ഒളിംപിക്‌സ്: ഗുസ്‌തിയില്‍ തോല്‍വിയോടെ തുടക്കം; സോനം മാലിക്കിന് അപ്രതീക്ഷിത പരാജയം
മംഗോളിയന്‍ താരം തൊട്ടടുത്ത റൗണ്ടിൽ പുറത്തായതോടെ സോനത്തിന്‍റെ വെങ്കലമെഡൽ സാധ്യതയും അവസാനിച്ചു
ടോക്കിയോ: ഒളിംപിക്‌സ് ഗുസ്‌തിയില്‍ ഇന്ത്യക്ക് നിരാശയോടെ തുടക്കം. വനിതകളുടെ 62 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ 19 വയസുകാരി സോനം മാലിക്ക് ആദ്യ റൗണ്ടില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവായിട്ടുള്ള മംഗോളിയന്‍ താരം ബൊലോർത്തുയ ഖുറേൽഖുവാണ് സോനത്തെ കീഴടക്കിയത്. മത്സരത്തില്‍ ഭൂരിഭാഗം സമയവും മുന്‍തൂക്കം സോനത്തിനായിരുന്നു. ഇരുവരും 2-2ന്‍റെ തുല്യതയില്‍ മത്സരം അവസാനിപ്പിച്ചെങ്കിലും അവസാന മിനുറ്റിലെ മുന്നേറ്റത്തിന്‍റെ കരുത്തില്‍ മംഗോളിയന്‍ താരത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
മംഗോളിയന്‍ താരം തൊട്ടടുത്ത റൗണ്ടിൽ പുറത്തായതോടെ സോനത്തിന്‍റെ വെങ്കല മെഡൽ സാധ്യതയും അവസാനിച്ചു. മംഗോളിയന്‍ താരം ഫൈനലില്‍ എത്തിയിരുന്നെങ്കിൽ സോനത്തിന് റെപ്പഷാ റൗണ്ടിൽ കളിക്കാമായിരുന്നു. റിയോയിലെ വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക്കിനെ തോൽപ്പിച്ചാണ് സോനം ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടിയത്.
തിരിച്ചടികളുടെ ദിനം
ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണി ഫൈനലിലെത്താതെ പുറത്തായതാണ് ഇന്നത്തെ മറ്റൊരു നിരാശ വാര്‍ത്ത. യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയില്‍ 54.04 മീറ്റർ ദൂരമെറിഞ്ഞ അന്നുവിന് 14-ാം സ്ഥാനത്തേ എത്താനായുള്ളൂ. ആദ്യ ത്രോയില്‍ 50.35 മീറ്ററും രണ്ടാം ശ്രമത്തില്‍ 53.19 മീറ്ററുമാണ് കണ്ടെത്തിയത്. ഓട്ടോമാറ്റിക് ക്വാളിഫിക്കേഷന്‍ മാര്‍ക്ക് 63 മീറ്ററായിരുന്നു. മാത്രമല്ല, ഈ വര്‍ഷാദ്യം ഫെഡറേഷന്‍ കപ്പില്‍ 63.24 മീറ്റര്‍ എറിഞ്ഞ പ്രകടനത്തിന്‍റെ അടുത്തെത്താന്‍ പോലും 29കാരിയായ അന്നുവിനായില്ല.
പുരുഷ ഹോക്കിയിലും ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. സെമിയില്‍ അതിശക്തരായ ബെല്‍ജിയത്തോട് ഇന്ത്യ കീഴടങ്ങി. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ലോക ചാമ്പ്യന്‍മാരായ ബെല്‍ജിയത്തിന്‍റെ ജയം. ബെല്‍ജിയത്തിനായി ഹെന്‍ഡ്രിക്‌സ് ഹാട്രിക് നേടി. അവസാന ക്വാര്‍ട്ടറില്‍ മൂന്ന് ഗോളുകളുമായി മത്സരം ഇന്ത്യയില്‍ ബെല്‍ജിയം തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ മെഡല്‍ സാധ്യത അവസാനിച്ചിട്ടില്ല. വെങ്കല മെഡല്‍ വിജയികളെ നിശ്ചയിക്കുന്ന ലൂസേഴ്‌സ് ഫൈനല്‍ ഇന്ത്യന്‍ ടീമിന് അവശേഷിക്കുന്നുണ്ട്.
മോശം പ്രകടനം; ഒളിംപിക്‌സ് ജാവലിൻ ത്രോയിൽ അന്നു റാണി ഫൈനലിലെത്താതെ പുറത്ത്
ടീം പൊരുതി, ജയവും തോല്‍വിയും ജീവിതത്തിന്‍റെ ഭാഗം; പുരുഷ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona