'എന്നെ കൊല്ലാകൊല ചെയ്യുകയാണ്'; ഒളിംപിക്‌സിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം വിനേഷ് ഫോഗട്ട്

വിമര്‍ശനം നേരിടുന്ന ഒരു താരമാണ് വനിതാ ഗുസ്തിയില്‍ ഇന്ത്യക്കായി മത്സരിച്ച് വിനേഷ് ഫോഗട്ട്. 53 കിലോ വിഭാഗത്തില്‍ മത്സരിച്ച താരം ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടു.

Vinesh Phogat breaks silence disappointing performance in Tokyo

ദില്ലി: ടോക്യോ ഒളിംപിക്‌സ് മെഡലുമായെത്തിയ ഇന്ത്യന്‍ താരങ്ങളെല്ലാം വലിയ സ്വീകരണങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന സമയമാണിത്. പലരേയും ആദരിക്കുകയും മറ്റും ചെയ്യുന്നു. എന്നാല്‍ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന താരങ്ങള്‍ നിരാശപ്പെടുത്തിയത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളില്‍ നിന്ന് മുറുമുറുപ്പ് ഉയരുന്നുണ്ട്. അത്തരത്തില്‍ വിമര്‍ശനം നേരിടുന്ന ഒരു താരമാണ് വനിതാ ഗുസ്തിയില്‍ ഇന്ത്യക്കായി മത്സരിച്ച് വിനേഷ് ഫോഗട്ട്. 53 കിലോ വിഭാഗത്തില്‍ മത്സരിച്ച താരം ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടു. പിന്നീട് റെപ്പഷാഗെ റൗണ്ടില്‍ മത്സരിച്ചെങ്കിലും ദയനീയമായി തോറ്റു. 

ഇപ്പോള്‍ തന്റെ പ്രകടനത്തെ കുറിച്ചും നേരിടുന്ന മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും സംസാരിക്കുകയാണ് താരം. ഫോഗട്ടിന്റെ വാക്കുകള്‍... ''കഴിഞ്ഞ ഒരാഴ്ച്ചയോളമായി വളരെധികം ബുദ്ധിമുട്ടേറിയ നിമിഷങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഞാന്‍ എന്നെതന്നെ ഗുസ്തിക്ക് സമര്‍പ്പിച്ചതാണ്. ഗുസ്തി നിര്‍ത്തിയാലോ എന്നൊക്കെ ചിന്തിച്ചു പോവുകയാണ്. എന്നാല്‍ അത് ചെയ്താല്‍ പോരുതാതെ കീഴടങ്ങുന്നത് പോലെയാവും. എന്റെ കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ പുറത്തുനിന്നുള്ള പലരും എന്റെ വിധിയെഴുതി കഴിഞ്ഞു. എന്നെ കൊല്ലാകൊല ചെയ്യുകയാണ്. ഒരു മെഡല്‍ നഷ്ടത്തോടെ അവര്‍ എനിക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ അഴിച്ചുവിടുകയാണ്.

കൂടെയുള്ള താരങ്ങള്‍ എന്ത് പറ്റിയെന്ന് ചോദിക്കില്ല. നിങ്ങള്‍ എന്ത് തെറ്റാണ് ചെയ്തതെന്ന കുറ്റപ്പെടുത്തലാണ് അവരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. നിങ്ങളെന്തിനാണ് വാക്കുകള്‍ എന്റെ വായില്‍ അടിച്ചുകയറ്റുന്നത്.? എനിക്കല്ലാതെ എന്നെ കുറിച്ച് മറ്റാര്‍ക്കും അറിയില്ല. ഞാന്‍ എനിക്ക് ചുറ്റും എന്ത് സംഭവിക്കുന്നുവെന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. എന്നാല്‍ മനപൂര്‍വമുള്ള കുറ്റപ്പെടുത്തലുകള്‍ ഇപ്പോഴുമുണ്ടാകുന്നു. എന്റെ തോല്‍വിയെ കുറിച്ച് എനിക്ക് പഠിക്കണം. റിയോയില്‍ പുറത്തായപ്പോള്‍ എന്നെ പലരും എഴുതിത്തള്ളിയിരുന്നു. എന്നിട്ടും ഞാന്‍ ഗുസ്തിയിലേക്ക് തിരിച്ചെത്തി. 

എല്ലാ താരങ്ങളും ഒളിംപിക്‌സ് പോലുള്ള വലിയ വേദികളില്‍ കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. ഞാനും അത്തരത്തിലായിരുന്നു. എന്നാല്‍ അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം. ഞാനൊരിക്കലും സമ്മര്‍ദ്ദം കൊണ്ടു തോറ്റുപോയിട്ടില്ല. ഞാന്‍ ടോക്യോയില്‍ ഏത് മത്സരത്തിനും തയ്യാറായിരുന്നു. എന്നാല്‍ അവസാന നിമിഷത്തെ ശാരീരിക പ്രശ്‌നങ്ങള്‍ എന്നെ തോല്‍വിയിലേക്ക് തള്ളിയിടുകയായിരുന്നു.'' ഫോഗട്ട് വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios