പാരാലിംപിക്സില്‍ വീണ്ടും ഇന്ത്യന്‍ മെഡല്‍വേട്ട, ബാഡ്മിന്‍റണില്‍ സ്വര്‍ണവും വെങ്കലവും
സെമിയില്‍ മനോജ് സര്‍ക്കാരിനെ തോല്‍പ്പിച്ച ബെതെലിനെ കീഴടക്കിയാണ് പ്രമോദ് ഭാഗത് ഫൈനലില്‍ സ്വര്‍ണം നേടിയത്.
ടോക്യോ: പാരാലിംപിക്‌സില്‍ ഇന്ത്യ മെഡല്‍വേട്ട തുടരുന്നു. പുരുഷ ബാഡ്മിന്‍റണില്‍ എസ്എല്‍ 3 വിഭാഗത്തില്‍ ബ്രിട്ടന്‍റെ ഡാനിയേല്‍ ബെതെലിനെ തോല്‍പ്പിച്ച് പ്രമോദ് ഭഗത് സ്വര്‍ണം നേടി. ലോക ചാമ്പ്യന്‍ഷിപ്പില്‍ നാലു തവണ സ്വര്‍ണം നേടിയിട്ടുള്ള ലോക ഒന്നാം നമ്പര്‍ താരം കൂടിയായ പ്രമോദ് ഭാഗത് ഫൈനലില്‍ ഡാനിയേല്‍ ബെതെല്ലിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. സ്കോര്‍ 21-14, 21-17.
വെങ്കല പോരാട്ടത്തില്‍ ജപ്പാന്‍റെ ഡൈസുക്കെ ഫുജിഹാരയെ തോല്‍പ്പിച്ച് ഇന്ത്യന്‍ താരം മനോജ് സര്‍ക്കാര്‍ വെങ്കലം നേടിയതോടെ ടോക്യോ പാരാലിംപിക്സിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം 17 ആയി. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സര്‍ക്കാരിന്‍റെ ജയം. സ്കോര്‍ 22-20, 21-13.
സെമിയില്‍ മനോജ് സര്‍ക്കാരിനെ തോല്‍പ്പിച്ച ബെതെലിനെ കീഴടക്കിയാണ് പ്രമോദ് ഭാഗത് ഫൈനലില്‍ സ്വര്‍ണം നേടിയത്. അഞ്ചാം വയസില്‍ പോളിയോ ബാധിതനായ പ്രമോദ് ഭാഗത് രാജ്യത്തെ ഏറ്റവും മികച്ച പാരാ ഷട്ട്ലര്‍മാരിലൊരാണാള്. നാലു ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമടക്കം രാജ്യാന്തര തരലത്തില്‍ 45 മെഡലുകള്‍ പ്രമോദ് നേടിയിട്ടുണ്ട്.
ഷൂട്ടിംഗില്‍ ഇന്ന് രണ്ട് മെഡലുകള്‍ കൂടി ഇന്ത്യ നേടിയിരുന്നു. 50 മീറ്റര്‍ പിസ്റ്റള്‍ എസ്.എച്ച് 1 വിഭാഗത്തില്‍ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിംഗ്രാജ് അഥാന വെള്ളിയും നേടി. മനീഷിന് 218.2 പോയിന്റും സിംഗ്രാജ് 216.7 പോയിന്റുമാണ് ഉണ്ടായിരുന്നത്.