World Athletics Championships 2022 : ലോക അത്‌ലറ്റിക്‌സ് ഇന്നുമുതല്‍; പ്രതീക്ഷയോടെ ഇന്ത്യ, കാണാന്‍ ഈ വഴികള്‍

മലയാളി താരങ്ങളായ എം. ശ്രീശങ്കർ, മുഹമ്മദ് അനീസ്, തമിഴ്നാട്ടുകാരൻ ജസ്വിൻ ആൾഡ്രിൻ എന്നിവരാണ് ലോംഗ്‌ജംപിൽ ഇന്ത്യക്കായി മത്സരിക്കുന്നത്

World Athletics Championships 2022 events date and time how to watch

ഒറിഗോണ്‍: ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്(World Athletics Championships 2022) ഇന്ന് അമേരിക്കയിലെ ഒറിഗോണിൽ(Oregon22) തുടക്കമാവും. മൂന്ന് ഫൈനലുകളാണ് ആദ്യ ദിനമുള്ളത്. ഇന്ത്യൻസമയം രാത്രി ഒൻപതരയ്ക്കാണ് മത്സരങ്ങൾ തുടങ്ങുക. 20 കിലോമീറ്റർ നടത്തിൽ സന്ദീപ് കുമാറിനും പ്രിയങ്ക ഗോസ്വാമിക്കും ഇന്ന് മത്സരമുണ്ട്. 100 മീറ്ററിന്‍റെ ഹീറ്റ്സ്, ലോംഗ്‌ജംപ് യോഗ്യതാ മത്സരം, 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിന്‍റെ ഹീറ്റ്സ് മത്സരങ്ങളും ഇന്ന് നടക്കും. 

മലയാളി താരങ്ങളായ എം. ശ്രീശങ്കർ, മുഹമ്മദ് അനീസ്, തമിഴ്നാട്ടുകാരൻ ജസ്വിൻ ആൾഡ്രിൻ എന്നിവരാണ് ലോംഗ്‌ജംപിൽ ഇന്ത്യക്കായി മത്സരിക്കുന്നത്. ഇന്ത്യൻസമയം നാളെ രാവിലെ ആറരയ്ക്കാണ് ലോംഗ്‌ജംപ് യോഗ്യതാ മത്സരം. 

യൂണിവേഴ്സിറ്റി ഓഫ് ഓറിഗണിന്റെ ഹേവാർഡ്‌ സ്റ്റേഡിയമാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് വേദിയാകുക. പുരുഷ വിഭാഗം ഹാമർ ത്രോയിലൂടെയാണ് മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നത്. ജൂലൈ 15 മുതൽ 24 വരെയാണ് മത്സരങ്ങൾ. ലോക കായിക ഭൂപടത്തിൽ അത്രയൊന്നും പ്രാധാന്യമില്ലാത്ത യൂജിൻ ലോക ചാമ്പ്യൻഷിപ്പിന് വേദിയാകുമ്പോൾ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഇരുന്നൂറ് രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തോളം കായിക പ്രതിഭകൾ അമേരിക്കയിലെ മനോഹര സംസ്ഥാനമായ ഓറിഗോണിലെ യൂജീനിൽ ഒരുമിക്കുമ്പോൾ കായിക ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം കുറിക്കുമെന്ന് തീർച്ച. ഇന്ത്യന്‍ പ്രതീക്ഷകളത്രയും ചുമലിലേറിയാണ് ഒളിംപിക്‌സ് ജാവലിന്‍ സ്വര്‍ണ ജേതാവ് നീരജ് ചോപ്ര ഇറങ്ങുക. 

വീണ്ടും അമേരിക്കന്‍ ആധിപത്യം?

2019ൽ ദോഹയിൽ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പതിനാല് സ്വർണമുൾപ്പെടെ 29 മെഡലുകൾ സ്വന്തമാക്കിയ അമേരിക്ക യൂജീനിലും ആധിപത്യം തുടരാൻ തയ്യാറായിക്കഴിഞ്ഞു. ദീർഘദൂര ഇനങ്ങളിൽ കെങ്കേമന്മാരായ കെനിയയാണ് അമേരിക്കയ്ക്ക് വെല്ലുവിളി. സോണി ടെന്‍ 2 ചാനലാണ് മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത്. 

2022 World Athletics Championships : ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനൊരുങ്ങി അമേരിക്ക, അത്ഭുതമാകുമോ നീരജ് ചോപ്ര

Latest Videos
Follow Us:
Download App:
  • android
  • ios