ലോങ്ജംപില്‍ നിന്ന് സ്പ്രിന്റിലേക്ക്; 100 മീറ്ററില്‍ മാഴ്‌സല്‍ ജേക്കക്ക് മടങ്ങുന്നത് സ്വര്‍ണവുമായി
ടോക്യോയോയിലെത്തും വരെ ബോള്‍ട്ടിന്റെ പിന്‍ഗാമിയെ ലോകം തിരിയുമ്പോള്‍ മാഴ്‌സല്‍ ജേക്കബ്‌സ് എന്ന ഇറ്റലിക്കാരന്റെ പേര് വിദൂരത്തുപോലും ഉണ്ടായിരുന്നില്ല.
ടോക്യോ: ലോങ്ജംപില്‍ തുടങ്ങിയ മാഴ്‌സല്‍ ജേക്കബ്‌സിന്റെ കരിയര്‍ ഇന്നെത്തി നില്‍ക്കുന്നത് ഒളിംപിക്‌സിലെ സുവര്‍ണ പോഡിയത്തിലാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം ഇത്തരം അപ്രതീക്ഷിത തീരുമാനങ്ങള്‍ കാണാം. ടോക്യോയോയിലെത്തും വരെ ബോള്‍ട്ടിന്റെ പിന്‍ഗാമിയെ ലോകം തിരിയുമ്പോള്‍ മാഴ്‌സല്‍ ജേക്കബ്‌സ് എന്ന ഇറ്റലിക്കാരന്റെ പേര് വിദൂരത്തുപോലും ഉണ്ടായിരുന്നില്ല.
എന്നാല്‍ ഹീറ്റ്‌സില്‍ ഇറ്റാലിയന്‍ താരം ഇറങ്ങിയപ്പോള്‍ ചരിത്രനേട്ടത്തിലേക്ക് ആദ്യ വെടിമുഴങ്ങി. ഏറ്റവും മികച്ച പ്രകടനത്തോടെ സെമിയിലേക്ക്. സെമിയില്‍ യൂറോപ്യന്‍ റെക്കോര്‍ഡ് തിരുത്തി ഫൈനലിലേക്ക്. ഫൈനലില്‍ ഒരു പടി കൂടി മുന്നില്‍. വീണ്ടും റെക്കോര്‍ഡ് പ്രകടനം, സ്വര്‍ണം. ബാസ്‌കറ്റ് ബോള്‍ താരമായിരുന്നു മാഴ്‌സലിന്റെ അമേരിക്കക്കാരനായ അച്ഛന്‍.
അമ്മ ഇറ്റലിക്കാരി. ഇംഗ്ലീഷ് പ്രാവീണ്യമില്ലാത്ത താന്‍ ഒരു പൂര്‍ണനായ ഇറ്റലിക്കാരനെന്ന് തമാശ പറയുമായിരുന്നു മാഴ്‌സെല്‍. അതുകൊണ്ടാകാം ബാസ്‌കറ്റ് ബോളിന്റെ വഴിയേ മാഴ്‌സല്‍ പോയില്ല. ലോങ്ജംപിലാണ് ആദ്യം കണ്ണുവച്ചത്. 2016ല്‍ ദേശീയ റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനം പോലും യുവതാരം നടത്തി.
പുതിയ ദൂരത്തിന് പുറമെ പുതിയ വേഗം കണ്ടെത്താന്‍ ആവേശമായപ്പോള്‍ 60 മീറ്ററിലേക്ക് ചുവടുമാറ്റി. അവിടെയും റെക്കോഡിന്റെ വഴിയേ. 100 മീറ്ററിന്റെ ഗ്ലാമറിലെത്തിയപ്പോഴും മാഴ്‌സലിന് മാറ്റമുണ്ടായില്ല. ഒളിംപിക് സ്വര്‍ണത്തോടെ യൂറോപ്യന്‍ വന്‍കരയ്ക്കാകെ ആവേശമാകുന്നു മാഴ്‌സെല്‍. ജമൈക്കയും അമേരിക്കയും പരസ്പരം പോരടിക്കുന്ന സ്പ്രിന്റിലേക്ക് ഇറ്റലിയുടെ പേരെഴുതി വയ്ക്കുകയാണ് ഈ ഇരുപത്തിയാറുകാരന്‍.