തോൽവിയിലും താങ്കൾ കൂടെ നിന്നു; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഭവാനി ദേവി
ഒളിംപിക്‌സ് ഫെന്‍സിംഗില്‍ ജയം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ചരിത്രം സൃഷ്ടിച്ചതിന് പിന്നാലെയാണ് ഭവാനി ദേവി രണ്ടാം റൗണ്ടിൽ ഫ്രഞ്ച് താരത്തിന് മുന്നിൽ പൊരുതിത്തോറ്റ് പുറത്തായത്. 1896 മുതൽ ഒളിംപിക്‌സ് ഇനമായ ഫെന്‍സിംഗിൽ ഇന്ത്യയിൽ നിന്നാദ്യമായാണ് ഒരു താരം യോഗ്യത നേടി മത്സരിക്കാനിറങ്ങിയത്.
ടോക്യോ: ടോക്യോ ഒളിംപിക്സിൽ ഫെൻസിംഗിൽ രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകി പ്രചോദനത്തിനും പിന്തുണക്കും നന്ദി പറഞ്ഞ് ഭവാനി ദേവി.ഭവാനി ദേവി രണ്ടാം റൗണ്ടിൽ തോറ്റതിന് പിന്നാലെ പ്രധാനമന്ത്രി അവരുടെ നേട്ടത്തെ പ്രകീർത്തിച്ച് ട്വീറ്റ് ചെയ്തിരുന്നു.
രാജ്യത്തിന് താങ്കൾ കഴിവിന്റെ പരമാവധി നൽകി. ജയവും തോൽവിയുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. താങ്കളുടെ നേട്ടത്തിൽ ഇന്ത്യ അഭിമാനിക്കുന്നു. ഓരോ ഇന്ത്യക്കാരനും താങ്കൾ പ്രചോദനമാണ് എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഇതിന് മറുപടിയായാണ് തോൽവിയിലും പിന്തുണച്ച പ്രധാനമന്ത്രിക്ക് ഭവാനി ദേവി നന്ദി പറഞ്ഞത്.
നമ്മൾ പ്രചോദനമായി കാണുന്ന വ്യക്തി നമ്മളെ പ്രചോദനമെന്ന് വിളിക്കുമ്പോൾ ആ ദിവസം മികച്ചതാവാൻ അതിൽക്കൂടുതൽ എന്താണ് വേണ്ടത്. താങ്കളുടെ വാക്കുകൾ എന്നെ ശരിക്കും പ്രചോദിപ്പിച്ചു മോദിജി. തോൽവിയിലും താങ്കൾ കൂടെ നിന്നു. താങ്കളുടെ പിന്തുണയും നേതൃത്വവും വരും മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ എനിക്ക് പ്രചോദനവും ആത്മവിശ്വാസവും നൽകുന്നു, എന്നായിരുന്നു ഭവാനി ദേവിയുടെ ട്വീറ്റ്.
ഒളിംപിക്‌സ് ഫെന്‍സിംഗില്‍ ജയം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ചരിത്രം സൃഷ്ടിച്ചതിന് പിന്നാലെയാണ് ഭവാനി ദേവി രണ്ടാം റൗണ്ടിൽ ഫ്രഞ്ച് താരത്തിന് മുന്നിൽ പൊരുതിത്തോറ്റ് പുറത്തായത്. 1896 മുതൽ ഒളിംപിക്‌സ് ഇനമായ ഫെന്‍സിംഗിൽ ഇന്ത്യയിൽ നിന്നാദ്യമായാണ് ഒരു താരം യോഗ്യത നേടി മത്സരിക്കാനിറങ്ങിയത്. ചരിത്രം കുറിച്ച് ടോക്കിയോയിലെത്തിയ ഭവാനി ദേവി ആദ്യ മത്സരത്തിൽ ടുണീഷ്യന്‍ താരത്തെ തകര്‍ത്ത് വിസ്‌മയമാവുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത റൗണ്ടിൽ ലോക മൂന്നാം നമ്പര്‍ താരത്തിന് മുന്നിൽ പൊരുതി വീണു.
തമിഴ്‌നാട്ടിലെ ക്ഷേത്ര പൂജാരിയുടെ മകളായി ജനിച്ച ഭവാനിയെ ഒളിംപിക് വേദിയിലെത്തിച്ചത് 10 വര്‍ഷത്തിലേറെ തലശ്ശേരി സായി കേന്ദ്രത്തിൽ നടത്തിയ പരിശീലനമാണ്. തലശേരി ഗവ ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ബ്രണ്ണന്‍ കോളജിലുമായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. ഭവാനിയുടെ ഒളിംപിക്‌സ് പങ്കാളിത്തത്തിന്റെ എല്ലാ കടപ്പാടും കോച്ച് സാഗര്‍ എസ് ലാഗുവിനും തലശ്ശേരി സായി കേന്ദ്രത്തിനുമുള്ളതാണ്. ഫെന്‍സിംഗില്‍ ഭവാനിയെ ഒളിംപിക്‌സ് വരെ എത്തിക്കുന്നതില്‍ സാഗറിന്റെ തന്ത്രങ്ങള്‍ക്ക് വലിയ പങ്കുണ്ട്.