ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ട്രഷറര്‍ക്കെതിരെ ഗുരുതര ലൈംഗിക പരാതി; പ്രധാനമന്ത്രിക്ക് കത്തയച്ച് വനിതാ താരം
രണ്ട് വര്‍ഷം എന്നോട് ശാരീരികബന്ധം പുലര്‍ത്തിയാല്‍ നിങ്ങള്‍ക്കും അന്തര്‍ദേശീയ താരമാകാം എന്ന് ആനന്ദേശ്വര്‍ പാണ്ഡെ പറഞ്ഞതായി പരാതിയില്‍ പറയുന്നു
ദില്ലി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ട്രഷററും ഉത്തര്‍പ്രദേശ് ഒളിംപിക് അസോസിയേഷന്‍, ഉത്തര്‍പ്രദേശ് ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയുമായ ആനന്ദേശ്വര്‍ പാണ്ഡെക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലൈംഗിക പരാതിയുമായി ദേശീയ ഹാന്‍ഡ്‌ബോള്‍ താരം. വനിതാ താരങ്ങളെ വര്‍ഷങ്ങളായി ആനന്ദേശ്വര്‍ പാണ്ഡെ ദുരുപയോഗം ചെയ്യുന്നതായും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനിലെ അംഗങ്ങള്‍ക്ക് ഇക്കാര്യം അറിയുന്നതുമാണെന്ന് താരം പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. ലഖ്‌നൗവിലെ ഓഫീസില്‍ വച്ച് 2022 മാര്‍ച്ച് മാസത്തില്‍ തന്നെ ആനന്ദേശ്വര്‍ പാണ്ഡെ ലൈംഗികമായി ഉപദ്രവിച്ചു എന്നും വനിതാതാരത്തിന്‍റെ പരാതിയിലുണ്ട്.
കത്തില്‍ പറയുന്നത്...
ആനന്ദേശ്വര്‍ പാണ്ഡെ തന്‍റെ സ്ഥാനത്തിന്‍റെയും മസിൽ പവറിന്‍റേയും അടിസ്ഥാനത്തിൽ വർഷങ്ങളോളം വനിതാ താരങ്ങളെ അസഭ്യം പറയുകയും ചൂഷണം ചെയ്യുകയും ഇരയാക്കുകയും ചെയ്യുന്നു. എന്നെ തൊടാനാവില്ലെന്ന് എല്ലാവരേയും പരസ്യമായി വെല്ലുവിളിക്കുകയാണ് പാണ്ഡെ. അയാളോടുള്ള ഭയം കാരണം ഒരു വനിതാ താരവും പരാതിപ്പെടുന്നില്ല. മുമ്പ് ഒരു വനിതാ താരം പരാതിപ്പെട്ടെങ്കിലും അയാളത് അടിച്ചമര്‍ത്തി. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനിലെ ഭാരവാഹികള്‍ക്ക് ഇതിനെക്കുറിച്ചറിയാം എന്നത് ഞെട്ടിപ്പിക്കുന്നതാണ്. അയാള്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. അയാളുടെ ക്രൂരകൃത്യങ്ങളുടെ ഇരയാണ് ഞാന്‍. അമ്പതാമത് ദേശീയ വനിതാ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ തയ്യാറെടുപ്പുകളിലാണ് ഞാന്‍. അവസാന സെലക്ഷന് ശേഷം എന്‍റെ പരിശീലകന്‍ പ്രഭാകര്‍ പാണ്ഡെ എന്നോട് വന്നുപറഞ്ഞു... 'ആനന്ദേശ്വര്‍ പാണ്ഡെ നിങ്ങളെ ഓഫീസിലേക്ക് വിളിക്കുന്നുണ്ട്'. കെഡി സിംഗ് ബാബു സ്റ്റേഡിയത്തില്‍ തന്നെയാണ് ഓഫീസ്. അയാളുടെ ഓഫീസിലെത്തിയപ്പോള്‍ ഞാന്‍ ഭയന്നു, കാരണം മേശയില്‍ മദ്യക്കുപ്പികളുണ്ടായിരുന്നു. 'ഞാനൊരുപാട് താരങ്ങളെ അന്തര്‍ദേശീയ തലത്തില്‍ എത്തിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം എന്നോട് ശാരീരികബന്ധം പുലര്‍ത്തിയാല്‍ നിങ്ങള്‍ക്കും അതിന് കഴിയും' എന്ന് അയാള്‍ എന്നോട് പറഞ്ഞു. ഇത് കേട്ട ഞാന്‍ ഭയന്നുവിറച്ചു. ഭയം കൊണ്ട് നാവ് ചലിക്കാതായി. എനിക്ക് സംസാരിക്കാനായപ്പോള്‍ ഞാന്‍ അയാളോട് പറഞ്ഞു. 'നിങ്ങള്‍ക്ക് എന്‍റെ അച്ഛന്‍റെ പ്രായമുണ്ട്. നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു'. ഇത് പറഞ്ഞതും അയാളെന്നെ ഭീഷണിപ്പെടുത്തി. ഞാനാരാണെന്ന് കാട്ടിത്തരാമെന്നും കരിയറിലുടനീളം അനുഭവിക്കുമെന്നും എന്നോട് പറഞ്ഞു.
ഭയവും മാനസികസമ്മര്‍ദവും കൊണ്ട് എനിക്ക് എട്ട് മാസത്തോളം പരാതി നല്‍കാനായില്ല. എന്നാല്‍ സംഭവം ഞാനെന്‍റെ അധികാരികളെ അറിയിച്ചു. സമ്മര്‍ദം സഹിക്കവയ്യാതെ ഞാനെന്‍റെ സഹോദരിയോട് പറഞ്ഞു. അവളും കുടുംബവും ആവശ്യപ്പെട്ടു പൊലീസില്‍ ഉടന്‍ പരാതി നല്‍കാന്‍. ഒരുപാട് ഉദ്യോഗസ്ഥന്‍മാരോട് അടുപ്പമുള്ള ആനന്ദേശ്വര്‍ പാണ്ഡെയെ ലഖ്‌നൗവില്‍ ഒന്നും ചെയ്യാനാകുമെന്ന് തോന്നുന്നില്ല. എന്‍റെ ജീവിതം അപകടത്തിലാവുകയും ചെയ്യും. ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ആനന്ദേശ്വര്‍ പാണ്ഡെയ്ക്കെതിരെ അടിയന്തരമായി നടപടി എടുക്കുകയും കേസെടുക്കാന്‍ ദില്ലി പൊലീസിനോട് ഉത്തരവിടുകയും ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് ഞാനാവശ്യപ്പെടുകയാണ്. എങ്കില്‍ മാത്രമേ തനിക്ക് നീതിയും മറ്റ് താരങ്ങള്‍ക്ക് സുരക്ഷയും ലഭിക്കുകയുള്ളൂ എന്നും വനിതാ ഹാന്‍ഡ്ബോള്‍ താരം പ്രധാനമന്ത്രിയോട് കത്തിലൂടെ അറിയിച്ചു.
ചില സ്‌ത്രീകള്‍ക്കൊപ്പമുള്ള ആനന്ദേശ്വര്‍ പാണ്ഡെയുടെ ചിത്രങ്ങള്‍ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തനിക്കെതിരായ എല്ലാ ലൈംഗിക പരാതികളും കള്ളമാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
സൗഹൃദച്ചിരി! ലങ്കയുടെ കട്ട ഫാന്‍ വീണ്ടും കോലിക്കൊപ്പം, കൂട്ടിന് രോഹിത്തും; ചിത്രം വൈറല്‍