കോമണ്‍വെല്‍ത്ത് ഗെയിംസിലെ രണ്ട് ബോക്‌സർമാര്‍ മുങ്ങി; ബര്‍മിംഗ്‌ഹാമില്‍ എയറിലായി പാകിസ്ഥാന്‍ ടീം

കോമൺവെൽത്ത് ഗെയിംസിന് ശേഷം ഇസ്ലാമാബാദിലേക്ക് തിരിക്കാനുള്ള ശ്രമത്തിലായിരുന്നു പാകിസ്ഥാൻ ടീം

Two Pakistani Boxers Missing In Birmingham After 2022 Commonwealth Games Reports

ബര്‍മിംഗ്‌ഹാം: കോമൺവെൽത്ത് ഗെയിംസിനെത്തിയ രണ്ട് പാകിസ്ഥാൻ ബോക്‌സർമാരെ കാണാനില്ല. രണ്ട് പേരും നാട്ടിലേക്ക് മടങ്ങാതിരിക്കാൻ മുങ്ങിയതാണെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ശ്രീലങ്കൻ സംഘത്തിലെ 10 പേരെയും കാണാതായിരുന്നു.

കോമൺവെൽത്ത് ഗെയിംസിന് ശേഷം ഇസ്ലാമാബാദിലേക്ക് തിരിക്കാനുള്ള ശ്രമത്തിലായിരുന്നു പാകിസ്ഥാൻ ടീം. അപ്പോഴാണ് രണ്ട് പേർ സംഘത്തിലില്ലെന്ന് മനസിലായത്. ഒന്നുകൂടി പരിശോധിച്ചപ്പോഴാണ് കാണാനില്ലാത്തത് ബോക്സർമാരായ സുലൈമാൻ ബലൂചിനെയും നസീറുള്ളയെയുമാണെന്ന് മനസിലായത്. പാസ്പോർട്ട് ഉൾപ്പെടെയുള്ള യാത്രാരേഖകൾ ഇല്ലാതെയാണ് രണ്ട് പേരും ഗെയിംസ് വില്ലേജിൽനിന്ന് മുങ്ങിയത്. പാസ്പോർട്ട് ടീം മാനേജറുടെ കൈവശമുണ്ടായിരുന്നു. ഇംഗ്ലണ്ടിലെ പാകിസ്ഥാൻ ഹൈകമ്മീഷനെ വിവരം അറിയിച്ചെന്ന് പാകിസ്ഥാൻ ബോക്സിംഗ് ഫെഡറേഷൻ, സെക്രട്ടറി നാസിർ ടാംഗ് പറഞ്ഞു. താരങ്ങള്‍ക്കായി തെരച്ചിൽ തുടരുകയാണ്. കോമൺവെൽത്ത് ഗെയിംസിൽ മത്സരിച്ച സുലൈമാൻ ബലൂചിയ്ക്കും നസീറുള്ളയ്ക്കും മെഡലൊന്നും നേടാനായിരുന്നില്ല.

ബോക്സർമാരുടെ തിരോധാനം പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ് പാകിസ്ഥാൻ ഒളിംപിക് അസോസിയേഷൻ. ലോക നീന്തൽ ചാമ്പ്യൻഷിപ്പിനായി ഹംഗറിയിലെത്തിയ പാക് നീന്തൽ താരം ഫൈസാൻ അക്ബറിനെയും ഇത്തരത്തിൽ കാണാതായിരുന്നു. അന്ന് മത്സരത്തിൽ പങ്കെടുക്കുക പോലും ചെയ്യാതിരുന്ന ഫൈസാൻ പാസ്പോർട്ടുമായാണ് മുങ്ങിയത്. 

കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ ശ്രീലങ്കൻ സംഘത്തിലെ 10 പേരെ നേരത്തെ കാണാതായിരുന്നു. യുകെയില്‍ ഒളിച്ചുതാമസിക്കുന്ന ഇവര്‍ മറ്റൊരു തൊഴില്‍ കണ്ടെത്തി രാജ്യത്ത് തുടരാനാണ് ശ്രമമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ടീം അംഗങ്ങള്‍ തിരികെയെത്തുമെന്ന് ഉറപ്പിക്കാന്‍ താരങ്ങളുടെ പാസ്‌പോര്‍ട്ട് വാങ്ങി ലങ്കന്‍ സ്‌ക്വാഡ് അധികൃതര്‍ സൂക്ഷിച്ചിരുന്നു. ഇത് മറികടന്നാണ് താരങ്ങളടക്കം 10 പേര്‍ ക്യാംപ് വിട്ടത്. വീസയ്ക്ക് ആറ് മാസത്തെ  കാലാവധിയുള്ളതിനാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാനുമാകില്ല. 

ശ്രീലങ്കന്‍ താരങ്ങള്‍ ഒളിവില്‍; കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ 10 പേര്‍ നാട്ടിലേക്ക് മടങ്ങില്ല

Latest Videos
Follow Us:
Download App:
  • android
  • ios