പാരാലിംപിക്‌സില്‍ സ്വര്‍ണവും വെള്ളിയും; ഇരട്ട മെഡല്‍ വെടിവെച്ചിട്ട് ഇന്ത്യന്‍ താരങ്ങള്‍
ഇന്ത്യയുടെ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിംഗ്‌രാജ് അഥാന വെള്ളിയും നേടി. 50 മീറ്റര്‍ പിസ്റ്റള്‍ എസ്.എച്ച് 1 വിഭാഗത്തിലാണ് നേട്ടം.
ടോക്കിയോ: ടോക്കിയോ പാരാലിംപിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് ഇരട്ട മെഡല്‍. ഇന്ത്യയുടെ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിംഗ്‌രാജ് അദാന വെള്ളിയും നേടി. 50 മീറ്റര്‍ പിസ്റ്റള്‍ എസ്.എച്ച് 1 വിഭാഗത്തിലാണ് നേട്ടം. പത്തൊൻപതുകാരനായ മനീഷ് 218.2 പോയിന്‍റുമായി പാരാലിംപിക് റെക്കോർഡോടെയാണ് സ്വര്‍ണം ചൂടിയത്. സിംഗ്‌രാജ് 216.7 പോയിന്‍റ് കരസ്ഥമാക്കി.
ടോക്കിയോയിൽ സിംഗ്‌രാജിന്‍റെ രണ്ടാം മെഡലാണിത്. നേരത്തേ 10 മീറ്റർ എയർ പിസ്റ്റൾ SH1 വിഭാഗത്തിൽ സിംഗ്‌രാജ് വെങ്കലം നേടിയിരുന്നു. വിജയികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
മെഡലുറപ്പിച്ച് പ്രമോദ് ഭഗതും സുഹാസ് യതിരാജും
ടോക്കിയോ പാരാലിംപിക്‌സിൽ മെഡലുറപ്പിച്ച് പ്രമോദ് ഭഗതും സുഹാസ് യതിരാജും ഫൈനലിൽ പ്രവേശിച്ചു. ബാഡ്‌മിന്റണിലാണ് ഇരുവരും സ്വർണ മെഡൽ പോരാട്ടത്തിന് യോഗ്യത നേടിയത്. SL3 സിംഗിൾസ് സെമിയിൽ ജപ്പാൻ താരം ദെയ്സുകെ ഫുജിഹാരയെ തോൽപിച്ചാണ് പ്രമോദ് ഫൈനലിൽ കടന്നത്. ഈ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരമായ പ്രമോദിന്റെ വിജയം 21-11, 21-16 എന്ന സ്‌കോറിനായിരുന്നു.
SL4 വിഭാഗത്തിലാണ് സുഹാസ് യതിരാജ് ഫൈനലിലേക്ക് മുന്നേറിയത്. സുഹാസ് സെമിയിൽ ഇന്തോനേഷ്യൻ താരത്തെ നേരിട്ടുള്ള ഗെയ്‌മുകൾക്ക് തോൽപിച്ചു. സ്‌കോർ 21-9, 21-15. ഇന്ന് ഉച്ചകഴിഞ്ഞ് ഇന്ത്യന്‍സമയം മൂന്ന് മണിക്ക് സ്വർണ മെഡൽ പോരാട്ടങ്ങൾ തുടങ്ങും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona