ഒളിംപിക്സിനിടയിലെ അച്ചടക്കലംഘനം; ഗുസ്തി താരം വിനേഷ് ഫോഗട്ടിന് സസ്പെന്‍ഷന്‍

ടോക്യോയില്‍ എത്തിയശേഷം ഗെയിംസ് വില്ലേജില്‍ തങ്ങാനും മറ്റ് താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്താനും വിസമ്മതിച്ചു. ഇന്ത്യന്‍ സംഘത്തിന്‍റെ ഔദ്യോഗിക സ്പോണ്‍സറുടെ ലോഗോ ജേഴ്സിയില്‍ ധരിച്ചില്ല എന്നിവയാണ് അസോസിയേഷന്‍ ഗുരുതര അച്ചടക്കലംഘനമായി വിനേഷിനെതിരെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

WFI suspends Vinesh Phogat For Indiscipline in Tokyo Games

ദില്ലി: ടോക്യോ ഒളിംപിക്സില്‍ ഗുസ്തിയില്‍ ഇന്ത്യക്കായി മത്സരിച്ച വിനേഷ് ഫോഗട്ടിനെ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്തു. ടോക്യോ ഒളിംപിക്സിനിടയിലെ ഒന്നിലേറെ തവണ അച്ചടക്കലംഘനം നടത്തിയതിന്‍റെ പേരിലാണ് നടപടി. സസ്പെന്‍ഷന് പുറമെ വിനേഷ് ഫോഗട്ടിന് അസോസിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. 16ന് അകം മറുപടി നല്‍കണമെന്നാണ് അസോസിയേഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സസ്പെന്‍ഷന് മൂന്ന് കാരണങ്ങളാണ് പ്രധാനമായും അച്ചടക്കലംഘനമായി അസോസിയേഷന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇന്ത്യന്‍ സംഘത്തോടപ്പമല്ല വിനേഷ് ടോക്യോയില്‍ എത്തിയത്. ഹംഗറിയില്‍ പരിശീലനം നടത്തിയിരുന്ന ഫോഗട്ട് അവിടെ നിന്നാണ് പരിശീലകന്‍ വോളര്‍ അകോസിനൊപ്പം ടോക്യോയിലെത്തിയത്.

ടോക്യോയില്‍ എത്തിയശേഷം ഗെയിംസ് വില്ലേജില്‍ തങ്ങാനും മറ്റ് താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്താനും വിസമ്മതിച്ചു. ഇന്ത്യന്‍ സംഘത്തിന്‍റെ ഔദ്യോഗിക സ്പോണ്‍സറുടെ ലോഗോ ജേഴ്സിയില്‍ ധരിച്ചില്ല എന്നിവയാണ് അസോസിയേഷന്‍ ഗുരുതര അച്ചടക്കലംഘനമായി വിനേഷിനെതിരെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സസ്പെന്‍ഷന്‍ കാലയളവില്‍ ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ വിനേഷിന് പങ്കെടുക്കാനാവില്ല. കാരണം കാണിക്കല്‍ നോട്ടീസിന് വിനേഷ് നല്‍കുന്ന മറുപടി പരിശോധിച്ചശേഷമാകും തുടര്‍ നടപടി. നേരത്തെ സ്വന്തം കളിക്കാരെ നിയന്ത്രിക്കാനാവാത്തതിന് ഗുസ്തി ഫെഡറേഷനെതിരെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.

ഗുസ്തിയില്‍ സഹാതാരങ്ങളായ സോനം, അന്‍ഷു മാലിക്ക്, സീമ ബിസ്ല എന്നിവര്‍ക്ക് സമീപമാണ് വിനേഷിന് ടോക്യോയില്‍ മുറി അനുവദിച്ചത്. എന്നാല്‍ ഇവര്‍ ഇന്ത്യയില്‍ നിന്ന് ടോക്യോയില്‍ എത്തിയവരായതിനാല്‍ തനിക്ക് കൊവിഡ് പിടിക്കുമെന്ന് പറഞ്ഞ് വിനേഷ് ബഹളമുണ്ടാക്കിയെന്ന് ഒഫീഷ്യല്‍സിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമെ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്താനും വിനേഷ് തയാറായില്ല, ഹംഗറി ടീമിനൊപ്പമാണ് വിനേഷ് സഞ്ചരിച്ചതും പരിശീലിച്ചതുമെല്ലാം.

ഇന്ത്യന്‍ സംഘവുമായി ഒറു ബന്ധവും വിനേഷ് പുലര്‍ത്തിയിരുന്നില്ല. ഒരുദിവസം ഇന്ത്യന്‍ സംഘവും വിനേഷും ഒരേസമയം പരിശീലനത്തിനെത്തിയപ്പോള്‍ വിനേശ് പരിശീലനം നടത്താതെ തിരിച്ചുപോയി. ഇതൊന്നും അംഗീകരിക്കാനാവില്ലെന്നാണ് ഗുസ്തി ഫെഡറേഷന്‍റെ നിലപാട്.

വിനേഷിനൊപ്പം ടോക്യോയില്‍ ഇന്ത്യക്കായി മത്സരിച്ച ഗുസ്തി താരം സോനത്തിനും അച്ചടക്കലംഘനത്തിന് അസോസിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സോനത്തിന്‍റെയും രക്ഷിതാക്കളുടെയും പാസ്പോര്‍ട്ട് ഗുസ്തി ഫെഡറേഷന്‍റെ ഓഫീസില്‍ നിന്ന് വാങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് തയാറാവാതെ സായ് പ്രതിനിധിയെ അയച്ചതിനാണ് നോട്ടീസ് നല്‍കിയത്. ഗുസ്തിയില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios