പ്രകടനം പ്രതീക്ഷ നല്‍കുന്നത്, കമൽപ്രീത് ഇന്ത്യക്ക് സര്‍പ്രൈസ് നൽകും; കോച്ച് ഏഷ്യാനെറ്റ് ന്യൂസിനോട്
ടോക്കിയോയിൽ ചരിത്രനേട്ടത്തിനരികെയാണ് കമൽപ്രീത് കൗർ. ഒളിംപിക്‌സ് അത്‍ലറ്റിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടമാണ് ഇരുപത്തിയഞ്ചുകാരിയായ കമൽപ്രീതിനെ കാത്തിരിക്കുന്നത്.
ടോക്കിയോ: ഒളിംപിക്‌സ് ഡിസ്‌കസ് ത്രോയില്‍ കമൽപ്രീത് കൗര്‍ ഇന്ത്യക്ക് സര്‍പ്രൈസ് നൽകുമെന്ന് അത്‌ലറ്റിക്‌സ് ടീം മുഖ്യ പരിശീലകന്‍ രാധാകൃഷ്‌ണന്‍ നായര്‍. കമൽപ്രീതിന്‍റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. സമ്മര്‍ദമില്ലാതെ മത്സരിക്കാന്‍ സാഹചര്യം ഒരുക്കുമെന്നും ഫൈനല്‍ വരെ ഫോൺ മാറ്റിവയ്‌ക്കാന്‍ നിര്‍ദേശിച്ചെന്നും അദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ടോക്കിയോയിൽ ചരിത്രനേട്ടത്തിനരികെയാണ് കമൽപ്രീത് കൗർ. വനിതകളുടെ ഡിസ്‌കസ് ത്രോയിൽ മെഡൽ പ്രതീക്ഷകൾ സജീവമാക്കി കമൽപ്രീത് ഫൈനലിൽ കടന്നു. മുപ്പത്തിയൊന്നുപേർ മാറ്റുരച്ച യോഗ്യതാ റൗണ്ടിൽ 64 മീറ്റർ ദൂരത്തോടെ കമൽപ്രീത് കൗർ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം ഊഴത്തിലെ പ്രകടനത്തിലൂടെ ഫൈനലിലേക്ക് ഓട്ടോമാറ്റിക് യോഗ്യത നേടിയ രണ്ട് താരങ്ങളിൽ ഒരാളായി. തിങ്കളാഴ്‌ച വൈകിട്ട് നാലരയ്‌ക്കാണ് ഫൈനല്‍.
കഴിഞ്ഞ മാസം പട്യാലയിൽ കുറിച്ച 66.59 മീറ്ററിന്റെ ദേശീയ റെക്കോർഡ് പ്രകടനം ആവർത്തിച്ചാൽ ഒളിംപിക്‌സ് അത്‍ലറ്റിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടമാണ് ഇരുപത്തിയഞ്ചുകാരിയായ കമൽപ്രീതിനെ കാത്തിരിക്കുന്നത്. യോഗ്യതാറൗണ്ടിൽ കമൽപ്രീതിനെക്കാൾ ദൂരം കണ്ടെത്തിയത് അമേരിക്കയുടെ വലേറി ഓൾമാൻ (66.42 മീറ്റർ) മാത്രമേയുള്ളൂ.
ലണ്ടനിലും റിയോയിലും സ്വർണം നേടിയ ക്രൊയഷ്യയുടെ സാന്ദ്ര പെർകോവിച്ച് 63.75 മീറ്റർ ദൂരത്തോടെ ഫൈനലിലെത്തിയിട്ടുണ്ട്. 60. 57 മീറ്റർ ദൂരം കണ്ടെത്തിയ ഇന്ത്യയുടെ വെറ്ററൻതാരം സീമ പൂനിയയ്‌ക്ക് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.
പ്രതീക്ഷയോടെ പി വി സിന്ധുവും പൂജാ റാണിയും
ടോക്കിയോയില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷകളുടെ ദിനമാണിത്. ബാഡ്‌മിന്‍റണിൽ ഫൈനല്‍ തേടി പി വി സിന്ധു ഇന്നിറങ്ങും. സെമിയിൽ ലോക ഒന്നാം നമ്പര്‍ താരം തായി സു യിങ് ആണ് എതിരാളി. ഉച്ചകഴിഞ്ഞ് 3.20ന് മത്സരം തുടങ്ങും. അതേസമയം വനിതാ ബോക്‌സിംഗിൽ മെഡൽ ഉറപ്പിക്കാന്‍ ഇന്ത്യയുടെ പൂജാ റാണി ഇന്നിറങ്ങും. ഉച്ചകഴിഞ്ഞ് 3.36നാണ് ക്വാര്‍ട്ടര്‍ പോരാട്ടം. ചൈനയുടെ ലീ ഖിയാനാണ് എതിരാളി.
ലോംഗ് ജംപില്‍ മലയാളി താരം എം ശ്രീശങ്കര്‍ ഇന്ന് യോഗ്യതാ മത്സരത്തിനിറങ്ങും. സീസണിലെ മികച്ച പ്രകടനം പുറത്തെടുത്താൽ ശ്രീശങ്കറിന് ഫൈനലിലെത്താം. രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന യോഗ്യതാ മത്സരത്തിൽ മൂന്ന് അവസരം വീതം താരങ്ങള്‍ക്ക് ലഭിക്കും. യോഗ്യതാ മാര്‍ക്കായ 8.15 മീറ്റര്‍ ദൂരം മറികടക്കുന്നവര്‍ക്ക് ഫൈനലിലെത്താം. ഈ ദൂരം കണ്ടെത്തുന്നവര്‍ അധികം ഇല്ലെങ്കില്‍ ആദ്യ 12 സ്ഥാനങ്ങളിലെത്തുന്നവരാകും മെഡൽപ്പോരാട്ടത്തിലേക്ക് പോവുക.
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona