരം താണ്ടിയിരുന്നു. ഈ പ്രകടനത്തോടെ 2024ലെ പാരീസ് ഒളിംപിക്സിന് യോഗ്യത നേടാന്‍ എം ശ്രീശങ്കറിനായിരുന്നു. പാരീസ് ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ഫീല്‍ഡ് അത്‍ലറ്റ് എന്ന നേട്ടവും എം ശ്രീശങ്കർ സ്വന്തമാക്കിയതാണ്. എന്നാല്‍ ബുഡാപെസ്റ്റിലെ ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ എത്തിയപ്പോഴേക്ക് എം ശ്രീശങ്കറിന് ചാട്ടം പിഴച്ചു. 

Read more: പാരീസിലേക്കുള്ള ചാട്ടം; ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പില്‍ എം ശ്രീശങ്കറിന് വെള്ളി, ഒളിംപിക്സ് യോഗ്യത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios