പോള്‍വോള്‍ട്ടില്‍ മാത്രമല്ല ഡുപ്ലാന്റിസിന്റെ റെക്കോര്‍ഡ്; ഹര്‍ഡില്‍സിലെ ഒളിംപിക് ചാംപ്യനെ മറികടന്ന് ഇതിഹാസം
ഒളിംപിക് ചാംപ്യനും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോക റെക്കോര്‍ഡുകള്‍ക്ക് ഉടമയുമായ നോര്‍വേയുടെ കാര്‍സ്റ്റണ്‍ വാര്‍ഹോമിനെയാണ് ഡുപ്ലാന്‍റിസ് തോല്‍പ്പിച്ചത്.
സൂറിച്ച്: പോള്‍വോള്‍ട്ടില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ഇതിഹാസ താരം അര്‍മാന്‍ഡ് ഡുപ്ലാന്റിസിനെ തേടി മറ്റൊരു നേട്ടവും. 100 മീറ്റര്‍ ഓട്ടത്തിലും എതിരാളികള്‍ തന്നെ ഭയക്കണമെന്ന് തെളിയിച്ചിരിക്കുകയാണ് ഡുപ്ലാന്റിസ്. 100 മീറ്ററില്‍ ഡുപ്ലാന്റിസ് തോല്‍പ്പിച്ചതും ചില്ലറക്കാരനെയല്ല. ഒളിംപിക് ചാംപ്യനും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോക റെക്കോര്‍ഡുകള്‍ക്ക് ഉടമയുമായ നോര്‍വേയുടെ കാര്‍സ്റ്റണ്‍ വാര്‍ഹോമിനെയാണ്. 10.37 സെക്കന്‍ഡിലാണ് അര്‍മാന്‍ഡ് ഡുപ്ലാന്റിസ് 100 മീറ്റര്‍ പൂര്‍ത്തിയാക്കിയത്.
10.47 സെക്കന്റിലാണ് കാര്‍സ്റ്റണ്‍ വാര്‍ഹോം 100 മീറ്റര്‍ ഫിനിഷ് ചെയ്തത്. സൂറിച്ച് ഡയമണ്ട് ലീഗിന് മുന്‍പുള്ള പ്രദര്‍ശന മത്സരത്തിലാണ് ഇരു താരങ്ങളും ട്രാക്കിലിറങ്ങിയത്. തന്നോട് തോറ്റ വാര്‍ഹോമിന് ഡുപ്ലാന്റിസ് ശിക്ഷയും വിധിച്ചിട്ടുണ്ട്. ഡയമണ്ട് ലീഗില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ തന്റെ രാജ്യമായ സ്വീഡന്റെ ജഴ്‌സി അണിയണമെന്ന് താരം ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള സൗഹൃദ മത്സരം കാണാന്‍ നൂറ് കണക്കിന് പേരാണ് സൂറിച്ച് സ്റ്റേഡിയത്തിലെത്തിയത്. വീഡിയോ കാണാം...
സിലേഷ്യ ഡയമണ്ട് ലീഗിലാണ് പോള്‍ വോള്‍ട്ടില്‍ പുതിയ ലോക റെക്കോഡ് ഡുപ്ലാന്റിസ് കുറിച്ചത്. 6.26 മീറ്റര്‍ ദൂരമായിരുന്നു ഡുപ്ലാന്റിസ് താണ്ടിയത്. പാരീസ് ഒളിംപിക്‌സില്‍ 6.25 മീറ്റര്‍ മറികടന്ന് ലോക റെക്കോഡും സ്വര്‍ണമെഡലും ഡുപ്ലാന്റിസ് സ്വന്തമാക്കിയത്.