സ്വര്‍ണം കൊണ്ടുവരുമെന്ന് ഇന്നലെ അമ്മയ്ക്ക് വാക്കുകൊടുത്തതാണ്; കരയിച്ച് വിനേഷ് ഫോഗട്ടിന്‍റെ വീഡിയോ
ഇന്നലെ വീഡിയോ കോളില്‍ അമ്മയ്ക്ക് വാക്കുകൊടുത്ത വിനേഷ് ഫോഗട്ടിന്‍റെ ദൃശ്യങ്ങള്‍ ആരാധകരെ കരയിക്കുന്നു
പാരിസ്: പാരിസ് ഒളിംപിക്‌സില്‍ വനിതാ ഗുസ്‌തി താരം വിനേഷ് ഫോഗട്ടിലൂടെ ഇന്ത്യ മെഡലുറപ്പിച്ച ദിനമായിരുന്നു ഇന്നലെ. എന്നാല്‍ ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ വിനേഷ് ഫോഗട്ടിന് ഫൈനലില്‍ മത്സരിക്കാനാവില്ലെന്നും ഗെയിംസില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടെന്നുമുള്ള ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇന്ന് ഇന്ത്യ കേട്ടത്. ഞാന്‍ സ്വര്‍ണ മെഡലുമായി വരുമെന്ന് അമ്മയ്ക്ക് ഇന്നലെ വീഡിയോ കോളില്‍ വാക്കുകൊടുത്ത വിനേഷ് ഫോഗട്ടിന്‍റെ ദൃശ്യങ്ങള്‍ അതിനാല്‍ ഇപ്പോള്‍ ആരാധകരെ കരയിക്കുന്നു.
ഇന്നലെ നടന്ന വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി സെമിയില്‍ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാൻ ലോപ്പസിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് ഫോഗട്ട് ഫൈനലിന് യോഗ്യത നേടിയത്. ക്യൂബന്‍ താരത്തിന് ഒന്ന് പൊരുതാന്‍ പോലും അവസരം നല്‍കാതെ 5-0നായിരുന്നു ഫോഗട്ടിന്‍റെ ത്രില്ലര്‍ ജയം. ഇതിന് പിന്നാലെയായിരുന്നു ഗെയിംസ് വേദിയില്‍ വച്ച് വീഡിയോ കോളില്‍ അമ്മയുമായി വിനേഷ് ഫോഗട്ട് സംസാരിച്ചത്. ഇതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഞാന്‍ സ്വര്‍ണ മെഡല്‍ കൊണ്ടുവരും എന്ന് ഫോഗട്ട് അമ്മയ്ക്ക് വാക്ക് കൊടുക്കുന്നത് വീഡിയോയില്‍ ദൃശ്യമായിരുന്നു. അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കും സ്നേഹപൂര്‍വം ഫ്ലൈയിംഗ് കിസ് വിനേഷ് ഫോഗട്ട് നല്‍കുന്നതും വീഡിയോയില്‍ കാണാനായി. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ വീണ്ടും ഷെയര്‍ ചെയ്യപ്പെടുകയാണ്.
ഇന്ന് നടക്കേണ്ടിയിരുന്ന ഫൈനലിന് മുമ്പ് ഇന്ത്യന്‍ ജനതയെ കരയിച്ച വാര്‍ത്തയാണ് പാരിസ് ഒളിംപിക്‌സ് നഗരിയില്‍ നിന്ന് വന്നത്. ഫോഗട്ട് അപ്രതീക്ഷിതമായി പാരിസ് ഗെയിംസില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടു. ഫോഗട്ടിന് അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം കൂടുതൽ ഭാരം പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ വിശദീകരണം. ഭാരം നിയന്ത്രിക്കാന്‍ ഫോഗട്ട് ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ഇന്നലെ രാത്രി കഠിന പരിശീലനം നടത്തിയിരുന്നു. ഭാരം കുറയ്ക്കാൻ കഠിന വ്യായാമം ചെയ്ത ഫോഗട്ടിനെ നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് ക്ലിനിക്കിൽ പ്രവേശിപ്പിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം