ടോക്യോ ഒളിംപിക്സ്: എലെയ്ന്‍ തോംസൺ വേഗറാണി
1988ലെ ഒളിംപിക്സില്‍ അമേരിക്കയുടെ ഫ്ലോറന്‍സ് ഗ്രിഫിത്ത് ജോയ്നര്‍ സ്ഥാപിച്ച 33 വര്‍ഷം പഴക്കമുള്ള ഒളിംപിക് റെക്കോര്‍ഡാണ് ടോക്യോയില്‍ എലെയ്നിന്‍റെ വേഗത്തിന് മുന്നില്‍ തകര്‍ന്നത്.
ടോക്യോ: ടോക്കിയോ ഒളിംപിക്സിലെ ജമൈക്കയുടെ എലെയ്ന്‍ തോംസൺ ഹെറാ വേഗറാണി. വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ 10.61 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒളിംപിക് റെക്കോര്‍ഡോടെയാണ് എലെയ്നിന്‍റെ സ്വര്‍ണം നേട്ടം. റിയോ ഒളിംപിക്സിലും എലെയ്നായിരുന്നു സ്വര്‍ണം.
1988ലെ ഒളിംപിക്സില്‍ അമേരിക്കയുടെ ഫ്ലോറന്‍സ് ഗ്രിഫിത്ത് ജോയ്നര്‍ സ്ഥാപിച്ച 33 വര്‍ഷം പഴക്കമുള്ള ഒളിംപിക് റെക്കോര്‍ഡാണ് ടോക്യോയില്‍ എലെയ്നിന്‍റെ വേഗത്തിന് മുന്നില്‍ തകര്‍ന്നത്. വനിതകളുടെ 100 മീറ്ററില്‍ ആദ്യ മൂന്ന് മെഡലും ജമൈക്ക സ്വന്തമാക്കി.
ലോക ഒന്നാം നമ്പര്‍ താരവും രണ്ട് തവണ ഒളിംപിക് ചാമ്പ്യനുമായിട്ടുള്ള ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍(10.74) വെള്ളിയും ഷെറീക്ക ജാക്സണ്‍(10.76) വെങ്കലവും നേടി. ഷെറീക്കയുടെ ഏറ്റവും മികച്ച സമയമാണിത്. മൂന്നാം റാങ്കുകാരി ഐവറികോസ്റ്റിന്‍റെ തൗ ലൗ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്(10.91).
ഫ്ലോറന്‍സ് ഗ്രിഫിത്ത് ജോയ്നറുടെ ഒളിംപിക് റെക്കോര്‍ഡ് മറികടന്നെങ്കിലും വനിതകളിലെ ഏറ്റവും വേഗം കൂടി താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും ജോയ്നറുടെ പേരിലാണ്(10.49)