ഒളിംപിക്‌സില്‍ ഫുട്ബോള്‍ ആരവം; പുരുഷ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്; ബ്രസീല്‍-ജര്‍മനി സൂപ്പര്‍പോരാട്ടം വൈകിട്ട്
ഒളിംപിക്‌സിൽ ഫുട്ബോൾ അത്ര ഗ്ലാമര്‍ ഇനമല്ലെങ്കിലും യൂറോ കപ്പിന്റെയും കോപ്പ അമേരിക്കയുടേയും ആരവം അടങ്ങും മുൻപ് പന്തുരുളുന്നതിനാൽ ഇത്തവണത്തെ മത്സരങ്ങൾക്ക് പതിവിലേറെ ആവേശമുണ്ട്
ടോക്യോ: ടോക്യോ ഒളിംപിക്‌സിലെ പുരുഷ ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. വമ്പന്‍ ടീമുകളായ അര്‍ജന്റീനയും ബ്രസീലും ജർമനിയും സ്‌പെയ്‌നുമെല്ലാം ആദ്യ റൗണ്ട് പോരാട്ടത്തിനായി കളത്തിലിറങ്ങും.
ഒളിംപിക്‌സിൽ ഫുട്ബോൾ അത്ര ഗ്ലാമര്‍ ഇനമല്ലെങ്കിലും യൂറോ കപ്പിന്റെയും കോപ്പ അമേരിക്കയുടേയും ആരവം അടങ്ങും മുൻപ് പന്തുരുളുന്നതിനാൽ ഇത്തവണത്തെ മത്സരങ്ങൾക്ക് പതിവിലേറെ ആവേശമുണ്ട്. ഉച്ചയ്‌ക്ക് ഒരു മണിക്ക് സ്‌പെയ്‌ന്‍-ഈജിപ്‌ത് പോരാട്ടത്തോടെയാണ് കിക്കോഫ്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ബ്രസീലും ജര്‍മനിയും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന സൂപ്പര്‍ പോരാട്ടം അഞ്ച് മണിക്ക് നടക്കും. മുൻ ചാമ്പ്യന്മാരായ അര്‍ജന്‍റീന ഓസ്‌ട്രേലിയയോട് വൈകിട്ട് നാലിന് ഏറ്റുമുട്ടും.
നാല് ഗ്രൂപ്പുകളിലായി ആകെ 16 ടീമുകളാണ് വിശ്വ കായിക മാമാങ്കത്തിന്‍റെ വേദിയിലെ പുരുഷ ഫുട്ബോളില്‍ മാറ്റുരയ്‌ക്കുക. അണ്ടർ 23 താരങ്ങളാണ് ടീമുകൾക്കായി കളത്തിലിറങ്ങുന്നത്. മൂന്ന് സീനിയര്‍ താരങ്ങളെയും ടീമിൽ ഉൾപ്പെടുത്താം. ഡാനി ആൽവസും റിച്ചാലിസണും ഉൾപ്പടെയുള്ള ലോകോത്തര താരങ്ങളുമായാണ് സ്വര്‍ണ മെഡൽ നിലനിര്‍ത്താൻ ബ്രസീൽ വരുന്നത്. പെഡ്രി, ഉനായ് സിമോണ്‍, എറിക് ഗാര്‍സിയ, ഡാനി ഒൽമോ, ഒയാര്‍സബാൾ തുടങ്ങി യൂറോ കപ്പിൽ പന്തുതട്ടിയ ഒരുപിടി താരങ്ങളാണ് സ്‌പെയ്‌ന്‍റെ കരുത്ത്.
അഡോൾഫ് ഗൈച്ചും നെഹുവാൻ പരേസും മക്‌ലിസ്റ്ററും അടങ്ങുന്ന അർജന്റീന ടീമും മോശമല്ല. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനും ഒളിംപിക് മെഡൽ നേടാനുള്ള സംഘമുണ്ട്. ഓഗസ്റ്റ് ഏഴിനാണ് കലാശപ്പോരാട്ടം.
കൊവിഡ് ആശങ്കകള്‍ക്കിടെ ടോക്യോയില്‍ ഒളിംപിക്‌സിന് നാളെ തിരിതെളിയും. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്‌ക്കാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാവുക. 11090 അത്‍ലറ്റുകൾ ഒറ്റലക്ഷ്യത്തിനായി ഇറങ്ങുമ്പോള്‍ ടോക്യോ ലോകത്തോളം വലുതാവും. കൊവിഡ് മഹാമാരി അവസാനിക്കാത്തതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് വിശ്വ കായിക മേള സംഘടിപ്പിക്കുന്നത്. ലോകത്തെ വിസ്‌മയിപ്പിക്കുന്ന പതിവ് ഉദ്ഘാടന ചടങ്ങുകൾ അതിനാല്‍ ഇത്തവണയില്ല. കാണികളെ പൂര്‍ണമായും ഒഴിവാക്കിയാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്.
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona