അണ്ടർ 20 ലോക അത്‍ലറ്റിക്‌സ്: ചരിത്ര വെള്ളിയുമായി ഇന്ത്യയുടെ മിക്‌സ്‌ഡ് റിലേ ടീം, ഏഷ്യന്‍ റെക്കോര്‍ഡ്
ഭരത് ശ്രീധർ, പ്രിയ മോഹൻ, കപിൽ, രുപൽ ചൗധരി എന്നിവർ ഉൾപ്പെട്ട സംഘമാണ് ഏഷ്യൻ റെക്കോർഡ് തിരുത്തി വെള്ളി നേടിയത്
കാലി: അത്‍ലറ്റിക്‌സിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ യുവതാരങ്ങൾ. അണ്ടർ 20 ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ(U20 World Athletics Championships) മിക്‌സ്‌ഡ് റിലേ ടീം വെള്ളി നേടി. ഭരത് ശ്രീധർ(Barath Sridhar), പ്രിയ മോഹൻ(Priya Mohan), കപിൽ(Kapil), രുപൽ ചൗധരി(Rupal Chaudhary) എന്നിവർ ഉൾപ്പെട്ട സംഘമാണ് ഏഷ്യൻ റെക്കോർഡ് തിരുത്തി വെള്ളി നേടിയത്. മൂന്ന് മിനുറ്റ് 17.76 സെക്കൻഡിലാണ് ഇന്ത്യൻ സംഘം ഫിനിഷ് ചെയ്തത്. ചാമ്പ്യൻഷിപ്പ് റെക്കോർഡ് തിരുത്തി അമേരിക്ക സ്വർണം സ്വന്തമാക്കിയപ്പോൾ ജമൈക്ക വെള്ളിയും സ്വന്തമാക്കി.
കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം
കഴിഞ്ഞ വർഷം നെയ്റോബിയിൽ നടന്ന മീറ്റിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു. ഇന്ത്യ 3:20.60 സമയത്തില്‍ ഫിനിഷ് ചെയ്‌താണ് കഴിഞ്ഞ കുറി വെങ്കലം സ്വന്തമാക്കിയത്. ഭരത് ശ്രീധര്‍, സുമി, പ്രിയ മോഹന്‍, കപില്‍ എന്നിവര്‍ അടങ്ങിയ ടീമാണ് ഇന്ത്യക്കായി മത്സരിച്ചത്. അന്ന് യഥാക്രമം നൈജീരിയ സ്വര്‍ണവും പോളണ്ട് വെള്ളിയും നേടി.
കോമണ്‍വെല്‍ത്തിലും മെഡല്‍ പ്രതീക്ഷയുടെ ദിനം
അതേസമയം കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുടെ ദിനമാണിന്ന്. ഭാരോദ്വഹനത്തിൽ മെഡൽ പ്രതീക്ഷയുമായി മൂന്ന് ഇന്ത്യൻ താരങ്ങള്‍ ഇന്ന് മത്സരിക്കും. ഉച്ചയ്ക്ക് രണ്ടിന് 109 കിലോ വിഭാഗത്തിൽ ലൗവ്പ്രീത് സിംഗും വൈകിട്ട് ആറരയ്ക്ക് വനിതകളുടെ 87 പ്ലസ് വിഭാഗത്തിൽ പൂർണിമ പാണ്ഡേയും രാത്രി പതിനൊന്നിന് 109 പ്ലസ് വിഭാഗത്തിൽ ഗുർദീപ് സിംഗും മത്സരിക്കും. ഇതോടെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിക്കും. ഭാരോദ്വഹനത്തിൽ ഇന്ത്യ മൂന്ന് സ്വർണമടക്കം എട്ട് മെഡൽ നേടിയിട്ടുണ്ട്.
ബോക്സിംഗിൽ അഞ്ച് ഇന്ത്യൻ താരങ്ങൾ ഇന്ന് ക്വാർട്ടർ ഫൈനലിന് ഇറങ്ങും. ജയിച്ചാൽ സെമിഫൈനൽ പ്രവേശത്തിനൊപ്പം ഇവർ മെഡലും ഉറപ്പിക്കും. വൈകിട്ട് 4.45ന് 45 കിലോ വിഭാഗത്തിൽ നീതു ഗംഗാസ് വടക്കൻ അയർലൻഡിന്‍റെ നിക്കോൾ ക്ലൈഡിനെ നേരിടും. വൈകിട്ട് 5.45ന് 54 കിലോ വിഭാഗത്തിൽ ഹുസാമുദ്ദീൻ മുഹമ്മദിന് നമീബിയൻ താരമാണ് എതിരാളി. രാത്രി 11.15ന് 48 കിലോ വിഭാഗത്തിൽ ലോകചാമ്പ്യൻ നിഖാത് സരീൻ വെയ്ൽസ് താരം ഹെലെൻ ജോൺസുമായി ഏറ്റുമുട്ടും. രാത്രി 12.45ന് 64 കിലോ വിഭാഗത്തിൽ ഒളിംപിക് മെഡലിസ്റ്റ് ലോവ്‍ലിന ബോർഗോഹെയ്ൻ വെയ്ൽസിന്‍റെ റോസീ എക്സെൽസിനെയും പുലർച്ചെ രണ്ടിന് 75 കിലോ വിഭാഗത്തിൽ ആശിഷ് കുമാർ ഇംഗ്ലണ്ടിന്‍റെ ആരോൺ ബോവനെയും നേരിടും.