ഒളിംപിക്സ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ കളിക്കാരുടെ എണ്ണം കുറയ്ക്കാൻ നിർദേശം
ഉദ്ഘാടനചടങ്ങും മാർച്ച് പാസ്റ്റും കഴിയാൻ പാതിരാത്രിയാവുമെന്നതിനാൽ ഉദ്ഘാടന ചടങ്ങിന്റെ തൊട്ടടുത്ത ദിവസം മത്സരമുള്ളവരോട് മാർച്ച് പാസ്റ്റിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് നിർദേശം.
ടോക്യോ: ടോക്യോ ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടക്കുന്ന മാർച്ച് പാസ്റ്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങളുടെ എണ്ണം പരിമിതപ്പെടുത്താൻ തീരുമാനം. ഉദ്ഘാടന ചടങ്ങിന് പിറ്റേന്ന് മത്സരങ്ങളുള്ള കളിക്കാർ മാർച്ച് പാസ്റ്റിൽ പങ്കെടുക്കേണ്ടെന്ന് ഉപദേശിച്ചതായി ഇന്ത്യ ഒളിംപിക് സംഘത്തിന്റെ ഡെപ്യൂട്ടി ചീഫ് ഡി മിഷൻ പ്രേംകുമാർ വർമ വാർത്താ ഏജൻസിയോട് പറഞ്ഞു.
കൊവിഡ് പിടിപെടാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിലാണ് മാർച്ച് പാസ്റ്റിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ജനറൽ സെക്രട്ടറി രാജീവ് മേത്തയും വ്യക്തമാക്കി. മാർച്ച് പാസ്റ്റിൽ പരമാവധി എത്ര പേരെ പങ്കെടുപ്പിക്കണമെന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കും.
126 കായികതാരങ്ങളും നൂറോളം ഒഫീഷ്യൽസും അടക്കം 228 പേരടങ്ങുന്നതാണ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘം. ഉദ്ഘാടനചടങ്ങും മാർച്ച് പാസ്റ്റും കഴിയാൻ പാതിരാത്രിയാവുമെന്നതിനാൽ ഉദ്ഘാടന ചടങ്ങിന്റെ തൊട്ടടുത്ത ദിവസം മത്സരമുള്ളവരോട് മാർച്ച് പാസ്റ്റിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് പ്രേംകുമാറിന്റെ നിർദേശം.
ഷൂട്ടിംഗ് താരങ്ങളായ സൗരഭ് ചൗധരി, അഭിഷേക് വർമ, അപൂർവി ചന്ദേല, എലവേനിൽ വാളറിവൻ എന്നിവർക്കെല്ലാം ഉദ്ഘാടനച്ചടങ്ങിന്റെ പിറ്റേന്ന് മത്സരങ്ങളുണ്ട്. ഇവർക്ക് പുറമെ രണ്ടാം ദിനം മത്സരമുള്ള മനു ഭാക്കർ, യശസ്വിനി സിംഗ് ദേസ്വാൾ, ദീപക് കുമാർ, ദിവ്യാൻശ് സിംഗ് പൻവാർ എന്നിവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് സൂചന. ഇവർക്കുപുറമെ ബോക്സിംഗ്, അമ്പെയ്ത്ത്, പുരുഷ-വനിതാ ഹോക്കി ടീമുകൾക്കും ഉദ്ഘാടനച്ചടങ്ങിന് പിറ്റേന്ന് മത്സരമുണ്ട്. ഇന്ന് ജപ്പാനിലെത്തിയ താരങ്ങൾക്ക് ക്വാറന്റീൻ പൂർത്തിയാക്കേണ്ടതിനാൽ മാർച്ച് പാസ്റ്റിൽ പങ്കെടുക്കാനാവില്ല.
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.