തലസ്ഥാനത്ത് നാഷണല്‍ റാങ്കിംഗ് ടേബിള്‍ ടെന്നീസ് ആവേശം; ശ്രദ്ധേയമായി ശരത് കമല്‍, അയ്ഹിക മുഖർജി, സുതീർഥ മുഖർജി
ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 21-ാം തിയതി ആരംഭിച്ച ചാമ്പ്യന്‍ഷിപ്പ് 27-ാം തിയതി അവസാനിക്കും
തിരുവനന്തപുരം: ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ ഓഫ് കേരള സംഘടിപ്പിക്കുന്ന യുടിടി നാഷണല്‍ റാങ്കിംഗ് ചാമ്പ്യന്‍ഷിപ്പ് 2023 തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം വേദിയാവുന്ന ചാമ്പ്യന്‍ഷിപ്പില്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യനും അര്‍ജുന, മേജർ ധ്യാന്‍ചന്ദ് ഖേല്‍രത്ന ജേതാവുമായ ശരത് കമലും ഏഷ്യന്‍ ഗെയിംസില്‍ വനിതാ ഡബിള്‍സ് വെങ്കലം നേടിയ അയ്ഹിക മുഖർജി, സുതീർഥ മുഖർജി ഉള്‍പ്പടെയുള്ള പ്രമുഖ താരങ്ങളും മത്സരിക്കുന്നുണ്ട്. ഇന്ത്യയില്‍ ടേബിള്‍ ടെന്നീസ് വളര്‍ച്ചയുടെ പാതയിലാണെന്നും പാരീസ് ഒളിംപിക്‌സിലേക്ക് ഉറ്റുനോക്കുന്നതായും ശരത് കമല്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 21-ാം തിയതി ആരംഭിച്ച ചാമ്പ്യന്‍ഷിപ്പ് 27-ാം തിയതി അവസാനിക്കും. ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ 2023ല്‍ സംഘടിപ്പിക്കുന്ന രണ്ടാമത്തെ നാഷണല്‍ റാങ്കിംഗ് ടൂര്‍ണമെന്‍റാണിത്. ആദ്യ ടൂര്‍ണമെന്‍റിന് ഈ വര്‍ഷം ആദ്യം തെലങ്കാന വേദിയായിരുന്നു. അണ്ടര്‍ 11, 13, 15, 17, 19, സീനിയര്‍ പുരുഷ, വനിതാ, മിക്‌സഡ് ഡബിള്‍സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 1250ലധികം താരങ്ങളാണ് തിരുവനന്തപുരത്തെ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്‌ക്കുന്നത്. ശരത് കമല്‍, ഹര്‍മീത് ദേശായ്, മാനവ് താക്കൂര്‍, സനില്‍ ഷെട്ടി, അയ്ഹിക മുഖർജി, സുതീർഥ മുഖർജി, അര്‍ച്ചനാ കാമത് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ ഇതിഹാസം ശരത് കമലിന് പുറമെ ഈയടുത്ത് ചൈനയില്‍ അവസാനിച്ച ഏഷ്യന്‍ ഗെയിംസില്‍ വനിതാ ഡബിള്‍സ് വെങ്കലം നേടിയ അയ്ഹിക മുഖർജി, സുതീർഥ മുഖർജി സഖ്യത്തിന്‍റെ സാന്നിധ്യം ടൂര്‍ണമെന്‍റിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
ആകെ ഒന്‍പത് ലക്ഷത്തോളം രൂപയാണ് ടൂര്‍ണമെന്‍റിന്‍റെ സമ്മാനത്തുക. പുരുഷ, വനിതാ വിഭാഗങ്ങളില്‍ സിംഗിള്‍സ് ചാമ്പ്യനാകുന്ന താരത്തിന് 77000 രൂപ വീതം സമ്മാനമായി ലഭിക്കും. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാച്ച് റഫറിമാര്‍ അടക്കമുള്ള 60 പേരാണ് നിയന്ത്രിക്കുന്നത്. എന്‍ ഗണേശനാണ് ടൂര്‍ണമെന്‍റിന്‍റെ പ്രാദേശിക സംഘാടന ചുമതല. ദില്ലിയില്‍ നിന്നുള്ള എ എസ് ക്ലേറാണ് ചീഫ് റഫറി. പുരുഷ, വനിതാ വിഭാഗങ്ങളിലെയും അണ്ടര്‍ 19 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിലും ഫൈനല്‍ നാളെ 24-ാം തിയതി ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും.
കാണാം വീഡിയോ
Read more: അർജുന തിളക്കത്തിൽ രണ്ട് മലയാളികൾ, അഭിമാനമായി എച്ച് എസ് പ്രണോയി, എൽദോസ് പോൾ; ശരത് കമലിന് ഖേല്‍രത്ന
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം