രാജ്യാന്തര മീറ്റില്‍ 100 മീറ്റര്‍ ഓടാനെത്തിയ സൊമാലിയന്‍ താരത്തെ കണ്ട് അന്തം വിട്ട് ആരാധകര്‍ -വീഡിയോ
മൂന്നാം ഹീറ്റ്സിലാണ് നസ്റ ഓടിയത്. ഓട്ടത്തിന് മുമ്പുള്ള സ്റ്റാന്‍സ് എടുക്കാന്‍ പോലും നസ്റ പാടുപെടുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. ഓട്ടത്തിനായുള്ള ബസര്‍ മുഴങ്ങിയപ്പോള്‍ കൂടെ ഓടിയവരെല്ലാം അതിവേഗം ഫിനിഷ് ലൈന്‍ തൊട്ടപ്പോള്‍ തന്‍റേതായ സമയമെടുത്ത് ഓടിയ നസ്റ 21.81 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.
ബീജിംഗ്: ചൈനയില്‍ നടന്ന രാജ്യാന്തര യൂണിവേഴ്സിറ്റി ഗെയിംസിലെ വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കാനെത്തിയ താരത്തെ കണ്ട് അന്തംവിട്ട് ആരാധകര്‍. ഒരു കായിക താരത്തിന്‍റെ ശരീരഘടനയോ മതിയായ പരിശീലനമോ ലഭിക്കാത്ത വനിതാ താരത്തെയാണ് രാജ്യാന്തര അത്ലറ്റിക് മീറ്റിന്‍റെ 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കാനായി സൊമാലിയ അയച്ചത്.
100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്ത മറ്റ് താരങ്ങളെല്ലാം 11-12 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ തൊട്ടപ്പോള്‍ ഓട്ടം പൂര്‍ത്തിയാക്കാന്‍ പോലുമാവാതെ കിതച്ചെത്തുന്ന സൊമാലിയന്‍ താരത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. നസ്റ അബൂക്കര്‍ അലി എന്ന വനിതാ താരമാണ് സൊമാലിയയെ പ്രതിനിധീകരിച്ച് 100 മീറ്റര്‍ ഓട്ടത്തില്‍ രാജ്യാന്തര യൂണിവേഴ്സിറ്റി സ്പോര്‍ട്സ് ഫെഡറേഷന്‍ സംഘടിപ്പിച്ച ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ പങ്കെടുത്തത്.
മൂന്നാം ഹീറ്റ്സിലാണ് നസ്റ ഓടിയത്. ഓട്ടത്തിന് മുമ്പുള്ള സ്റ്റാന്‍സ് എടുക്കാന്‍ പോലും നസ്റ പാടുപെടുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. ഓട്ടത്തിനായുള്ള ബസര്‍ മുഴങ്ങിയപ്പോള്‍ കൂടെ ഓടിയവരെല്ലാം അതിവേഗം ഫിനിഷ് ലൈന്‍ തൊട്ടപ്പോള്‍ തന്‍റേതായ സമയമെടുത്ത് ഓടിയ നസ്റ 21.81 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ഹീറ്റസ്ല്‍ ഒന്നാം സ്ഥാനത്തെത്തിയ താരത്തെക്കാള്‍ 10 സെക്കന്‍ഡ് കൂടുതല്‍ സമയമെടുത്താണ് നസ്റ ഫിനിഷ് ചെയ്തതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
വീഡിയോ പുറത്തുവന്നതോടെ സൊമാലിയന്‍ കായികമന്ത്രാലയത്തിന്‍റെ പിടിപ്പുകേടിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. പിന്നാലെ സൊമാലിയന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ അധ്യക്ഷയായ ഖദീജോ അദെന്‍ ദാഹിറിനെ സൊമാലിയന്‍ കായിക മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു. ഫെഡറേഷന്‍ അധ്യക്ഷയെന്ന നിലയില്‍ സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയ ഖദീജോ രാജ്യത്തെ രാജ്യാന്തര വേദിയില്‍ നാണംകെടുത്തിയെന്നും പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ കായികമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന് തന്നെ നാണക്കേടായ സംഭവത്തില്‍ സൊമാലിയന്‍ കായികമന്ത്രി മൊഹമ്മദ് ബാറെ മൊഹമൂദ് ഫേസ്ബുക് വീഡിയോയിലൂടെ മാപ്പു പറഞ്ഞിരുന്നു.