സ്വര്‍ണത്തിന് പിന്നാലെ വെങ്കലവും; പാരാലിംപിക്‌സില്‍ റെക്കോര്‍ഡിട്ട് അവനിലേഖര
ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടത്തിലെത്തി അവനിലേഖര
ടോക്കിയോ: ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യക്ക് 12-ാം മെഡല്‍. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3P SH1 വിഭാഗത്തില്‍ അവനിലേഖര വെങ്കലം നേടി. ഈ ഗെയിംസില്‍ അവനിലേഖരയുടെ രണ്ടാം മെഡലാണിത്. ഒരു പാരാലിംപിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടത്തിലെത്തി ഇതോടെ അവനിലേഖര.
445.9 സ്‌കോര്‍ നേടിയാണ് അവനിലേഖര വെങ്കലം വെടിവച്ചിട്ടത്. ചൈനീസ് താരം സ്വര്‍ണവും ജര്‍മന്‍ താരം വെള്ളിയും നേടി. ഗെയിംസില്‍ 12 മെഡലുകളാണ് ഇന്ത്യ ഇക്കുറി നേടിയിരിക്കുന്നത്. രണ്ട് സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യന്‍ നേട്ടം. ഒരു പാരാലിംപിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡല്‍ നേട്ടമാണിത്.
നേരത്തെ ഷൂട്ടിങ്ങിൽ 10 മീറ്റർ എയർറൈഫിളില്‍ അവനിലേഖര ലോക റെക്കോര്‍ഡോടെ(249.6) തങ്കമണിഞ്ഞിരുന്നു. പാരാലിംപിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടം അവനിലേഖര അന്ന് സ്വന്തമാക്കിയിരുന്നു. പത്തൊമ്പത് വയസ് മാത്രമുള്ള അവനിലേഖരയുടെ ആദ്യ പാരാലിംപിക്‌സാണിത്.
ടോക്കിയോ പാരാലിംപിക്‌സിലെ പതിനൊന്നാം മെഡല്‍ പ്രവീൺ കുമാറിന്‍റെ ഹൈജംപ് വെള്ളിയിലൂടെ ഇന്ത്യ ഇന്ന് രാവിലെ സ്വന്തമാക്കി. T64 വിഭാഗത്തിൽ 2.07 മീറ്റർ ഉയരം മറികടന്ന് ഏഷ്യൻ റെക്കോർഡോടെയാണ് പതിനെട്ടുകാരനായ പ്രവീണിന്റെ നേട്ടം. പ്രവീണിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്.
ടോക്യോ പാരാലിംപിക്‌സ്: ഹൈജംപില്‍ പ്രവീണ്‍ കുമാറിന് വെള്ളി, ഇന്ത്യക്ക് 11-ാം മെഡല്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona