Athletics Championship : പൊന്നിന്‍റെ തിളക്കമിട്ട് മുതാസ്; ഹൈജംപില്‍ കുതിച്ചുയര്‍ന്നു, സുവര്‍ണ നേട്ടം
കൊറിയൻ താരം വൂ സാങ് ഹൈയോക് വെള്ളിയും യുക്രൈന്‍ താരം ആഡ്രി പ്രൊറ്റ്സെൻകോ വെങ്കലവും നേടി. ടോക്കിയോയിൽ ബർഷിമിനൊപ്പം സ്വർണം പങ്കിട്ട ഇറ്റാലിയൻ താരം ജിയാൻമാർകോ താമ്പേരി നാലാം സ്ഥാനത്തായി.
ഒറിഗോണ്‍: ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് (World Athletics Championships 2022) ഹൈജംപിൽ ഒളിംപിക് ചാംപ്യൻ ഖത്തറിന്‍റെ മുതാസ് ഈസ ബർഷിമിന് സ്വർണം. 2.37 മീറ്റർ ചാടിയാണ് നേട്ടം സ്വന്തമാക്കിയത്. കൊറിയൻ താരം വൂ സാങ് ഹൈയോക് വെള്ളിയും യുക്രൈന്‍ താരം ആഡ്രി പ്രൊറ്റ്സെൻകോ വെങ്കലവും നേടി. ടോക്കിയോയിൽ ബർഷിമിനൊപ്പം സ്വർണം പങ്കിട്ട ഇറ്റാലിയൻ താരം ജിയാൻമാർകോ താമ്പേരി നാലാം സ്ഥാനത്തായി.
അതേസമയം, ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ ഉജ്വല പ്രകടനമാണ് കെനിയയുടെ ഫെയ്ത്ത് കിപ്യഗോൺ കാഴ്ചവെച്ചത്. 1500 മീറ്ററിൽ 3 മിനിറ്റ് 52.96 സെക്കൻഡിൽ ഓടിയെത്തി ലോകചാംപ്യൻഷിപ്പിലെ രണ്ടാം സ്വർണം കിപ്യഗോൺ സ്വന്തമാക്കി. എത്യോപ്യയുടെ ഗുദഫ് സെഗെ വെള്ളിയും ബ്രിട്ടന്‍റെ ലോറ മുയിർ വെങ്കലവും സ്വന്തമാക്കി. കഴിഞ്ഞ രണ്ട് ഒളിംപിക്സിലും 1500 മീറ്ററിൽ ഫെയ്ത്ത് കിപ്യഗോണിനായിരുന്നു സ്വർണം.
ഒളിംപിക്സിലും ലോകചാംപ്യൻഷിപ്പിലുമായി 1500 മീറ്ററിൽ നാല് സ്വർണം സ്വന്തമാക്കുന്ന ആദ്യ വനിതാ താരമാണ് ഫെയ്ത്ത്. 2017 ലോകചാംപ്യൻഷിപ്പിൽ സ്വർണവും 2019ൽ വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട്. ട്രിപ്പിൾജംപിൽ മറ്റൊരു വനിതാ താരത്തിന്‍റെയും മിന്നും പ്രകടനമായിരുന്നു. വെനസ്വേലയുടെ യൂലിമാർ റോജാസ് തുടർച്ചയായ മൂന്നാം ലോകചാംപ്യൻഷിപ്പ് സ്വർണമാണ് സ്വന്തമാക്കിയത്. 15.47 മീറ്റർ ദൂരമാണ് യൂലിമാർ ചാടിയത്.
ലോക അത്‌ലറ്റിക്‌സിലെ പ്രമുഖരെല്ലാം മാറ്റുരയ്ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്രയാണ്. ഇന്ത്യയുടെ പ്രധാനപ്രതീക്ഷയും നീരജിലാണ്. 2017ലെ ലോക ചാംപ്യന്‍ ജര്‍മ്മനിയുടെ യൊഹാനസ് വെറ്റര്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയത് നീരജിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. സീസണില്‍ 89.94 മീറ്റര്‍ ദൂരമാണ് നീരജിന്റെ മികച്ച പ്രകടനം. ഈ മികവിലേക്ക് എത്തിയാല്‍ നീരജിന് മെഡലുറപ്പിക്കാം. 93.07 മീറ്റര്‍ ദൂരം കണ്ടെത്തിയ ഗ്രനാഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സനാണ് സീസണില്‍ മികച്ച ദൂരത്തിനുടമ. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്താണ് നീരജ്.
വേഗറാണിയായി ഷെല്ലി ആൻ ഫ്രേസർ; അഞ്ചാം സ്വര്‍ണം, റെക്കോര്‍ഡ്
ഒറിഗോണ്‍: ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ(World Athletics Championships 2022) വേഗറാണിയായി ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ(Shelly-Ann Fraser-Pryce). 100 മീറ്ററിൽ മീറ്റ് റെക്കോർഡ് തിരുത്തി 10.67 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഷെല്ലി സ്വർണം സ്വന്തമാക്കി. 35കാരിയായ ഷെല്ലിയുടെ അഞ്ചാം ലോക അത്‍ലറ്റിക് സ്വർണമാണ് ഇത്. മെഡലുകൾ തൂത്തുവാരി വനിതാ 100 മീറ്ററിലെ ആധിപത്യം ജമൈക്ക നിലനിർത്തി.
10.73 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഷെറീക്ക ജാക്സൺ വെള്ളിയും 10.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ജമൈക്കയുടെ തന്നെ എലൈൻ തോംപ്സൺ വെങ്കലവും സ്വന്തമാക്കി. ബ്രിട്ടന്‍റെ ദിന ആഷർ സ്മിത്ത് ദേശീയ റെക്കോർഡ് മറികടന്നെങ്കിലും പോഡിയത്തിലെത്താനായില്ല