യുഎസ് ഓപ്പണ്‍: അഞ്ച് സെറ്റ് ത്രില്ലര്‍ കടന്ന് ജോക്കോ ഫൈനലില്‍; ചരിത്രനേട്ടത്തിനരികെ
സെമിയില്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ അലക്‌സാണ്ടര്‍ സ്വരേവിനെ 4-6, 6-2, 6-4, 4-6, 6-2 എന്ന സ്‌കോറില്‍ തോല്‍പിച്ചു
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഫൈനലില്‍. സെമിയില്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെ 4-6, 6-2, 6-4, 4-6, 6-2 എന്ന സ്‌കോറില്‍ തോല്‍പിച്ചു. ഫൈനലില്‍ ദാനില്‍ മെദ്വദേവിനെ ജോക്കോ നേരിടും. ജോക്കോയുടെ ഒന്‍പതാം യുഎസ് ഓപ്പണ്‍ ഫൈനലാണിത്. ജയിച്ചാല്‍ ജോക്കോവിച്ചിന് കലണ്ടന്‍ സ്ലാമും 21-ാം റെക്കോര്‍ഡ് ഗ്രാന്‍ഡ്‌സ്ലാമും നേടാം.
അതേസമയം കനേഡിയന്‍ താരം ഫെലിക്‌സ് ഓഗറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദാനില്‍ മെദ്വദേവ് തോൽപ്പിച്ചത്. സ്‌കോര്‍ 6-4, 7-5, 6-2. 2019ലെ റണ്ണര്‍ അപ്പാണ് മെദ്വദേവ്. കരിയറിലെ മൂന്നാമത്തെ ഗ്രാന്‍സ്ലാം ഫൈനലിനാണ് മെദ്വേദ് യോഗ്യത നേടിയത്.
വനിതകളില്‍ കൗമാര ഫൈനല്‍ ഇന്ന്
യുഎസ് ഓപ്പൺ വനിതാ ഫൈനലിൽ ഇന്ന് കൗമാരപ്പോരാട്ടം നടക്കും. കാനഡയുടെ ലെയ്‌ല ഫെർണാണ്ടസും ബ്രിട്ടന്റെ എമ്മ റാഡുക്കാനുവുമാണ് കിരീടപ്പോരാട്ടത്തിൽ ഇന്ന് ഏറ്റുമുട്ടുന്നത്. മുൻനിര താരങ്ങളെ അട്ടിമറിച്ചാണ് ഇരുവരും ഫൈനലിൽ എത്തിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona