സ്വര്‍ണത്തിളക്കത്തില്‍ നീരജ് തിരിച്ചെത്തി; ഗംഭീര വരവേല്‍പ്പുമായി രാജ്യം
ടോക്യോയില്‍ മത്സരം കടുപ്പമായിരുന്നു. പക്ഷെ എതിരാളികളുടെ ശക്തി കണ്ട് ഒരിക്കലും ഭയക്കരുത്. നമ്മുടെ കഴിവിന്‍റെ 100 ശതമാനവും അര്‍പ്പിക്കുക. ആരെയും ഭയക്കരുത്.
ദില്ലി: ടോക്യോ ഒളിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി രാജ്യത്തിന്‍റെ അഭിമാനമായ നീരജ് ചോപ്ര ഇന്ത്യയില്‍ തിരിച്ചെത്തി. സ്വര്‍ണ മെഡലും കഴുത്തിലണിഞ്ഞ് ദില്ലി വിമാനത്താവളത്തിലിറങ്ങിയ നീരജിനെ കാണാനും അഭിനന്ദിക്കാനുമായി നൂറു കണക്കിനാളുകളാണ് വിമാനത്താവളത്തില്‍ തടിച്ചു കൂടിയത്.
വിമാനത്താവളത്തില്‍ നിന്ന് നേരെ കായിക മന്ത്രാലയം അശോക ഹോട്ടലില്‍ ഒരുക്കിയ സ്വീകരണച്ചടങ്ങിലേക്കാണ് നീരജ് പോയത്. എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ചടങ്ങിലേക്ക് നീരജിനെ വരവേറ്റത്.
ടോക്യോയില്‍ താന്‍ നേടിയ സ്വര്‍ണം രാജ്യത്തിന്‍റേതാണെന്ന് ചടങ്ങില്‍ നീരജ് പറഞ്ഞു. മെഡലും പോക്കറ്റിലിട്ടാണ് താന്‍ എപ്പോഴും നടക്കുന്നതെന്നും ശരിയായി ഉണ്ടിട്ടും ഉറങ്ങിയിട്ടും ദിവസങ്ങളായെങ്കിലും ഈ മെഡലിലേക്ക് നോക്കുമ്പോള്‍ അതെല്ലാം മറക്കുമെന്നും നീരജ് ചടങ്ങില്‍ പറഞ്ഞു.
ടോക്യോയില്‍ മത്സരം കടുപ്പമായിരുന്നു. പക്ഷെ എതിരാളികളുടെ ശക്തി കണ്ട് ഒരിക്കലും ഭയക്കരുത്. നമ്മുടെ കഴിവിന്‍റെ 100 ശതമാനവും അര്‍പ്പിക്കുക. ആരെയും ഭയക്കരുത്. മത്സരത്തിലെ രണ്ടാം ശ്രമം പൂര്‍ത്തിയാക്കിയപ്പോഴെ അതെന്‍റെ ഏറ്റവും മികച്ച ശ്രമമമാണെന്ന് മനസിലായിരുന്നു. മത്സരപ്പിറ്റേന്ന് എന്റെ കൈയിനും തോളിനും കഠിനമായ വേദനയുണ്ടായിരുന്നുവെന്നും നീരജ് പറഞ്ഞു.
ചടങ്ങില്‍ മെഡല്‍ ജേതാക്കളെയെല്ലാം ആദരിച്ചു. വനിതാ ഹോക്കി ടീമിന്‍റെ ഗോള്‍ കീപ്പറായ സവിതാ പൂനിയയെ ഇന്ത്യയുടെ വന്‍മതിലെന്ന് മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് വിശേഷിപ്പിച്ചു. നിര്‍ഭാഗ്യത്തിന് വനിതാ ടീമിന് മെഡല്‍ നഷ്ടമായെങ്കിലും അവര്‍ രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്തിയെന്നും ശ്രീജേഷ് പറഞ്ഞു.
ഗുസ്തിയില്‍ സ്വര്‍ണം നേടിയ ബജ്റംഗ് പൂനിയയെയാണ് ചടങ്ങില്‍ ആദ്യം ആദരിച്ചത്. മെഡല്‍ പോരാട്ടത്തിനിടെ കാല്‍മുട്ടിലെ പരിക്ക് അലട്ടിയിരുന്നുവെന്ന് ബജ്റംഗ് പൂനിയ വ്യക്തമാക്കി. എന്നാല്‍ കാലൊടിഞ്ഞാലും മെഡല്‍ പോരാട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന ദൃഢനിശ്ചയമുണ്ടായിരുന്നുവെന്നും ബജ്റംഗം പൂനിയ വ്യക്തമാക്കി.
സെമിയില്‍ പോരാട്ടത്തിനിറങ്ങുമ്പോഴും സ്വര്‍ണം മാത്രമായിരുന്നു ലക്ഷ്യമെന്ന് ഇന്ത്യയുടെ വനിതാ ബോക്സിംഗ് താരം ലോവ്ലിന ബോര്‍ഗോഹെയ്ന്‍ പറഞ്ഞു. പാരീസില്‍ സ്വര്‍ണത്തിനായി ശ്രമിക്കുമെന്നും ലോവ്ലിന വ്യക്തമാക്കി.
സുശീല്‍ കുമാറിന്‍റെയും യോഗേശ്വര്‍ ദത്തിന്‍റെ പ്രകടനങ്ങളാണ് തന്‍റെ പ്രചോദനമെന്ന് ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ രവി ദഹിയ പറഞ്ഞു. ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിമനെയും ചടങ്ങില്‍ ആദരിച്ചു. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍, കേന്ദ്ര മന്ത്രി കിരണ്‍ റിജിജു, കേന്ദ്ര സഹമന്ത്രി നിസിത് പ്രമാണിക് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.