ദേശീയ കായികദിനത്തിൽ ഇന്ത്യക്ക് അഭിമാനം; പാരാലിംപിക്‌സിൽ ഇരട്ടവെള്ളി
ഡിസ്‌കസ് ത്രോയിൽ വിനോദ് കുമാർ വെങ്കലം നേടിയെങ്കിലും അപ്പീൽ നൽകിയതിനാൽ മത്സരഫലം പുനഃപരിശോധിക്കുമെന്ന് സംഘാടകർ
ടോക്കിയോ: ദേശീയ കായികദിനത്തിൽ ഇന്ത്യക്ക് അഭിമാനമായി പാരാലിംപിക്‌സിൽ ഇരട്ടവെള്ളി. ഭവിന ബെൻ പട്ടേലിന്‍റെ വെള്ളിനേട്ടത്തിന് പിന്നാലെ ഹൈംജംപിൽ നിഷാദ് കുമാറും വെള്ളി നേടി. ഡിസ്‌കസ് ത്രോയിൽ വിനോദ് കുമാർ വെങ്കലം സ്വന്തമാക്കിയെങ്കിലും അപ്പീൽ നൽകിയതിനാൽ മത്സരഫലം പുനഃപരിശോധിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അഭിമാനമായി ഭവിന
വനിതകളുടെ ടേബിൾ ടെന്നീസിൽ ഭവിന ബെൻ പട്ടേലാണ് ഇന്ന് ആദ്യ മെഡൽ രാജ്യത്തിന് സമ്മാനിച്ചത്. ക്ലാസ് 4 വിഭാഗം ഫൈനലില്‍ ഭവിനയെ ചൈനയുടെ ലോക ഒന്നാം നമ്പർ താരം യിംഗ് ഷൂ തോൽപിച്ചു. പത്തൊൻപത് മിനിറ്റ് മാത്രം നീണ്ടുനിന്ന ഫൈനലിൽ 11-7, 11-5, 11-6 എന്ന സ്‌കോറിനായിരുന്നു ചൈനീസ് താരത്തിന്റെ ജയം. ടേബിൾ ടെന്നീസിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ഭവിന. ലോക റാങ്കിംഗിൽ പന്ത്രണ്ടാം സ്ഥാനക്കാരിയാണ് ഭവിന ബെൻ പട്ടേൽ.
ഹൈജംപിലും വെള്ളിത്തിളക്കം
പുരുഷന്‍മാരുടെ ഹൈജംപില്‍ ഏഷ്യൻ റെക്കോർഡ് തിരുത്തി 2.06 മീറ്റർ ഉയരം മറികടന്ന നിഷാദ് കുമാറിന്‍റെ വെള്ളിയാണ് ഗെയിംസില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡല്‍. 2.09 മീറ്ററായി റെക്കോർഡ് മെച്ചപ്പെടുത്താനുള്ള ശ്രമം പക്ഷേ നിരാശയായി. ലോകറെക്കോർഡോടെ 2.15 മീറ്റർ ചാടി അമേരിക്കൻ താരം റോഡ്രിക് തൗസെൻഡ്സ് സ്വർണം നേടി.
വെങ്കലം പരിശോധനയില്‍
മിനുറ്റുകളുടെ ഇടവേളയിൽ വിനോദ് കുമാറിലൂടെ ഇന്ത്യ മൂന്നാം മെഡൽ നേടിയെങ്കിലും പിന്നാലെ ട്വിസ്റ്റുണ്ടായി. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ F 52 വിഭാഗത്തിൽ 19.91 മീറ്റർ ദൂരമെറിഞ്ഞ് ഏഷ്യൻ റെക്കോർഡുമായി വിനോദ് വെങ്കലം നേടി എന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍ അപ്പീലിനെ തുടര്‍ന്ന് മത്സരഫലം പുനഃപരിശോധിക്കുകയാണ് സംഘാടകർ.
ഒളിംപിക്‌സിന് പിന്നാലെ പാരാലിംപിക്‌സിലും ടോക്കിയോ ഇന്ത്യക്ക് ഭാഗ്യവേദിയാവുകയാണ്. മെഡല്‍ നേടിയ താരങ്ങളെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉള്‍പ്പടെയുള്ളവര്‍ അഭിനന്ദിച്ചു.