കൊവിഡില്‍ നഷ്‌ടമായ ടോക്യോ, ഓര്‍മ്മയില്‍ റിയോ; തിരിച്ചുവരവിന്‍റെ ട്രാക്കില്‍ ജിന്‍സണ്‍ ജോണ്‍സണ്‍
ചക്കിട്ടപ്പാറയെന്ന കോഴിക്കോടന്‍ ഗ്രാമത്തില്‍ നിന്ന് കായിക മഹോത്സവത്തിന്‍റെ സിന്തറ്റിക് ട്രാക്കിലേക്ക് ഓടിക്കയറിയ താരമാണ് ജിന്‍സണ്‍ ജോണ്‍സണ്‍
കോഴിക്കോട്: കൊവിഡ് കാരണമാണ് ഒളിംപ്യന്‍ ജിന്‍സണ്‍ ജോണ്‍സന് ഇത്തവണ ഒളിംപിക്‌സ് നഷ്‌ടമായത്. കരിയറില്‍ തിളങ്ങി നില്‍ക്കുന്നതിനിടെ ജിന്‍സന് ഒളിംപിക്‌സ് അവസരം കൈവിട്ടത് ട്രാക്കിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കേറ്റ തിരിച്ചടിയാണ്. എങ്കിലും പങ്കെടുത്ത റിയോ ഒളിംപിക്‌സിലെ നിറവാര്‍ന്ന ഓര്‍മ്മകളിലാണ് കേരളത്തിന്‍റെ അഭിമാന താരം.
ചക്കിട്ടപ്പാറയെന്ന കോഴിക്കോടന്‍ ഗ്രാമത്തില്‍ നിന്ന് കായിക മഹോത്സവത്തിന്‍റെ സിന്തറ്റിക് ട്രാക്കിലേക്ക് ഓടിക്കയറിയ താരമാണ് ജിന്‍സണ്‍ ജോണ്‍സണ്‍. ദീര്‍ഘദൂര ഓട്ടത്തില്‍ ലോകത്തെ ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം മാറ്റുരച്ച മലയാളി. റിയോ ഒളിംപിക്‌സിലെ 1500 മീറ്റര്‍ ഹീറ്റ്സിലും ജിന്‍സണ്‍ ഓടിയത് ലോകത്തെ കഴിവുറ്റ ദീര്‍ഘദൂര ഓട്ടക്കാര്‍ക്ക് ഒപ്പമാണ്. ഇത് തന്‍റെ കരിയറിലെ നേട്ടങ്ങള്‍ക്ക് കരുത്ത് പകര്‍ന്നെന്ന് ജിന്‍സണ്‍ പറയുന്നു.
ദീര്‍ഘദൂര ട്രാക്കില്‍ ജിന്‍സന്‍റെ നേട്ടം എന്നും വേറിട്ടതാണ്. അന്താരാഷ്‌ട്ര തലത്തിലേക്ക് 2015 ലായിരുന്നു ജിന്‍സന്‍റെ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഇത് ഭാഗ്യത്തിനൊപ്പം കായിക ജീവിതത്തിന് കരുത്തും പകര്‍ന്നെന്ന് ജിന്‍സണ്‍ വ്യക്തമാക്കി.
റിയോ ഒളിംപിക്‌സ് ഏറെ വിലപ്പെട്ട അനുഭവങ്ങളാണ് ജിന്‍സണ് നല്‍കിയത്. സ്‌പ്രിന്‍റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനെ നേരില്‍ കണ്ടു. ഒളിംപിക്‌സ് വില്ലേജിലെ വൈവിധ്യങ്ങളും മറക്കാനാവില്ല. ഇത്തവണയും ഒളിംപിക്‌സില്‍ പങ്കെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു ജിന്‍സണ്‍ ജോണ്‍സണ്‍. എന്നാല്‍ ഒളിംപിക്‌സിന് തയ്യാറെടുക്കുന്നതിനിടെ കൊവിഡ് പോസറ്റീവായത് തിരിച്ചടിയായി. യോഗ്യത മത്സരങ്ങള്‍ ഇതോടെ നഷ്‌ടപ്പെടുകയായിരുന്നു.
നിലവില്‍ 1500, 800 മീറ്ററുകളില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയാണ് ജിന്‍സണ്‍ ജോണ്‍സണ്‍. കൊവിഡിന് ശേഷം തിരിച്ചുവരവിന്‍റെ ട്രാക്കിലാണ് ജിന്‍സണിപ്പോള്‍. ഊട്ടി വെല്ലിങ്ടണില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ജൂനിയര്‍ കമ്മീഷണ്‍ഡ് ഓഫീസറാണ് ഒളിംപ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്‍.
Read more: ടോക്യോയില്‍ മെഡല്‍ നേടാന്‍ ഹോക്കി ടീമിന് കഴിയും; പി ആര്‍ ശ്രീജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട്
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona