ടോക്കിയോ ഒളിംപിക്സ്: പ്രതീക്ഷയുടെ ഭാരത്താൽ തളർന്നു പോകരുതെന്ന് കായിക താരങ്ങളോട് പ്രധാനമന്ത്രി
പരിക്കു പറ്റിയിട്ടും റെക്കോർഡ് പ്രകടനം പുറത്തെടുത്ത ജാവലിൻ താരം നീരജ് ചോപ്രയെയും പ്രധാനമന്ത്രി പേരെടുത്ത് പരാമർശിച്ചു. പരിക്കു പറ്റിയിട്ടും താങ്കൾ പുതിയ റെക്കോർഡിട്ടു. അതുകൊണ്ടുതന്നെ പ്രതീക്ഷകളുടെ അമിതഭാരം നിങ്ങളുടെ ചുമലിലുണ്ടാവും. എങ്കിലും അതിൽ തളർന്നുപോകരുത്-പ്രധാനമന്ത്രി വ്യക്തമാക്കി.
ദില്ലി: ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയ ഇന്ത്യൻ കായിക താരങ്ങളോട് വീഡിയോ കോൺഫറൻസിൽ സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതീക്ഷയുടെ ഭാരത്താൽ തളർന്നുപോകരുതെന്ന് കായിക താരങ്ങളോട് പ്രധാനമന്ത്രി പറഞ്ഞു.
എന്റെ അവസാനത്തെ മൻ കീ ബാത്തിൽ മറ്റ് കായിക താരങ്ങൾക്കൊപ്പം ഞാൻ അമ്പെയ്ത്ത് താരം ദീപികാ കുമാരിയുടെ പേര് എടുത്ത് പറഞ്ഞിരുന്നു. ലോക റാങ്കിംഗിൽ ഒന്നാമതാണ് താങ്കളിപ്പോൾ. താങ്കളുടെ ജീവിതകഥ അറിയാൻ ലോകത്തിന് ആഗ്രഹമുണ്ട്. കുട്ടിക്കാലത്ത് മാങ്ങയായിരുന്നു നിങ്ങളുടെ ലക്ഷ്യം. അവിടെ നിന്ന് നിങ്ങൾ ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരിയാവുമ്പോൾ സ്വാഭാവികമായും പ്രതീക്ഷകളും അതിനൊപ്പം ഉയരും. ടോക്കിയോയിൽ താങ്കൾ രാജ്യത്തിന്റെ അഭിമാനമാവുമെന്ന് എനിക്ക് ആത്മവിശ്വസമുണ്ട്-പ്രധാനമന്ത്രി പറഞ്ഞു.
പരിക്കു പറ്റിയിട്ടും റെക്കോർഡ് പ്രകടനം പുറത്തെടുത്ത ജാവലിൻ താരം നീരജ് ചോപ്രയെയും പ്രധാനമന്ത്രി പേരെടുത്ത് പരാമർശിച്ചു. പരിക്കു പറ്റിയിട്ടും താങ്കൾ പുതിയ റെക്കോർഡിട്ടു. അതുകൊണ്ടുതന്നെ പ്രതീക്ഷകളുടെ അമിതഭാരം നിങ്ങളുടെ ചുമലിലുണ്ടാവും. എങ്കിലും അതിൽ തളർന്നുപോകരുത്-പ്രധാനമന്ത്രി വ്യക്തമാക്കി.
താൻ സ്വന്തം പ്രകടനത്തിലാണ് ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും മറ്റെല്ലാ സഹായങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നുണ്ടെന്നും നീരജ് ചോപ്ര പറഞ്ഞു. പരിക്കു മൂലം കുറച്ചു സമയം നഷ്ടമായി. എങ്കിലും ഒളിംപിക്സിലാണ് ഇനി തന്റെ പൂർണ ശ്രദ്ധയെന്നും നീരജ് വ്യക്തമാക്കി.
സ്പ്രിന്റർ ദ്യുതി ചന്ദിന്റെ പോരാട്ടവീര്യത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. ദ്യുതീ ജി, വർഷങ്ങളായുള്ള താങ്കളുടെ കഠിനപ്രയത്നത്തിന്റെ ഫലം ഏതാനും സെക്കൻഡുകളിലാണ് നിർണയിക്കപ്പെടുക-പ്രധാനമന്ത്രി പറഞ്ഞു. കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെ ആമുഖത്തോടെയാണ് കായികതാരങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ സംവാദം ആരംഭിച്ചത്.
കായിക താരങ്ങളായ മേരി കോം, സാനിയ മിർസ, മണിക ബത്ര, ദ്യുതീ ചന്ദ്, ദീപികാ കുമാരി, മലയാളി നീന്തൽ താരം സജൻ പ്രകാശ് എന്നിവർക്കൊപ്പം കേന്ദ്ര സഹ മന്ത്രി നിതീഷ് പ്രമാണിക്, മുൻ കായിക മന്ത്രിയും ഇപ്പോഴത്തെ നിയമമന്ത്രിയുമായ കിരൺ റിജിജു, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്ര എന്നിവരും യോഗത്തിൽ പങ്കെടുത്തു.
126 കായികതാരങ്ങളടങ്ങുന്ന ഇന്ത്യൻ സംഘമാണ് ഇത്തവണ ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കുന്നത്. 18 ഇനങ്ങളിലായി 69 മത്സരങ്ങളിലാണ് ഇന്ത്യൻ താരങ്ങൾക്ക് ഇത്തവണ പങ്കെടുക്കുക. ഒളിംപിക്സ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും മത്സരയിനങ്ങളിൽ ഇന്ത്യൻ താരങ്ങൾ മാറ്റുരക്കുന്നത്. ഫെൻസിംഗ് (ഭവാനി ദേവി), വനിതാ സെയിലിംഗ്(നേത്രകുമാരി), നീന്തൽ(സജൻ പ്രകാശ്, ശ്രീഹരി നടരാജ്) എന്നീ ഇനങ്ങളിലെല്ലാം ഇന്ത്യ ആദ്യമായാണ് മത്സരിക്കുന്നത്.
കൊവിഡ് മഹാമാരിയെത്തുടർന്ന് കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒളിംപിക്സ് ഈ വർഷ്തതേക്ക് മാറ്റുകയായിരുന്നു. ഈ മാസം 23 മുതൽ ഓഗസ്റ്റ് എട്ടുവരെയാണ് ഒളിംപിക്സ്. കൊവിഡ് ഭീതിയെത്തുടർന്ന് കാണികൾക്ക് പ്രവേശനമില്ലാതെയാണ് ഇത്തവണ മത്സരങ്ങൾ നടക്കുക.
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona