എടിപി ഫൈനല്‍സ്: സിറ്റ്‌സിപാസ് പ്രതീക്ഷ നിലനിര്‍ത്തി, നദാലിനെ തോല്‍പ്പിച്ച് തീം സെമിയില്‍
റഷ്യയുടെ റുബ്‌ലേവിനെതിരെ ആദ്യ സെറ്റ് അനായാസമായിട്ടാണ് സിറ്റ്‌സിപാസ് നേടിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ റുബ്‌ലേവ് തിരിച്ചടിച്ചു.
ലണ്ടന്‍: എടിപി ഫൈനല്‍സില്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി നിലവിലെ ചാംപ്യന്‍ സ്റ്റെഫാനോസ് സിറ്റ്‌സിപാസ്. ഇന്നലെ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ആന്ദ്രേ റുബ്‌ലേവിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 6-1, 4-6, 7-6. ഇതോടെ റുബ്‌ലേവ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
റഷ്യയുടെ റുബ്‌ലേവിനെതിരെ ആദ്യ സെറ്റ് അനായാസമായിട്ടാണ് സിറ്റ്‌സിപാസ് നേടിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ റുബ്‌ലേവ് തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ ടൈബ്രേക്കിലാണ് വിജയികളെ തീരുമാനിച്ചത്.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തിയാല്‍ സിറ്റ്‌സിപാസിന് സെമിയില്‍ കടക്കാം. ഇരുവര്‍ക്കും ഓരോ ജയമാണുള്ളത്. നദാല്‍ ഇന്നലെ തീമിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച തീം സെമി ഉറപ്പിച്ചു.
നദാലിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഓസ്‌ട്രേയിന്‍ താരം തീമിന്റെ ജയം. സ്‌കോര്‍ 6-7, 6-7. മത്സരത്തില്‍ രണ്ട് സെറ്റുകളും ടൈബ്രേക്കിലേക്ക് നീണ്ടു. ആദ്യ സെറ്റിലെ ടൈബ്രേക്കില്‍ 9-7നായിരുന്നു തീമിന്റെ ജയം. രണ്ടാം സെറ്റില്‍ 4-7ന് ടൈബ്രേക്ക് നേടി തീം വിജയമുറപ്പിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ റുബ്ലേവാണ് തീമിന്റെ എതിരാളി.
ഗ്രൂപ്പ് എയില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്വദേവ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ആന്ദ്രേ സ്വരേവിനെ തോല്‍പ്പിച്ചു. 6-3, 6-4നായിരുന്നു മെദ്വദേവിന്റെ ജയം. നേരത്തെ ലോക ഒന്നാംനമ്പര്‍ നോവാക് ജോക്കോവിച്ചും ജയം കണ്ടിരുന്നു. അര്‍ജന്റീനയുടെ ഡിയേഗോ ഷ്വാര്‍ട്സ്മാനെയായിരുന്നു ജോക്കോവിച്ച് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 6-2.