ഇന്ത്യക്ക് നിരാശ, വിനേഷ് ഫോഗട്ടിനെ കൈവിട്ട് കായിക തർക്കപരിഹാര കോടതിയും; ഗുസ്തിയില്‍ വെള്ളി മെഡല്‍ ഇല്ല
ഒളിംപിക്സിലെ വനിതാ വിഭാഗം 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് മുമ്പ് നടത്തിയ പതിവ് ഭാരപരിശോനയിലാണ് വിനേഷ് ഫോഗട്ടിന് 100 ഗ്രാം അധികഭാരം ഉണ്ടെന്ന് കണ്ടെത്തിയത്.
പാരീസ്: ഒളിംപിക്സ് ഗുസ്തിയിൽ വിനേഷ് ഫോഗട്ടിന് മെഡലില്ല. അയോഗ്യതക്കെതിരെ വിനേഷ് നൽകിയ അപ്പീൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി തള്ളി.ഒറ്റവരി അറിയിപ്പിലൂടെയാണ് അപ്പീൽ തള്ളിയ വിവരം കോടതി അറിയിച്ചത്. ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വിനേഷിന്‍റെ അപ്പീല്‍ തള്ളിയ വിവരം ആദ്യം പുറത്തുവിട്ട ഇന്ത്യൻ മാധ്യമവും ഏഷ്യാനെറ്റ് ന്യൂസാണ്.
50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഫൈനലിലേക്ക് മുന്നേറിയ വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷനാണ് അയോഗ്യയാക്കിയത്. 100 ഗ്രാം ഭാരകൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഫൈനൽ വരെ മാനദണ്ഡങ്ങൾ പാലിച്ചതിനാൽ വെള്ളി മെഡൽ നൽകണമെന്നായിരുന്നു വിനേഷ് ഫോഗട്ടിന്‍റെ ആവശ്യം. എന്നാൽ നിയമത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്‍റെ വാദം അംഗീകരിച്ചാണ് വിനേഷിന്‍റെ അപ്പീൽ കോടതി തള്ളിയത്.
വിശദമായ ഉത്തരവ് പിന്നീടുണ്ടാകും. കോടതിയുടെ ഉത്തരവിൽ നിരാശയുണ്ടെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് പിടി ഉഷ പറഞ്ഞു. ഗുസ്തി നിയമത്തിൽ ആഴത്തിലുള്ള പരിശോധന വേണം. നിയമപോരാട്ടം തുടരുമെന്നും അസേസിയേഷൻ അറിയിച്ചു. വിധിക്കെതിരെ വിനേഷിന് കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകാനാകും. ശനിയാഴ്ച ഇന്ത്യയിൽ മടങ്ങിയെത്തുന്ന വിനേഷിന് ദില്ലി വിമാനത്താവളം മുതൽ ജന്മനാട് വരെ സ്വീകരണം ഒരുക്കുമെന്ന് ബജ്റംഗ് പൂനിയ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക