ടോക്കിയോയില്‍ ഇന്ത്യ തുടങ്ങി; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി, ചരിത്രനേട്ടം

സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും മികച്ച പ്രകടനമാണ് ചാനു പുറത്തെടുത്തത്. സ്‌നാച്ചില്‍ 87 കിലോ ഭാരമുയര്‍ത്തി. 

tokyo 2020 day 1 Chanu Saikhom Mirabai wins silver in Womens 49kg Weightlifting

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ മെഡല്‍ പട്ടിക തുറന്ന് ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി നേടി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം ചാനു പുറത്തെടുത്തു. 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. ഒളിംപി‌ക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു. 

ഭാരോദ്വഹനത്തിൽ രാജ്യത്തിന് ആദ്യ വെള്ളി 

ഭാരോദ്വഹനത്തിൽ കര്‍ണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെ‍ഡല്‍ ലഭിക്കുന്നത് ഇതാദ്യം. ഈ ഇനത്തില്‍ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. 2000ല്‍ സിഡ്‌നിയില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു. 

ഭാരോദ്വഹന വേദിയിൽ നിന്ന് ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നതായി ഒളിംപിക് മെഡൽ ജേതാവ് കര്‍ണം മല്ലേശ്വരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കായി ഇന്ന് മത്സരിക്കുന്ന മീരാബായ് ചാനു മികച്ച താരമാണ്. ഇന്ത്യൻ സംഘത്തിൽ വനിതാ പ്രാതിനിധ്യം കൂടുന്നതിൽ അഭിമാനമുണ്ടെന്നും സിഡ്നി ഒളിംപിക്‌സിൽ ഭാരോദ്വഹനത്തിൽ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അമ്പെയ്‌ത്തില്‍ തോല്‍വി

അമ്പെയ്‌ത്തിലെ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ തെക്കന്‍ കൊറിയയോട് തോറ്റു. ഇന്ത്യക്കായി ദീപിക കുമാരിയും പ്രവീണ്‍ ജാദവുമാണ് മത്സരിച്ചത്. അതേസമയം ഒളിംപിക്‌സ് ബാഡ്‌മിന്‍ണ്‍ സിംഗിളില്‍ സായ് പ്രണീത് തോറ്റു. ഇസ്രയേലി താരത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍വി. 

Latest Videos
Follow Us:
Download App:
  • android
  • ios