മെഡലുകൾ ഗംഗയിലൊഴുക്കില്ല, താൽക്കാലികമായി പിൻവാങ്ങി ഗുസ്തി താരങ്ങൾ; അനുനയിപ്പിച്ചത് കര്‍ഷക നേതാക്കൾ
മെഡലുകൾ ഒഴുക്കില്ലെന്നും 5 ദിവസം നടപടിയുണ്ടായില്ലെങ്കിൽ തിരിച്ചുവരുമെന്നും കായിക താരങ്ങൾ അറിയിച്ചു.
ദില്ലി : നീതി നിഷേധത്തിനെതിരെ മെഡലുകൾ ഗംഗയിൽ ഒഴുക്കിയുള്ള പ്രതിഷേധത്തിൽ നിന്നും താൽകാലികമായി പിന്മാറി ഗുസ്തി താരങ്ങൾ. ഹരിദ്വാറിലെത്തിയ കര്‍ഷക നേതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് താരങ്ങൾ സമരത്തിൽ നിന്നും താൽക്കാലികമായി പിൻമാറിയത്. കായിക താരങ്ങളോട് അഞ്ച് ദിവസം സമയം തരണമെന്നും പ്രശ്നപരിഹാരത്തിന് ഇടപെടലുണ്ടാകുമെന്നും കർഷക നേതാക്കൾ അറിയിച്ചു. ഈ അഭ്യർത്ഥന പരിഗണിച്ചാണ് താരങ്ങൾ പിൻമാറിയത്. മെഡലുകൾ ഒഴുക്കില്ലെന്നും 5 ദിവസം നടപടിയുണ്ടായില്ലെങ്കിൽ തിരിച്ചുവരുമെന്നും കായിക താരങ്ങൾ അറിയിച്ചു.
അതിവൈകാരികമായ രംഗങ്ങൾക്കാണ് ഹരിദ്വാര്‍ സാക്ഷിയായത്. തങ്ങൾ നേടിയ മെഡലുകൾ നെഞ്ചോട് ചേര്‍ത്ത് പൊട്ടിക്കരയുന്ന ഇന്ത്യയുടെ അഭിമാന താരങ്ങളുടെ ദൃശ്യങ്ങൾ വേദനാജനകമായി. താരങ്ങൾക്ക് പിന്തുണയുമായി ആയിരക്കണക്കിന് ജനങ്ങളും ഹരിദ്വാറിലേക്ക് എത്തിയിരുന്നു.
ഇന്ന് വൈകിട്ടോടെ രാജ്യത്തിനായി നേടിയ മെഡലുകൾ ഒഴുക്കി സമരം ചെയ്യുമെന്ന പ്രഖ്യാപനമുണ്ടായിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു രീതിയിലുമുള്ള അനുനയശ്രമവുമുണ്ടായില്ല. മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന പ്രഖ്യാപനമുണ്ടായിട്ടും കായിക താരങ്ങളെ കാണാനോ അവരുമായി അനുനയ ചര്‍ച്ച നടത്താനോ കേന്ദ്ര സര്‍ക്കാർ ഇതുവരെയും തയ്യാറായില്ല. ഇന്ത്യയുടെ അഭിമാനമായ താരങ്ങൾ ഇത്തരത്തിൽ അവഗണിക്കപ്പെടുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കർഷക സംഘടനകളും പ്രതിപക്ഷ പാർട്ടികളും താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അനിൽ കുംബ്ലൈ, സാനിയ മിര്‍സ, കപിൽ ദേവ്, നീരജ് ചോപ്ര, അടക്കമുള്ള കായികതാരങ്ങളും ശശിതരൂര്‍, അരവിന്ദ് കെജരിവാൾ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും കായിക താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തി.