അൾട്ടിമേറ്റ് ഖോഖോ: ഗുജറാത്ത് ജയന്‍റ്‌സിന് ആദ്യ തോല്‍വി സമ്മാനിച്ച് ഒഡിഷ ജുഗർനട്ട്സ്

ദിലീപ് നാല് മിനുറ്റും 33 സെക്കന്‍ഡും പ്രതിരോധിച്ചപ്പോള്‍ വിശാല്‍ മൂന്ന് മിനുറ്റും നാല് സെക്കന്‍ഡും പ്രതിരോധം കാഴ്‌ചവെച്ചു

Ultimate Kho Kho 2022 Odisha Juggernauts beat Gujarat Giants by 3 points

പൂനെ: അൾട്ടിമേറ്റ് ഖോഖോയുടെ ഉദ്ഘാടന പതിപ്പിലെ ലീഗ് മത്സരത്തില്‍ ഗുജറാത്ത് ജയന്‍റ്‌സിനെ മൂന്ന് പോയിന്‍റിന് തോല്‍പിച്ച് ഒഡിഷ ജുഗർനട്ട്സ്. ദിലീപ് ഖണ്ഡ്‌വിയുടെയും വിശാലിന്‍റേയും മികച്ച പ്രകടനത്തിന്‍റെ പിൻബലത്തിലാണ് ഒഡിഷ സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയത്. ഒഡിഷ 50-47 എന്ന സ്‌കോറിന് ത്രില്ലര്‍ പോരാട്ടം വിജയിക്കുകയായിരുന്നു.

ദിലീപ് നാല് മിനുറ്റും 33 സെക്കന്‍ഡും പ്രതിരോധിച്ചപ്പോള്‍ വിശാല്‍ മൂന്ന് മിനുറ്റും നാല് സെക്കന്‍ഡും പ്രതിരോധം കാഴ്‌ചവെച്ചു. ഒഡിഷയ്‌ക്കായി വസീര്‍ ശുബാശിഷ് 10 ഉം മിലിന്ദി ചവേരേഖര്‍ ഏഴും പോയിന്‍റുകള്‍ സ്വന്തമാക്കി. ഗുജറാത്തിനായി അനികേത് ഒന്‍പതും സുയാഷ് എട്ടും പോയിന്‍റ് വീതം സ്വന്തമാക്കിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. ടൂര്‍ണമെന്‍റില്‍ ഗുജറാത്ത് ജയന്‍റ്സിന്‍റെ ആദ്യ പരാജയമാണിത്.  

ആറ് ടീമുകള്‍, ആവേശ പോരാട്ടം

മുംബൈ, ചെന്നൈ, ഒഡിഷ, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നായി ആറ് ടീമുകളാണ് ഖോഖോ ലീഗില്‍ മാറ്റുരയ്‌ക്കുന്നത്. ചെന്നൈ ക്യുക്ക് ഗൺസ്, ഗുജറാത്ത് ജയന്‍റ്സ്, മുംബൈ ഖിലാഡീസ്, ഒഡിഷ ജുഗർനട്ട്സ്, രാജസ്ഥാൻ വാറിയേഴ്‌സ്, തെലുഗു യോദ്ധാസ് എന്നിവയാണ് ടീമുകൾ. ഖോഖോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. ഈ മാസം 14ന് ആരംഭിച്ച ടൂര്‍ണമെന്‍റിന്‍റെ ഫൈനൽ അടുത്ത മാസം നാലിന് നടക്കും. പൂനെ ബാലവാഡി സ്റ്റേഡിയത്തിലാണ് മത്സരങ്ങളെല്ലാം. 

5 ഭാഷകളിലായി സോണി സ്പോർട്സ് ചാനലുകളിൽ അൾട്ടിമേറ്റ് ഖോഖോ മത്സരങ്ങൾ തത്സമയം കാണാം. ഐപിഎല്ലും ഐഎസ്എല്ലും പ്രൊകബഡി ലീഗും ഏറ്റെടുത്തത് പോലെ ഖോഖോ ലീഗും കായികപ്രേമികൾ ഏറ്റെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ലീഗ് അടിസ്ഥാനത്തിലുള്ള മത്സരങ്ങൾ എല്ലാ ദിവസവും രാത്രി 7 മണിക്കാണ് ആരംഭിക്കുന്നത്. 

വരുന്നു ഐപിഎൽ മാതൃകയിൽ ഖോഖോ ലീഗ്; നിറയെ മലയാളി താരങ്ങള്‍, മുംബൈ ടീം മിനി കേരള

Latest Videos
Follow Us:
Download App:
  • android
  • ios