വിംബിള്‍ഡണില്‍ അട്ടിമറി, റഡുക്കാനുവും കാസ്പര്‍ റൂഡും പുറത്ത്, ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍
വനിതാ സിംഗിള്‍സും വമ്പന്‍ അട്ടിമറിക്ക് സാക്ഷ്യം വഹിച്ചു. ബ്രിട്ടന്‍റെ എമ്മ റാഡുക്കാനു പ്രാന്‍സിന്‍റെ കരോലിന്‍ ഗ്രാഷ്യയോട് നേരിട്ടുള്ള സെറ്റുകളില്‍ തോറ്റ് പുറത്തായി.
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് രണ്ടാം റൗണ്ടില്‍ വമ്പന്‍ അട്ടിമറികള്‍. പുരുഷ സിംഗിള്‍സില്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റായ കാസ്പര്‍ റൂഡ് രണ്ടാം റൗണ്ടില്‍ പുറത്തായി. ഫ്രാന്‍സിന്‍റെ യുഗോ ഹംബര്‍ട്ടിനോട് ഒന്നിനെതിരെ മൂന്ന് സെറ്റുകളിലായിരുന്നു റൂഡിന്‍റെ തോല്‍വി. സ്കോര്‍ 6-3, 2-6, 5-7, 4-6.
വനിതാ സിംഗിള്‍സും വമ്പന്‍ അട്ടിമറിക്ക് സാക്ഷ്യം വഹിച്ചു. ബ്രിട്ടന്‍റെ എമ്മ റാഡുക്കാനു പ്രാന്‍സിന്‍റെ കരോലിന്‍ ഗ്രാഷ്യയോട് നേരിട്ടുള്ള സെറ്റുകളില്‍ തോറ്റ് പുറത്തായി. സ്കോര്‍ 3-6, 3-6. വനിതകളില്‍ രണ്ടാം സീഡും ലോക മൂന്നാം റാങ്കുകാരിയുമായ അനറ്റ് കോണ്ടാവിറ്റും രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി.ജര്‍മനിയുടെ ജൂലിയ നെയ്മിയറാണ് കോണ്ടാവിറ്റിനെ നേരിട്ടുള്ള സെറ്റുകളില്‍ അട്ടിമറിച്ചത്. സ്കോര്‍ 6-4, 6-0.
വനിതാ സിംഗിള്‍സിലെ മറ്റൊരു പോരാട്ടത്തില്‍ മൂന്ന് തവണ ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള ആഞ്ജലീക് കെര്‍ബര്‍, മാഗ്ദാ ലിനെറ്റെയെ വീഴ്ത്തി മൂന്നാം റൗണ്ടിലെത്തി
അതേസമയം, പുരുഷ സിംഗിള്‍സില്‍ തുടര്‍ച്ചയായ നാലാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിടുന്ന നിലവിലെ ചാമ്പ്യനും ഒന്നാം സീഡുമായ നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയയുടെ തനാസി കോക്കിനാകിസിനെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്ന് മൂന്നാം റൗണ്ടിലെത്തി. സ്കോര്‍ 6-1, 6-4, 6-2 . ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിക്കി കിര്‍ഗിയോസിനൊപ്പം ഡബിള്‍സ് കിരീടം നേടിയ താരമാണ് കോക്കിനാകിസ്.