വിംബിൾഡൺ: ഫെഡറർ-ജോക്കോ സ്വപ്ന ഫൈനലില്ല; ഫെഡറർ ക്വാർട്ടറിൽ പുറത്ത്
ആദ്യ സെറ്റ് 6-3ന് നഷ്ടമായ ഫെഡറർ രണ്ടാം സെറ്റ് ടൈ ബ്രേക്കറിലെത്തിച്ചെങ്കിലും നിർണായക പോയന്റുകൾ അനാവശ്യ പിഴവിലൂടെ നഷ്ടമാക്കി സെറ്റ് കൈവിട്ടു.
ലണ്ടൻ: ഒമ്പതാം കിരീടം തേടി വിംബിൾഡണിലെ സെന്റർ കോർട്ടിൽ ക്വാർട്ടർ പോരാട്ടത്തിനിറങ്ങിയ സ്വിസ് ഇതിഹാസം റോജർ ഫെഡററെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തി പോളണ്ടിന്റെ ഹ്യൂബർട്ട് ഹർക്കാസ് വിംബിൾഡൺ ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസ് സെമിയിയിലെത്തി.സ്കോർ 6-3, 7-6, 6-0. ഹർക്കാസിന്റെ ആദ്യ വിംബിൾഡൺ സെമി പ്രവേശനമാണിത്.
ആദ്യ സെറ്റ് 6-3ന് നഷ്ടമായ ഫെഡറർ രണ്ടാം സെറ്റ് ടൈ ബ്രേക്കറിലെത്തിച്ചെങ്കിലും നിർണായക പോയന്റുകൾ അനാവശ്യ പിഴവിലൂടെ നഷ്ടമാക്കി (7-6)സെറ്റ് കൈവിട്ടു. നിർണായക മൂന്നാം സെറ്റിൽ തുടക്കം മുതൽ ഫെഡററുടെ സെർവുകൾ ബ്രേക്ക് ചെയ് മുന്നേറിയ ഹർക്കാസ് ഒരു തവണ മാത്രമാണ് സ്വന്തം സെർവിൽ ബ്രേക്ക് പോയന്റ് നൽകിയത്. എന്നാൽ അത് മുതലാക്കാൻ കഴിയാതിരുന്ന ഫെഡറർ തുടർച്ചയായി ആറ് ഗെയിമുകൾ നഷ്ടമാക്കി 6-0ന് സെറ്റും മത്സരവും കൈവിട്ടു.
പതിവു ഫോമിലുള്ള ഫെഡററുടെ അഴകുള്ള കളിയായിരുന്നില്ല സെന്റർ കോർട്ടിൽ ഹർക്കാസിനെതിരെ ആരാധകർ കണ്ടത്. അവസാന സെറ്റിലായപ്പോഴേക്കും പലപ്പോഴും അനായാസ പോയന്റുകൾ പോലും അവിശ്വസനീയമായി കൈവിട്ട് എങ്ങനെയെങ്കിലും മത്സരം അവസാനിപ്പിക്കാൻ തിടുക്കപ്പെടുന്ന ഫെഡററെയാണ് ആരാധകർ കണ്ടത്.
ഇരുപതാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിടുന്ന ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് നേരത്തെ സെമിയിലെത്തിയിരുന്നു.