ഒളിംപിക്‌സ്: 'താരങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കണം', കായിക മന്ത്രാലയത്തിന് മോദിയുടെ നിര്‍ദേശം
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ജപ്പാൻ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രോട്ടോകോൾ പാലിച്ച് ഒളിംപിക്സിന് എത്താനുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അറിയിച്ചു.
ടോക്യോ: ഒളിംപിക്‌സിന് ഒരുങ്ങുന്ന താരങ്ങൾക്ക് എല്ലാ പിന്തുണയും നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കായിക മന്ത്രാലയത്തിന് നിർദേശം നൽകി. താരങ്ങൾക്കും പരിശീലകർക്കും വാക്സിനേഷൻ പുരോഗമിക്കുകയാണ്.
ഒളിംപിക് മെഡൽ എന്ന സ്വപ്നവുമായി കഠിനപരിശീലനത്തിലാണ് ഇന്ത്യൻ താരങ്ങൾ. കഴിഞ്ഞ വർഷം നടക്കേണ്ട ഒളിംപിക്സ് നീട്ടിവച്ചെങ്കിലും പരിശീലനത്തിന് മുടക്കമില്ല. സൗകര്യങ്ങളിൽ ഒരു കുറവും വരുത്താതെ പിന്തുണയുമായി കേന്ദ്ര കായിക മന്ത്രാലയമുണ്ട്. പ്രധാനമന്ത്രിയുടെ നിർദേശം അനുസരിച്ച് തുടക്കക്കാർ, മുതിർന്നവർ എന്ന വ്യത്യാസമില്ലാതെ എല്ലാ താരങ്ങൾക്കും പിന്തുണ ഉറപ്പാക്കുമെന്ന് കായിക മന്ത്രി കിരൻ റിജിജു പറഞ്ഞു. ഇതുവരെയുള്ള പിന്തുണയ്ക്ക് താരങ്ങൾ നന്ദി അറിയിച്ചു.
ഇന്ത്യൻ സംഘത്തിലെ താരങ്ങൾക്കും പരിശീലകർക്കും വാക്സിനേഷൻ പുരോഗമിക്കുകയാണ്. 19 പേർ രണ്ട് ഡോസും സ്വീകരിച്ചു. 144 താരങ്ങൾ ആദ്യ ഡോസ് സ്വീകരിച്ചു. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ജപ്പാൻ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രോട്ടോകോൾ പാലിച്ച് ഒളിംപിക്സിന് എത്താനുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അറിയിച്ചു. ഇതേസമയം, കൊവിഡ് വ്യാപനത്തിനിടെയും ഒളിംപിക്സ് മുൻനിശ്ചയിച്ചപ്രകാരം നടക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി. ജൂലൈ 23നാണ് ഒളിംപിക്സിന് തുടക്കമാവുക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona