140 കോടി ഇന്ത്യക്കാരുടെ ഹൃദയത്തിൽ വിനേഷ് ചാമ്പ്യൻ, ഭാവിതാരങ്ങൾക്ക് പ്രചോദനം: രാഷ്ട്രപതി
പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം തന്നെ പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ചാണ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയെന്ന പ്രഖ്യാപനം വന്നത്
ദില്ലി: വിനേഷ് എല്ലാ ഇന്ത്യക്കാരുടെയും മനസിൽ ചാമ്പ്യൻ തന്നെയെന്ന് രാഷ്ട്രപതി ദ്രൌപദി മുർമു. താരത്തിന്‍റെ പ്രകടനം എല്ലാവർക്കും പ്രചോദനമാണെന്നും രാഷ്ട്രപതി പറഞ്ഞു. ഒളിംപിക്സ് വനിതാ വിഭാഗം 50 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് തൊട്ടുമുൻപ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനെ കുറിച്ചാണ് രാഷ്ട്രപതിയുടെ പ്രതികരണം.
"പാരീസ് ഒളിമ്പിക്സിൽ വിനേഷ് ഫോഗട്ടിന്‍റെ അസാധാരണ നേട്ടങ്ങൾ ഓരോ ഇന്ത്യക്കാരനെയും ആവേശഭരിതരാക്കുന്നു. അയോഗ്യതയിൽ നിരാശയുണ്ടെങ്കിലും 140 കോടി ജനങ്ങളുടെ ഹൃദയത്തിൽ വിനേഷ് ചാമ്പ്യനാണ്. ഇന്ത്യൻ സ്ത്രീകളുടെ തളരാത്ത വീര്യം വിനേഷിലുണ്ട്. ഇന്ത്യയിലെ ഭാവി ലോക ചാമ്പ്യന്മാരെ പ്രചോദിപ്പിക്കാൻ വിനേഷിന് കഴിഞ്ഞു. എല്ലാ ആശംസകളും നേരുന്നു"- എന്നാണ് ദ്രൌപദി മുർമു വ്യക്തമാക്കിയത്.
പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം തന്നെ പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ചാണ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയെന്ന പ്രഖ്യാപനം വന്നത്. മത്സര ദിവസമുള്ള പതിവ് ഭാരപരിശോധനയില്‍ അനുവദനീയമായ ശരീരഭാരത്തിനെക്കാള്‍ 100 ഗ്രാം കൂടുതല്‍ ശരീരഭാരം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് മുമ്പ് അയോഗ്യയാക്കിയത്.
വിനേഷ്, ധൈര്യത്തിലും ധാർമ്മികതയിലും നീ സ്വര്‍ണ്ണമെഡൽ ജേതാവ്; വൈകാരിക കുറിപ്പുമായി ബജ്റംഗ് പൂനിയ