ബാഡ്‌മിന്‍റണില്‍ സിന്ധു സൗന്ദര്യം; തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സ് സെമിയില്‍
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് മറ്റൊരു ശുഭ വാര്‍ത്ത. ബാഡ്‌മിന്‍റണില്‍ പി വി സിന്ധു സെമിയില്‍.
ടോക്കിയോ: ഒളിംപിക്‌സ് ബാഡ്‌മിന്‍റണ്‍ വനിതകളില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ അകാനെ യമാഗുച്ചിയെ 21-13, 22-20 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചു. തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലാണ് സിന്ധു സെമിയില്‍ പ്രവേശിക്കുന്നത്. സെമി നാളെ ഉച്ചയ്‌ക്ക് ശേഷം നടക്കും. തായ് സു യിങ്-റച്ചാനോക് ഇന്‍റാനോണ്‍ മത്സര വിജയിയാണ് സിന്ധുവിന്‍റെ എതിരാളി.
രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ രണ്ടാം മെഡലുറപ്പിച്ചു. വനിതകളുടെ 69 കിലോ വിഭാഗം ബോക്‌സിംഗില്‍ ചൈനീസ് തായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍ പ്രവേശിച്ചു. 23കാരിയായ ലവ്‌ലിന അസം സ്വദേശിയാണ്. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടിയിരുന്നു.
വനിത ഹോക്കിയില്‍ ആശ്വാസം
അതേസമയം ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ജീവന്‍മരണ പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചു. അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് റാണി രാംപാലും സംഘവും തോല്‍പിച്ചത്. ഇന്ത്യയുടെ വിജയഗോള്‍ അവസാന ക്വാര്‍ട്ടറില്‍ 57-ാം മിനുറ്റില്‍ നവ്‌നീത് കൗറിലൂടെ പിറന്നു. ഇക്കുറി ഇന്ത്യന്‍ വനിതകളുടെ ആദ്യ ജയമാണിത്. നേരത്തെ നെതര്‍ലന്‍ഡ്‌സിനോടും ജര്‍മനിയോടും ബ്രിട്ടനോടും പരാജയപ്പെട്ടിരുന്നു. ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ടീമിനായി.
നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. നിലവില്‍ ഇന്ത്യ അഞ്ചാമതും അയര്‍ലന്‍ഡ് നാലാം സ്ഥാനത്തുമാണ്. നാളെ ഇന്ത്യ ജയിക്കുകയും ബ്രിട്ടനോട് അയര്‍ലന്‍ഡ് തോൽക്കുകയും ചെയ്‌താൽ ഇന്ത്യക്ക് ക്വാര്‍ട്ടറിലെത്താം.
വീണ്ടും ഉന്നംപിഴച്ച് ഷൂട്ടിംഗ്
ഷൂട്ടിംഗിൽ ഇന്ത്യക്ക് വീണ്ടും നിരാശയുടെ ദിനമാണിത്. 25 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യൻ പ്രതീക്ഷയായ മനു ഭാക്കറും രാഹി സർണോബത്തും യോഗ്യതാ റൗണ്ടിൽ മടങ്ങി. മെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന മനു 11-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അതേസമയം 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്ലെ ദേശീയ റെക്കോർഡ് തിരുത്തി. 8:18.12 മിനുറ്റിൽ ഫിനിഷ് ചെയ്ത അവിനാഷ് സ്വന്തം റെക്കോർഡാണ് മറികടന്നത്. എന്നാല്‍ ഏഴാമതായേ അവിനാഷിന് ഫിനിഷ് ചെയ്യാനായുള്ളൂ.
ദീപിക കുമാരിക്കും മടക്കം
ഒളിംപിക്‌സില്‍ വനിതകളുടെ അമ്പെയ്‌ത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ഇന്ത്യയുടെ ദീപിക കുമാരി പുറത്തായി. ക്വാര്‍ട്ടറില്‍ തെക്കന്‍ കൊറിയയുടെ ആന്‍ സാനിനോട് തോറ്റു. ടോക്കിയോയില്‍ രണ്ട് സ്വര്‍ണം നേടിയ താരമാണ് സാന്‍. അമ്പെയ്‌ത്തില്‍ അതാനു ദാസിന്‍റെ മത്സരം മാത്രമാണ് ഇനി ഇന്ത്യന്‍ താരങ്ങളില്‍ അവശേഷിക്കുന്നത്. അതാനുവിന്‍റെ മത്സരങ്ങള്‍ നാളെ പൂര്‍ത്തിയാകും.