തണ്ടര്‍ ബോള്‍ട്ട് എത്തി, ഇരട്ടകുട്ടികളുടെ അച്ഛനായ സന്തോഷം പങ്കുവെച്ച് ഉസൈന്‍ ബോള്‍ട്ട്
കുടുംബജീവിതത്തിൽ എല്ലായ്പ്പോഴും സ്വകാര്യത സൂക്ഷിക്കുവാൻ ഇഷ്ടപ്പെടുന്ന ബോൾട്ട്, ആദ്യമായാണ് തന്‍റെ മക്കളുടെ ഫോട്ടോ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവെക്കുന്നത്.
ജമൈക്ക: ഫാദേഴ്സ് ഡേയില്‍ ഇരട്ടക്കുട്ടികളുടെ അച്ഛനായ സന്തോഷം പങ്കുവെച്ച് ഇതിഹാസ അത്‌ലറ്റ് ഉസൈന്‍ ബോള്‍ട്ട്. ഞായറാഴ്ചയാണ് ഭാര്യ കാസി ബെന്നറ്റ് രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്‍മം നല്‍കിയ കാര്യം ബോള്‍ട്ട് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. രണ്ട് കുഞ്ഞുങ്ങള്‍ക്കും വ്യത്യസ്തമായ പേരുകളാണ് ബോള്‍ട്ട് -കാസി ദമ്പതികള്‍ ഇട്ടിരിക്കുന്നത്. തണ്ടര്‍ ബോള്‍ട്ട്, സെന്‍റ് ലിയോ ബോള്‍ട്ട് എന്നാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. എന്നാല്‍ എന്നാണ് ഭാര്യ ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചത് എന്നകാര്യം ബോള്‍ട്ട് പറഞ്ഞിട്ടില്ല.
കുടുംബജീവിതത്തിൽ എല്ലായ്പ്പോഴും സ്വകാര്യത സൂക്ഷിക്കുവാൻ ഇഷ്ടപ്പെടുന്ന ബോൾട്ട്, ആദ്യമായാണ് തന്‍റെ മക്കളുടെ ഫോട്ടോ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവെക്കുന്നത്.
ഇപ്പോള്‍ ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് പുറമെ ഒളിംപിയ ലൈറ്റ്നിംഗ് ബോൾട്ട് എന്ന ഒരു മകൾ കൂടി ബോള്‍ട്ട്-കാസി ദമ്പതികള്‍ക്കുണ്ട്. മക്കളുടെ വ്യത്യസ്തമായ പേര് പുറത്തുവിട്ടതിന് പിന്നാലെ രസകരമായ പ്രതികരണങ്ങളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
2008, 2012, 2016 ഒളിംപിക്സുകളില്‍ പങ്കെടുത്ത ബോള്‍ട്ട് 100, 200 മീറ്ററുകളില്‍ ഉള്‍പ്പെടെ എട്ട് സ്വര്‍ണം നേടി. തുടര്‍ച്ചയായി മൂന്ന് ഒളിംപിക്സുകളില്‍ 100, 200 മീറ്റര്‍ സ്വര്‍മം നേടിയ ഏക സ്പ്രിന്‍ററും 100 മീറ്ററില്‍ ലോക റെക്കോര്‍ഡിന് ഉടമയുമാണ് ബോള്‍ട്ട്.