വെങ്കലത്തിളക്കവുമായി ടോക്യോയില്‍ നിന്ന് സിന്ധു തിരിച്ചെത്തി, ഗംഭീര വരവേല്‍പ്പൊരുക്കി രാജ്യം
ഒളിംപിക്സ് വെങ്കല മെഡല്‍ പോരാട്ടത്തില്‍ ചൈനയുടെ ഹെ ബിങ് ജിയാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് സിന്ധു വെങ്കലം നേടിയത്. റിയോ ഒളിംപിക്സില്‍ വെള്ളി മെഡല്‍ നേടിയ സിന്ധു ഇതോടെ തുടര്‍ച്ചയായി രണ്ട് ഒളിംപ്കിസുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.
ദില്ലി: ടോക്കിയോ ഒളിംപിക്സ് ബാഡ്മിന്‍റണിലെ വെങ്കലമെഡൽ നേട്ടവുമായി ഇന്ത്യയുടെ പി.വി.സിന്ധു നാട്ടിൽ തിരിച്ചെത്തി. ദില്ലി വിമാനത്താവളത്തിൽ ഗംഭീര വരവേല്‍പ്പാണ് താരത്തിന് ലഭിച്ചത്. ഒളിംപിക് മെഡൽ ജേതാവിന് വൈകീട്ട് ഔദ്യോഗിക സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ബായ്)യുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളോടെയാണ് സിന്ധുവിനെ വിമാനത്താവളത്തില്‍ വരവേറ്റത്. പിന്തുണച്ചവര്‍ക്കെല്ലാം സിന്ധു നന്ദി പറഞ്ഞു.
ഒളിംപിക്സ് വെങ്കല മെഡല്‍ പോരാട്ടത്തില്‍ ചൈനയുടെ ഹെ ബിങ് ജിയാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് സിന്ധു വെങ്കലം നേടിയത്. റിയോ ഒളിംപിക്സില്‍ വെള്ളി മെഡല്‍ നേടിയ സിന്ധു ഇതോടെ തുടര്‍ച്ചയായി രണ്ട് ഒളിംപ്കിസുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.
ഒളിംപിക്സിന് മുമ്പ് അത്ര മികച്ച ഫോമിലല്ലാതിരുന്ന സിന്ധു ഒളിംപിക്സില്‍ തുടര്‍ചയായ നാലു ജയങ്ങളോടെയാണ് സെമിയിലെത്തിയത്. ഒറ്റ ഗെയിം പോലും കൈവിടാതെയായിരുന്നു സിന്ധുവിന്‍റെ മുന്നേറ്റം. എന്നാല്‍ സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിങിനോട് സിന്ധു നേരിട്ടുള്ള ഗെയിമുകള്‍ക്ക് അടിയറവ് പറഞ്ഞു.