ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: നീരജ് ചോപ്രയും രോഹിത് യാദവും ഫൈനലിൽ

89.91 മീറ്റര്‍ ദൂരം താണ്ടിയ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ആണ് യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയത്. നീരജ് രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 87.28 മീറ്റര്‍ ദൂരം താണ്ടിയ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ മൂന്നാം സ്ഥാനത്തെത്തി. 83.50 മീറ്റർ ദൂരം മറികടക്കുന്നവരോ, അല്ലെങ്കിൽ രണ്ട് യോഗ്യതാ ഗ്രൂപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന 12 താരങ്ങളോ ആണ് ഫൈനലിലേക്ക് യോഗ്യത നേടുക. 

World Athletics Championships 2022: Neeraj Chopra and Rohit Yadav qualify for the finals

ഒറിഗോണ്‍: ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്ര ജാവലിൻ ത്രോ ഫൈനലിൽ കടന്നു. ആദ്യ അവസരത്തിൽ തന്നെ യോഗ്യതാ മാര്‍ക്ക് നീരജ് പിന്നിട്ടു. 88.39 മീറ്റര്‍ ദൂരമാണ് നീരജ് എറിഞ്ഞത്. 89.94 മീറ്ററാണ് നീരജിന്‍റെ മികച്ച ദൂരം.

89.91 മീറ്റര്‍ ദൂരം താണ്ടിയ ഗ്രാനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ആണ് യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയത്. നീരജ് രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 87.28 മീറ്റര്‍ ദൂരം താണ്ടിയ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ മൂന്നാം സ്ഥാനത്തെത്തി. 83.50 മീറ്റർ ദൂരം മറികടക്കുന്നവരോ, അല്ലെങ്കിൽ രണ്ട് യോഗ്യതാ ഗ്രൂപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന 12 താരങ്ങളോ ആണ് ഫൈനലിലേക്ക് യോഗ്യത നേടുക.  ഇതിന്‍റെ അടിസ്ഥാനത്തില്‍ യോഗ്യതാ റൗണ്ടില്‍ 80.42 മീറ്റര്‍ ദൂരമെ താണ്ടിയുള്ളൂവെങ്കിലും മികച്ച 12 താരങ്ങളില്‍ ഉള്‍പ്പെട്ട ഇന്ത്യയുടെ രോഹിത് യാദവും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

ചെക് റിപ്പബ്ലിക്കിന്‍റെ യാൻ സെലസ്നിക്കും നോർവേയുടെ ആന്ദ്രേസ് തോർകിൽഡ്സണും ശേഷം ഒളിംപിക്സിലും ലോക ചാമ്പ്യൻഷിപ്പിലും സ്വർണം നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് നീരജിനെ കാത്തിരിക്കുന്നത്. 2009ലായിരുന്നു ആന്ദ്രേസിന്‍റെ നേട്ടം. ഞായറാഴ്ച രാവിലെയാണ് ജാവലിൻ ത്രോ ഫൈനൽ.

ഓരോ മത്സരത്തിലും പ്രകടനം മെച്ചപ്പെടുത്തുന്ന നീരജ് 87.58 മീറ്റര്‍ ദൂരത്തോടെയാണ് കഴിഞ്ഞ വര്‍ഷം നടന്ന ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടി അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയത്. ഒളിംപിക്‌സിന് ശേഷം ആദ്യമായി ഇക്കൊല്ലം പങ്കെടുത്ത പാവോ നൂര്‍മി ഗെയിംസില്‍ ദേശീയ റെക്കോര്‍ഡ് 89.30 മീറ്ററായി മെച്ചപ്പെടുത്തിയ നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കി. തൊട്ടടുത്ത മത്സരത്തില്‍ 86.69 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ച നീരജ് സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗില്‍ ദേശീയ റെക്കോര്‍ഡ് 89.94 മീറ്ററായി തിരുത്തിക്കുറിച്ചു.

സീസണിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ നീരജ്. 93.07 മീറ്റര്‍ ദൂരം കണ്ടെത്തിയ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സണും 90.88 മീറ്റര്‍ ദൂരം കുറിച്ച ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വാഡ്‌ലേയുമാണ് നീരജിന് മുന്നിലുള്ളവര്‍. ഫൈനലിലും ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ആയിരിക്കും നീരജിന് വലിയ വെല്ലുവിളി ഉയര്‍ത്തുക.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്  ചരിത്രത്തിലെ ഏറ്റവും മികച്ച പ്രടനമാണ് ഇത്തവണ ഇന്ത്യ നടത്തിയത്. ജാവലിന്‍ ഫൈനലിലെത്തിയ നീരജിനും രോഹിതിനും പുറമെ പുറമെ മലയാളി താരങ്ങളായ എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജംപിലും, ശ്രീശങ്കര്‍ ലോങ് ജംപിലും ഫൈനലിലത്തി. സ്റ്റീപ്പിള്‍ ചേസില്‍ അവിനാശ് സാബ്‌ലെയും വനിതാ ജാവലിനില്‍ അന്നു റാണിയും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇതില്‍ നീരജില്‍ നിന്നാണ് രാജ്യം ഉറപ്പായ ഒരു മെഡല്‍ പ്രതീക്ഷിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios