ടോക്കിയോയിൽ ഇന്ന് കൊടിയിറക്കം; തലയെടുപ്പോടെ ഇന്ത്യ
ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകളുമായാണ് ഇന്ത്യ ടോക്കിയോയിൽ നിന്ന് മടങ്ങുന്നത്. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി ഏഴ് മെഡലുകള്‍ ഇന്ത്യക്ക് ലഭിച്ചു.
ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിന് ഇന്ന് കൊടിയിറക്കം. വൈകിട്ട് 4.30നാണ് സമാപനചടങ്ങുകൾക്ക് തുടക്കമാവുക. നീരജ് ചോപ്രയോ ബജ്റംഗ് പുനിയയോ സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കും. 13 ഫൈനലുകളാണ് അവസാന ദിവസമുള്ളത്.
ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകളുമായാണ് ഇന്ത്യ ടോക്കിയോയിൽ നിന്ന് മടങ്ങുന്നത്. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി ഏഴ് മെഡലുകള്‍ ഇന്ത്യക്ക് ലഭിച്ചു. ലണ്ടന്‍ ഒളിംപിക്‌സിലെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. അത്‍ലറ്റിക്‌സിൽ ചരിത്ര മെഡലുമായി നീരജ് ചോപ്ര ടോക്കിയോയിലെ ഇന്ത്യന്‍ ഹീറോയായപ്പോള്‍ പുതുചരിത്രമെഴുതി ഹോക്കി ടീമുകളും ശക്തമായ സാന്നിധ്യമറിയിച്ച് മീരാബായി ചനുവടക്കമുള്ള വനിതാ താരങ്ങളും അഭിമാനമായി.
അതേസമയം മെഡല്‍പ്പട്ടികയില്‍ ചൈന, അമേരിക്ക പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്. 38 സ്വര്‍ണവും 31 വെള്ളിയും 18 വെങ്കലവും സഹിതം 87 മെഡലുകളുമായി ചൈനയാണ് ഒന്നാമത്. തൊട്ടുപിന്നില്‍ 37 സ്വര്‍ണവും 39 വെള്ളിയും 33 വെങ്കലവും അടക്കം 109 മെഡലുകളുമായി അമേരിക്കയുണ്ട്.
ഗോള്‍ഡന്‍ ചോപ്ര
ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്രയുടെ സ്വര്‍ണത്തിലൂടെ ഇന്ത്യ നേടിയത്. 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണം നേട്ടം. താരത്തിന് വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ട ജര്‍മന്‍ താരം, ലോക ഒന്നാം നമ്പര്‍ ജൊഹന്നാസ് വെറ്റര്‍ പാടേ നിരാശപ്പെടുത്തി. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്.
ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളുവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. അവസാന മൂന്ന് റൗണ്ടിലെ നീരജിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തില്ല.
കൃത്യമായ പരിശീലനം, കഠിനാധ്വാനം; നീരജ് ചോപ്രയുടെ വിജയരഹസ്യം പങ്കുവച്ച് ഇന്ത്യന്‍ മുഖ്യപരിശീലകൻ
74 വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ നഷ്ടങ്ങളുടെ ചരിത്രം തിരുത്തി നീരജ് ചോപ്ര
നീരജിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona