താലിബാനെ പേടിച്ച് പലായനം, എത്തിനില്‍ക്കുന്നത് ഒളിംപിക്‌സില്‍; ലോകത്തെ പ്രചോദിപ്പിച്ച് സൈക്ലിംഗ് താരം മസൂമ
ആഭ്യന്തരയുദ്ധം രൂക്ഷമായ അഫ്ഗാനിസ്‌താനിൽ നിന്ന് രണ്ട് വയസ് തികയും മുമ്പ് ആദ്യ പലായനം. താലിബാൻ ഭീകരരെ പേടിച്ചായിരുന്നു ഇത്.
ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ 24 പേർ അണിനിരന്ന വനിതാ സൈക്ലിംഗിൽ ഏറ്റവും ഒടുവിൽ എത്തിയത് മസൂമ അലി സാദയാണ്. എന്നാൽ ഈ തോൽവിയിൽ മസൂമയ്‌ക്ക് ഒട്ടും നിരാശയില്ലെന്ന് മാത്രമല്ല, അഭിമാനം ഏറെയുമാണ്. കാരണം അറിഞ്ഞാല്‍ മസൂമയ്‌ക്ക് ഏവരും കയ്യടിച്ചുപോകും.
ജീവിതത്തില്‍ ഏറെ പലായനങ്ങള്‍ കണ്ട ജീവിതമാണ് മസൂമ അലി സാദയുടേത്. ആഭ്യന്തരയുദ്ധം രൂക്ഷമായ അഫ്ഗാനിസ്‌താനിൽ നിന്ന് രണ്ട് വയസ് തികയും മുമ്പ് ആദ്യ പലായനം. താലിബാൻ ഭീകരരെ പേടിച്ചായിരുന്നു ഇത്. ജൻമനാട്ടിലേക്ക് തിരിച്ചെത്തിയത് ഒൻപത് വർഷത്തിന് ശേഷം. സ്വാതന്ത്ര്യം സ്വപ്‌നം മാത്രമായിരുന്നു ആ നാളുകളില്‍. എന്തിനുമേതിനും നിയന്ത്രണം. സൈക്കിൾ ഓടിക്കാൻ പോലും അനുവാദമില്ലാത്തത്ര ചട്ടക്കൂടുകള്‍.
എന്നാൽ സൈക്ലിംഗ് താരമാവണമെന്നായിരുന്നു മസൂമയുടെ ആഗ്രഹം. ഭീകരർ അറിഞ്ഞാൽ വധശിക്ഷയേക്കാൾ കുറഞ്ഞൊരു ശിക്ഷയും കിട്ടില്ലെന്നറിഞ്ഞിട്ടും അച്ഛനും അമ്മയും മസൂമയെ വിലക്കിയില്ല. അതീവരഹസ്യമായി പരിശീലനം നടത്തി. കഠിന പ്രയത്നത്തിലൂടെ മസൂമ ദേശീയ ടീമിലെത്തി. ഇതോടെ മസൂമ വാർത്തകളിൽ നിറഞ്ഞു. താലിബാന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ നാടുവിടുകയല്ലാതെ മറ്റൊരു വഴിയും ഇല്ലായിരുന്നു. ഇതോടെ ജീവിതത്തില്‍ അതിജീവനത്തിന്‍റെ മറ്റൊരു പലായനം ആരംഭിച്ചു. ഇത്തവണ ഫ്രാൻസിലേക്കായിരുന്നു യാത്ര.
അഞ്ച് വർഷം മുൻപ് പാരീസിലെത്തിയ മസൂമ തന്റെ സൈക്ലിംഗ് മോഹം മുറുകെപ്പിടിച്ചു. സ്വപ്‌നസമാനമായ ഒളിംപിക്‌സ് യോഗ്യത പിന്നാലെ ഇരുപത്തിനാലുകാരിയെ തേടിയെത്തി. ടോക്കിയോയിൽ പിന്നിലായെങ്കിലും മസൂമ തലയുയർത്തിയാണ് മടങ്ങുന്നത്. ലോകത്തെ എല്ലാ അഭയാർഥികളെയും പലവിധ വിലക്കുകൾ നേരിടുന്ന സ്‌ത്രീകളെയും പ്രതിനിധീകരിച്ചാണ് താൻ ഒളിംപിക്‌സിൽ പങ്കെടുത്തതെന്നും പ്രത്യാശയുടേയും സമാധാനത്തിന്റേയും സന്ദേശം നൽകാൻ തന്റെ പോരാട്ടത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും മസൂമ അലി സാദ പറയുന്നു.
പുരുഷ ബോക്‌സിംഗില്‍ പ്രതീക്ഷ നല്‍കി സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍; മെഡല്‍ ഒരു ജയമകലെ
ആരാണീ കുഞ്ഞു മീരാബായി ചനു; അനുകരണ വീഡിയോയിലെ മൂന്ന് വയസുകാരി ഇവിടുണ്ട്
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona