വിംബിള്‍ഡണ്‍: ഇഗയുടെ അപരാജിത കുതിപ്പ് അവസാനിച്ചു, കൊക്കോ ഗൗഫും പുറത്ത്
തോല്‍വിയോടെ 37 തുടര്‍ ജയങ്ങളെന്ന ഇഗയുടെ അപരാജിത കുതിപ്പിനും അവസാനമായി. ഫെബ്രുവരിയില്‍ ജെലേനോ ഒസ്റ്റാപെങ്കോയോട് തോറ്റശേഷം ഫ്രഞ്ച് ഓപ്പണ്‍ അടക്കം തുടര്‍ച്ചയായി ആറു ടൂര്‍ണമെന്‍റുകള്‍ ജയിച്ച ഇഗ ഇതാദ്യമായാണ് തോല്‍വി അറിയുന്നത്.
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ വീണ്ടും വമ്പന്‍ അട്ടിമറി. തുടര്‍ ജയങ്ങളില്‍ റെക്കോര്‍ഡിട്ട ലോക ഒന്നാം നമ്പര്‍ താരവും ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനുമായ പോളണ്ടിന്‍റെ ഇഗ സ്വിയാതെക് ഫ്രാന്‍സിന്‍റെ അലീസെ കോര്‍ണറ്റനോട് മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്തായി. നേരിട്ടുള്ള സെറ്റുകളിലായിരുന്നു ലോക റാങ്കിംഗില്‍ 37- സ്ഥാനക്കാരിയായ കോര്‍ണറ്റിനോട് ഇഗയുടെ തോല്‍വി. സ്കോര്‍ 4-6, 2-6.
തുടക്കം മുതല്‍ ബാക്ക് ഫൂട്ടിലായ ഇഗക്ക് സീനിയര്‍ താരമായ കോര്‍ണറ്റിനെതിരെ മത്സരത്തില്‍ ഒരു ഘട്ടത്തില്‍ പോലും തിരിച്ചുവരാനായില്ല. 2014നുശേഷം ഇതാദ്യമായാണ് കോര്‍ണറ്റ് വിംബിള്‍ഡണ്‍ പ്രീ ക്വാര്‍ട്ടറിലെത്തുന്നത്. തോല്‍വിയോടെ 37 തുടര്‍ ജയങ്ങളെന്ന ഇഗയുടെ അപരാജിത കുതിപ്പിനും അവസാനമായി. ഫെബ്രുവരിയില്‍ ജെലേനോ ഒസ്റ്റാപെങ്കോയോട് തോറ്റശേഷം ഫ്രഞ്ച് ഓപ്പണ്‍ അടക്കം തുടര്‍ച്ചയായി ആറു ടൂര്‍ണമെന്‍റുകള്‍ ജയിച്ച ഇഗ ഇതാദ്യമായാണ് തോല്‍വി അറിയുന്നത്.
നേരത്തെ ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പായ അമേരിക്കയുടെ കൗമാര താരം കൊക്കോ ഗൗഫും പ്രീ ക്വാര്‍ട്ടറിലെത്താതെ പുറത്തായിരുന്നു. നാട്ടുകാരിയായ അമാന്‍ഡ അനിസിമോവയോട് ഒന്നിനെതിരെ രണ്ട് സെറ്റുകളിലായിരുന്നു ഗൗഫിന്‍റെ തോല്‍വി. സ്കോര്‍ 7-6 (7-4), 2-6, 1-6.
നേരത്തെ ലോക 13-ാം റാങ്ക് താരമായ ചെക്ക് റിപ്പബ്ലിക്കിന്‍റെ ബാര്‍ബോറ ക്രെജിക്കോവയും പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു. ക്രൊയേഷ്യയുടെ അജില ടോമ്ലജനോവിച്ചിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകളിലാണ് ക്രെജിക്കോവ അടിയറവ് പറഞ്ഞത്. സ്കോര്‍ 6-2, 4-6, 3-6. അതേസമയം, മുന്‍ ലോക ഒന്നാം നമ്പര്‍ താ സിമോണ ഹാലെപ് മഗ്ദലെന ഫ്രഞ്ചിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്ത് പ്രീ ക്വാര്‍ട്ടറിലെത്തിയിരുന്നു. സ്കോര്‍ 6-4, 6-1.