ടോക്യോ ഒളിംപിക്‌സ്: ഇന്ത്യയുടെ ആദ്യ സംഘം 17ന് പുറപ്പെടും; പി വി സിന്ധുവിന് സമ്മര്‍ദമില്ലാതെ അങ്കം തുടങ്ങാം
താരങ്ങള്‍ക്ക് പരിശീലനത്തിനായി ഇളവുകള്‍ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒളിംപിക് സംഘാടക സമിതി അംഗീകരിച്ചിട്ടില്ല
ടോക്യോ: ജപ്പാനിലെ ടോക്യോ വേദിയാവുന്ന ഒളിംപിക്‌സിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ഈ മാസം 17ന് പുറപ്പെടും. ടോക്യോയിൽ എത്തിയാൽ മൂന്ന് ദിവസം ടീമംഗങ്ങള്‍ ക്വാറന്‍റീനിൽ കഴിയണം. ഈസമയം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമായി ഇടപഴുകാൻ പാടില്ല. ഈ നിബന്ധന കാരണം താരങ്ങളുടെ പരിശീലനം മുടങ്ങുമെന്നും ഇളവ് വേണമെന്നും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒളിംപിക് സംഘാടക സമിതി അംഗീകരിച്ചിട്ടില്ല.
മത്സരം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ഗെയിംസ് വില്ലേജിൽ നിന്ന് പുറത്തുപോകണമെന്ന നിബന്ധന മാറ്റണമെന്നും ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല.
സിന്ധുവിന് ടെന്‍ഷനില്ലാതെ തുടങ്ങാം
ടോക്യോ ഒളിംപിക്‌സ് ബാഡ്‌മിൻറണിൽ ഇന്ത്യൻ താരങ്ങളായ പി വി സിന്ധുവിനും ബി സായ് പ്രണീതിനും ആദ്യ റൗണ്ടിൽ താരതമ്യേന ദുർബലരായ എതിരാളികളെയാണ് ലഭിക്കുക. ആറാം സീഡായ സിന്ധു ഗ്രൂപ്പ് ജെയിൽ ഹോങ്കോംഗിന്‍റെ ച്യൂംഗ് ഗ്നാൻയിയെയും ഇസ്രായേൽ താരം സെനിയ പോളികാർപോവയെയും നേരിടും. ലോക റാങ്കിംഗിൽ മുപ്പത്തിനാലും അൻപത്തിയെട്ടും സ്ഥാനക്കാരാണ് നിലവിലെ വെള്ളി മെഡൽ ജേതാവായ സിന്ധുവിൻറെ എതിരാളികൾ.
സായ് പ്രണീത് നെതർലൻഡ്സിൻറെ മാർക് കാൽജോയെയും ഇസ്രായേലിന്‍റെ മിഷ സിൽബർമാനേയും നേരിടും. ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരാണ് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുക. ഇതേസമയം, പുരുഷ ഡബിൾസിൽ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന് ആദ്യ റൗണ്ടിൽ ശക്തമായ എതിരാളികളെയാണ് നേരിടേണ്ടത്. ഒന്നാം സീഡായ ഇന്തോനേഷ്യൻ താരങ്ങളെയും ലോക റാങ്കിംഗിലെ മൂന്നാം സ്ഥാനക്കാരായ ചൈനീസ് തായ്‌പേയ് ജോഡിയേയും ആദ്യ റൗണ്ടിൽ നേരിടണം.
ആരോഗ്യ അടിയന്തരാവസ്ഥ, കാണികളില്ലാതെ ഒളിംപിക്‌സ്
അതിതീവ്ര വ്യാപനശേഷിയുള്ള കൊവിഡിന്‍റെ ഡെല്‍റ്റ വകഭേദം പടരുന്ന സാഹചര്യത്തില്‍ ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥക്കിടയിലാണ് ഒളിംപിക്‌സ് മത്സരങ്ങള്‍ നടക്കുക. ജൂലെ 12 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കില്ലെന്ന് ഔദ്യോഗികമായി സംഘാടകര്‍ അറിയിച്ചു. ടോക്യോ നഗരത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നത് ആശങ്കയാണ്.
ടോക്യോയില്‍ ജൂലെ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിംപിക്‌സ് അരങ്ങേറുക. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിംപിക്‌സ് കൊവിഡ് മഹാമാരി കാരണം ഈ വര്‍ഷത്തേക്ക് നീട്ടിവയ്‌ക്കുകയായിരുന്നു.
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
ടോക്യോ ഒളിംപിക്സില്‍ കാണികള്‍ക്ക് പ്രവേശനമില്ല
കൊവിഡ് കാല ഒളിംപിക്‌സ്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജപ്പാന്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona