വൃത്തിയാണ് സാറെ ഇവരുടെ മെയിന്‍,പോകും മുമ്പ് ഡ്രസ്സിംഗ് റൂം വെടിപ്പാക്കി ജപ്പാന്‍ ഹോക്കി താരങ്ങള്‍-വീഡിയോ
മലേഷ്യക്കെതിരായ മത്സരത്തില്‍ മാത്രമല്ല, ഓരോ മത്സരം കഴിയുമ്പോഴും അവര്‍ ഇത് ചെയ്യാറുണ്ടെന്ന് ഹോക്കി ഇന്ത്യ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.മലേഷ്യക്കെതിരായ മത്സരത്തില്‍ ജപ്പാന്‍ 3-1ന് ജയിച്ചിരുന്നു.
ചെന്നൈ: ലോകകപ്പായാലും ചാമ്പ്യന്‍സ് ട്രോഫിയായാലും ഖത്തറായാലും ഇന്ത്യയായാലും വൃത്തിവിട്ടൊരു കളിക്ക് ജപ്പാന്‍ കായിക താരങ്ങളെ കിട്ടില്ല. ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ മത്സരങ്ങള്‍ക്ക് ശേഷം ജപ്പാനീസ് ആരാധകര്‍ സ്റ്റേഡിയം വൃത്തിയാക്കിയതും താരങ്ങള്‍ ഡ്രസ്സിംഗ് റൂം ക്ലീനാക്കിയതുമെല്ലാം നമ്മള്‍ കണ്ടതാണ്. ഇപ്പോഴിതാ ഫുട്ബോള്‍ താരങ്ങള്‍ മാത്രമല്ല, ജപ്പാനീസ് ഹോക്കി താരങ്ങളും വൃത്തിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ക്കില്ലെന്ന് വീണ്ടും തെളിയിക്കുകയാണ്. ചെന്നൈയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ മലേഷ്യക്കെതിരായ മത്സരശേഷം ജപ്പാനീസ് താരങ്ങള്‍ ഡ്രസ്സിംഗ് റൂം വെടിപ്പാക്കിയതിന്‍റെ വീഡിയോ ആണ് ഹോക്കി ഇന്ത്യ പങ്കുവെച്ചിരിക്കുന്നത്.
മലേഷ്യക്കെതിരായ മത്സരത്തില്‍ മാത്രമല്ല, ഓരോ മത്സരം കഴിയുമ്പോഴും അവര്‍ ഇത് ചെയ്യാറുണ്ടെന്ന് ഹോക്കി ഇന്ത്യ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.മലേഷ്യക്കെതിരായ മത്സരത്തില്‍ ജപ്പാന്‍ 3-1ന് ജയിച്ചിരുന്നു.ജയത്തോടെ ജപ്പാന്‍ സെമിയില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. നാലു മത്സരങ്ങളില്‍ ഒമ്പത് പോയന്‍റുമായാണ് ജപ്പാന്‍ സെമി ഉറപ്പിച്ചത്.ബുധനാഴ്ച ചൈനക്കെതിരെ ആണ് ലീഗ് റൗണ്ടില്‍ ജപ്പാന്‍റെ അവസാന മത്സരം. കരുത്തരായ ഇന്ത്യയെയും പാക്കിസ്ഥാനെയും സമനിലയില്‍ തളക്കാനും ജപ്പാനായി.
ഖത്തര്‍ ലോകകപ്പില്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന ജര്‍മനിക്കെതിരായ പോരാട്ടത്തില്‍ അട്ടിമറി വിജയം നേടിയശേഷം ജപ്പാനീസ് ആരാധകര്‍ വിജയാവേശത്തില്‍ മതിമറക്കാതെ സ്റ്റേഡിയം വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികള്‍ക്കൊപ്പം പങ്കുചേര്‍ന്നത് ആരാധകരുടെ കൈയടി നേടിയിരുന്നു. സ്റ്റേഡിയത്തിലെ വെള്ളക്കുപ്പികളും ഭക്ഷണപൊതികളും വാരിയെടുത്ത് വൃത്തിയാക്കി വേസ്റ്റ് ബിന്നുകളില്‍ നിക്ഷേപിച്ചശേഷമായിരുന്നു അവര്‍ സ്റ്റേഡിയം വിട്ടത്.
ജര്‍മനിക്കെതിരായ മത്സരശേഷം ജപ്പാന്‍ താരങ്ങള്‍ ഡ്രസ്സിം റൂമിലെ ജേഴ്സിയും ടവലും അടക്കമുള്ള തുണികളെല്ലാം വൃത്തിയായി മടക്കിവെച്ച് ഭംഗിയായി അലങ്കരിച്ചശേഷമാണ് റൂം വിട്ടത്. ഇതിന്‍റെ ചിത്രങ്ങള്‍ ഫിഫ തന്നെ പുറത്തുവിടുകയും ചെയ്തിരുന്നു. സംഘാടകര്‍ക്ക് നന്ദി അറിയിക്കുന്ന കുറിപ്പും അവര്‍ എവുതിവെച്ചിരുന്നു.