ആദ്യ സ്വര്‍ണത്തിനൊപ്പം കന്നി പറക്കലും; അച്ഛനമ്മമാരുടെ സ്വപ്‌നം സാക്ഷാല്‍കരിച്ച് നീരജ് ചോപ്ര- ചിത്രം വൈറല്‍

സ്വര്‍ണപ്പതക്കം കഴുത്തിലണിഞ്ഞ് ആ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഇന്ത്യയുടെ 'തങ്കമകന്‍'

Tokyo 2020 Gold Medalist Neeraj Chopra takes parents on their first flight

ദില്ലി: ഒളിംപിക്‌സില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വപ്‌നമായിരുന്നു അത്‌ലറ്റിക്‌സിലൊരു സ്വര്‍ണ മെഡല്‍. ടോക്കിയോ ഒളിംപിക്‌സിലെ ജാവലിന്‍ ത്രോ ഫൈനലില്‍ മത്സരിക്കുമ്പോള്‍ നീരജ് ചോപ്രയെന്ന 23കാരന്‍റെ മനസിലും ആ സ്വപ്‌നം വാനോളം പാറിപ്പറന്നു. എന്നാല്‍ അതിനൊപ്പം മറ്റൊരു സ്വപ്‌നം കൂടിയുണ്ടായിരുന്നു ടോക്കിയോയിലേക്ക് പറക്കും മുമ്പ് നീരജിന്. സ്വര്‍ണപ്പതക്കം കഴുത്തിലണിഞ്ഞ് ആ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഇന്ത്യയുടെ 'തങ്കമകന്‍'. 

വിമാനത്തിൽ കയറണമെന്ന അച്ഛനമ്മമാരുടെ സ്വപ്‌നമാണ് ഒളിംപ്യന്‍ നീരജ് ചോപ്ര സാക്ഷാത്‍കരിച്ചത്. 'എന്റെ ഒരു ചെറിയ സ്വപ്നം ഇന്ന് യാഥാർഥ്യമായി' എന്ന കുറിപ്പോടെ നീരജ് ചോപ്ര അച്ഛനും അമ്മയും തനിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. ചിത്രം ഏറെപ്പേര്‍ ഏറ്റെടുക്കുകയും ചെയ്‌തു. ഹരിയാനയിലെ പാനിപത്തിലുള്ള കർഷക കുടുംബത്തില്‍ ജനിച്ച നീരജ് ചോപ്രയുടെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ നേട്ടം അതിജീവനത്തിന്‍റെ വലിയ പോരാട്ടം കൂടിയാണ്. 

നീരജ് ഇന്ത്യയുടെ ഹീറോ

ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണത്തിലൂടെ സ്വന്തമാക്കിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്. 

ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളുവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. അവസാന മൂന്ന് റൗണ്ടിലെ നീരജിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തില്ല.

ടോക്കിയോ ഒളിംപിക്‌സിലെ സ്വർണമെഡൽ നേട്ടത്തില്‍ വലിയ സ്വീകരണമാണ് നീരജ് ചോപ്രയ്‌ക്ക് രാജ്യം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നീരജ് ഉള്‍പ്പടെയുള്ള അഭിമാന താരങ്ങളെ നേരില്‍ക്കണ്ട് പ്രശംസിച്ചു. കായിക ഇന്ത്യയില്‍ മാത്രമല്ല, പരസ്യ വിപണിയിലും ഇപ്പോള്‍ നീരജ് തന്നെയാണ് ഹീറോ. പരസ്യങ്ങളിൽ അഭിനയിക്കുന്നതിനുള്ള പ്രതിഫലം ആയിരം ശതമാനം വരെ നീരജ് വർധിപ്പിച്ചിരിക്കുകയാണ്. ടോക്കിയോ ഒളിംപിക്‌സിന് മുൻപ് വിവിധ ബ്രാൻഡുകൾ 15 മുതൽ 25 ലക്ഷം രൂപ വരെയാണ് നീരജിന് പ്രതിഫലമായി നൽകിയിരുന്നത്.  

അഭിമാനം, പരിശീലനമാണ് വിജയമന്ത്രം; രാജ്യത്തിന്‍റെ സ്‌നേഹത്തിന് നന്ദി, നീരജ് ചോപ്ര ഏഷ്യാനെറ്റ് ന്യൂസിനോട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios